വാഷിങ്ടൺ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇലോൺ മസ്കിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.
എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മസ്കിന് ട്രംപിൻറെ ഭീഷണി . 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികളെ മസ്ക് പിന്തുണയ്ക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് ട്രംപിൻറെ പ്രതികരണം.
യാതൊരു ഒത്തുതീർപ്പിനും തനിക്ക് താൽപര്യമില്ലെന്നും അഭിമുഖത്തിനിടെ ട്രംപ് പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചത്. മസ്കുമായി സംസാരിക്കാൻ താൽപര്യമില്ല. മറ്റ് കാര്യങ്ങൾ ചെയ്യുന്നതിൽ തിരക്കിലാണെന്നും ട്രംപ് പറഞ്ഞു.
സർക്കാറിൻ്റെ നികുതി ഇളവുകൾ റദ്ദാക്കുന്ന കോസ്റ്റ് ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ഉറ്റസുഹൃത്തുമായി ട്രംപ് ഉടക്കിപ്പിരിഞ്ഞത്.
‘വൺ ബിഗ് ബ്യൂട്ടിഫുൾ’ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്ക് രൂക്ഷ ഭാഷയിൽ വിമർശിച്ചു . ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്നാണ് മസ്ക് വിളിച്ചത്.