കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലിനുണ്ടായ അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.
ദേവ കമ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. മലയാംപടി എസ് വളവിൽ വെച്ചാണ് ബസ് മറിഞ്ഞത്.
അപകട സമയത്ത് ബസിൽ 14 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഒമ്പതു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.