വാഷിങ്ടണ്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ചിലെ ഗോള്‍ഫ് ക്ലബിലാണ് ട്രംപിന് നേരെ വെടിവയ്പ്പുണ്ടായത്. ആക്രമണ സമയത്ത് ട്രംപ് ഗോള്‍ഫ് കളിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് .
ഡൊണാള്‍ഡ് ട്രംപിന്റെ മകന് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്സില്‍ ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് കുറിപ്പ് പങ്കിട്ടു. അതേസമയം ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗത്തിന്റെ മേധാവി സ്റ്റീവന്‍ ചങ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്.
ട്രംപിന്റെ സുരക്ഷ സജ്ജീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്സ് പാതി അടച്ചിരുന്നു. പുറത്ത് മറഞ്ഞിരുന്ന പ്രതി തോക്കുപയോഗിച്ച് ഒന്നിലധികം തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതിക്കുനേരെ വെടിയുതിര്‍ത്തെങ്കിലും ഇയാള്‍ വാഹനത്തില്‍ കയറി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.