കാസർകോട് : എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിത കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ അമ്മമാര്‍ക്ക് വേണ്ടി വനിത കമ്മിഷന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ചര്‍ച്ചയില്‍ ഉരിത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കുക.ദുരിത ബാധിത മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ദുരിതബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന അമ്മമാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള ചര്‍ച്ചയാണ് പബ്ലിക് ഹിയറിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മുതലാണ് സംസ്ഥാന വനിത കമ്മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക വിഷയങ്ങള്‍ മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടത്തിവരുന്നത്. തൊഴിലിടങ്ങളിലെയും സാമൂഹ്യ ജിവിതങ്ങളിലെയും എല്ലാം വിഷയങ്ങള്‍ പ്രത്യേകം പബ്ലിക് ഹിയറിങ്ങുകളായി തെരഞ്ഞെടുത്ത് പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.