കൊച്ചി: വയനാട്ടിലെ മേപ്പാടിയിൽ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥനയോടെ വരാപ്പുഴ അതിരൂപ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം നേർന്ന ആർച്ച്ബിഷപ്പ്, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഏവരെയും ആഹ്വാനം ചെയ്തു. ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് രൂപതയുടെ മുൻമെത്രാൻ കൂടിയായിരുന്നു അദ്ദേഹം.
ദുരന്തത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളും കോഴിക്കോട് രൂപതയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തങ്ങളാൽ ആവുംവിധമുള്ള പിന്തുണ നൽകാൻ കേരള സമൂഹത്തോട് ആർച്ച്ബിഷപ്പ് അഭ്യർത്ഥിച്ചു.
പരിക്കേറ്റവരുടെ ചികിത്സയും ദുരിതാശ്വാസ ക്യാമ്പിൽ ആയിരിക്കുന്നവരുടെ അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളും ഫലവത്തായി മുന്നോട്ടുകൊണ്ടുപോകാൻ പ്രാദേശിക ഭരണ സംവിധാനങ്ങളുമായി എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണം.
ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ദുരന്തബാധിതർക്ക് പൂർണ്ണമായും ആശ്വാസമേകാൻ കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.