ന്യുഡൽഹി:ഡൽഹിയിലെ റാവൂസ് എന്ന സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളിയുൾപ്പടെ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ നഗരത്തിലെ കോച്ചിങ് സെന്ററുകൾ പൂട്ടിച്ചു.
കോച്ചിങ് സെന്ററുകളിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പരിശോധന നടത്തി. ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന 13 കോച്ചിംഗ് സെന്ററുകളാണ് പൂട്ടിച്ചത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി.
അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. ലൈബ്രറിയിൽ വന്ന വിദ്യാർഥികളാണ് ഇന്നലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. റാവൂസ് സ്റ്റഡി സർക്കിളിൽ ലൈബ്രറി പ്രവർത്തിച്ചത് ബേസ്മെന്റിലായിരുന്നു. എന്നാൽ ബേസ്മെന്റിൽ പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമാണ് അനുമതിയുള്ളത്.
ഇക്കാര്യം വ്യക്തമാക്കുന്ന കെട്ടിടത്തിന്റെ ഫയർസേഫ്റ്റി സർട്ടിഫിക്കറ്റ് പുറത്ത് വന്നു.അപകടത്തില്‍ എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങുകയായിരുന്നു. വെള്ളം കയറുമ്പോൾ 40 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.