ജോബി ബേബി, കുവൈത്ത് jobybaby1989@gmail.com
ഗള്‍ഫ് നാടുകളെ സംബന്ധിച്ച് ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസം വളരെ ചൂട് കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സമയം സ്കൂളുകള്‍ അവധിയിലായിരിക്കുകയും കുട്ടികള്‍ ആ മൂന്ന് മാസക്കാലം വീടിനുള്ളിലും ഫ്ലാറ്റുകളിലും ഒതുങ്ങികൂടുകയും ചെയ്യുന്ന സമയം. വളരെ കുറച്ചു പേര് മാത്രമേ കേരളത്തിലേക്ക് ആ സമയങ്ങളില്‍ പോകാറുള്ളൂ. കൂടുതല്‍ പേരും പ്രവാസ ലോകത്ത് തന്നെയാണ് അവരുടെ ഒഴിവുകാലം ആഘോഷിക്കുന്നത്.ഇത്തരത്തില്‍ പ്രവാസലോകത്ത് അവധി ആഘോഷിക്കുന്ന നമ്മുടെ കുട്ടികളുടെ സമയം എപ്രകാരം ഫലപ്രദമായി വിനയോഗിക്കാന്‍ നാം ശ്രദ്ധിക്കണം.
പാചകവും ശുചിത്വബോധവും
ഏതൊരാളും പഠിച്ചിരിക്കേണ്ട ഒരു കാര്യമാണ് പാചകം. കൂടാതെ ആ വ്യക്തിയില്‍ ശുചിത്വ ബോധവും ഉണ്ടാകണം. പാചകം ആരുടെയും ഉത്തരവാദിത്തമല്ല. സ്വന്തം ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണമുണ്ടാക്കാന്‍ എല്ലാവരും പഠിക്കണം. ഭാവിയില്‍ ഒറ്റക്ക് താമസിച്ച് പഠിക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ പാചക അറിവുകള്‍ ഉപകാരപ്പെടും. കൂടാതെ സ്വന്തം വീടും പരിസരവും മുറിയും വൃത്തിയാക്കി വെക്കാന്‍ പഠിക്കണം.ഇനിമുതല്‍ മുറി സ്വയം വൃത്തിയാക്കാന്‍ ശ്രമിച്ചുനോക്കൂ. പോരായ്മകള്‍ മുതിര്‍ന്നവരോട് പരിഹരിച്ചു നല്‍കാനും ആവശ്യപ്പെടാം. ആഴ്ചയിലൊരു ദിവസമെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ച് വീടും പരിസരവും വൃത്തിയാക്കുകയും വേണം.
പൂന്തോട്ടവും പച്ചക്കറിത്തോട്ടവും
ഈ അവധിക്കാലത്ത് സ്വന്തമായി ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കിയാലോ? ഉപയോഗശൂന്യമായ വലിയ പാത്രങ്ങളിലോ പ്ലാസ്റ്റിക് ബോട്ടിലുകളിലോ കുപ്പികളിലോ കവറുകളിലോ അല്ലെങ്കില്‍ നിലത്തോ ചെടികള്‍ വെച്ചുപിടിപ്പിക്കാം. വിത്തുകളും നടാനുള്ള കമ്പുകളും മുതിര്‍ന്നവരില്‍നിന്ന് സംഘടിപ്പിക്കാം. ആദ്യഘട്ടത്തില്‍ വലിയ കൃഷിയൊന്നും വേണ്ട, ചീരയോ വെണ്ടയോ തക്കാളിയോ നട്ടാല്‍ മതി. കൃഷി പാഠങ്ങള്‍ പഠിക്കുകയും ചെയ്യാം. ടെറസ് കൃഷിയും ഗ്രോബാഗ് കൃഷിയും പരീക്ഷിച്ചുനോക്കാവുന്നയാണ്. വിത്ത് നട്ടാല്‍ മാത്രം പോരാ, അവയുടെ പരിപാലനവും ഏറ്റെടുക്കണം. ദിവസവും വെള്ളമൊഴിക്കുകയും കളകള്‍ പറിച്ചുനീക്കുകയും വേണം.
ക്യാമ്പുകളില്‍ സജീവമാകാം
ക്യാമ്പുകളുടെ കാലംകൂടിയാണ് അവധിക്കാലം. സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനും നേതൃപാടവവും പഠന സന്നദ്ധതയുമെല്ലാം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പ്രവാസികളായ കുട്ടികളുടെ മലയാള ഭാഷാ പഠനത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ കീഴില്‍ മാതൃഭാഷാ പഠനവും ഈ കാലയളവുകളില്‍ സംഘടിപ്പിക്കാറുണ്ട്.കൂടാതെ വിവിധങ്ങളായ മത, ജില്ലാ സംഘടനകളുടെ നേതൃത്വത്തിലും കുട്ടികള്‍ക്കായി അവധിക്കാല പഠന ശിബിരങ്ങളും സംഘടിപ്പിക്കാറുണ്ട്.
കളികള്‍ പഠിക്കാം
കളികള്‍ വെറും മാനസിക ഉല്ലാസത്തിന് വേണ്ടിയുണ്ടതല്ല. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ബുദ്ധി- ആരോഗ്യം തുടങ്ങിയവ വളര്‍ത്താനും ഈ കളികള്‍ അനിവാര്യമാണ്. തൊട്ടടുത്ത ഗ്രൗണ്ടിലോ ടര്‍ഫിലോ രാവിലെയോ വൈകിട്ടോ സമയം ചെലവിടാം. കൂടാതെ കൂട്ടുകാരുടെ ഒരു സംഘത്തിനൊപ്പം വിവിധ കായിക ഗെയിമുകളിലേര്പ്പെടാം. മാത്രമല്ല, ചെസ് പോലുള്ള ഗെയിമുകള്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയിലും സ്വാധീനം ചെലുത്തും.
അറിവുനേടാം ഐ.ടിയില്‍
കൂട്ടുകാര്‍ എല്ലാവരും കമ്പ്യൂട്ടര്‍ ഒരു പാഠ്യവിഷയമായി തന്നെ പഠിക്കുന്നുണ്ടാകും. എന്നാല്‍ അതിനെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിച്ചാലോ? ഫോട്ടോ ഷോപ്പ്, വിഡിയോ എഡിറ്റിങ്, പെയിന്റ്, എക്സല്‍ തുടങ്ങിയവ പഠിക്കാന്‍ നോക്കാം. ഭാവിയില്‍ ഉപകാരപ്പെടുന്നവരയാണ് ഇതെല്ലാം. കൂടാതെ ഒരു യുട്യൂബ് ചാനല്‍ തുടങ്ങാനും മറ്റും ശ്രമിക്കാം. ഇതിലൂടെ ടെക്നോളജിയോടുള്ള ഇഷ്ടവും വര്‍ധിപ്പിക്കാം.എന്നാല്‍, ഒരുപാട് സമയം കമ്പ്യൂട്ടറിനും സ്മാര്‍ട്ട് ഫോണിനും മുമ്പില്‍ ചെലവഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
എഴുതി പഠിക്കാം
വായനയെപ്പോലെ തന്നെയാണ് എഴുത്തും. ഭാവനയും രചനാപാടവവും വളര്‍ത്താന്‍ ഏറെ സഹായിക്കുന്നതാണ് എഴുത്ത്. ഡയറി എഴുതി തുടങ്ങാം. പിന്നീട് നിങ്ങളുടെ ഭാവനയില്‍ വിരിയുന്ന എന്തും എഴുതി നോക്കാം. എന്തിനെക്കുറിച്ചും ആരെക്കുറിച്ചും സരസവും ലളിതവും ഹൃദ്യവുമായി എഴുതാന്‍ കഴിയും എങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു എഴുത്തുകാരനാവാം.
വായിച്ചുവളരാം
അറിവിന്റെ ഉറവിടമാണ് വായന. വായനാശീലം വളരുന്നതിനൊപ്പം നല്ല ശീലങ്ങളും വളരും.ഭാഷയെ കൂടുതല്‍ അടുത്തറിയാനും പുതിയ വാക്കുകള്‍ പഠിക്കാനും വായനയിലൂടെ കഴിയും. ഒപ്പം കൂടുതല്‍ ചിന്തിക്കാനും ഭാവന വളര്‍ത്താനും ഏകാഗ്രത, ശ്രദ്ധ തുടങ്ങിയവ വര്‍ധിപ്പിക്കാനും വായന സഹായിക്കും. ദിവസവും രാവിലെ പത്രത്തില്‍ തന്നെ വായന ആരംഭിക്കാം. പിന്നീട് ചെറുകഥകളിലേക്കോ, നോവലുകളിലേക്കോ, ലേഖനങ്ങളിലേക്കോ കടക്കാം.
നല്ല കൈയക്ഷരത്തിന് ഉടമായാകാം
എത്ര കൃത്യമായി ഉത്തരം എഴുതിയാലും ചിലപ്പോള്‍ മുഴുവന്‍ മാര്‍ക്കും കിട്ടാതെ വന്നിട്ടുണ്ടോ? ഒരുപക്ഷേ അതിനും കാരണം നല്ല കൈയക്ഷരമില്ലാത്തതാകാം. വായിക്കാനും വിലയിരുത്താനും അധ്യാപകര്‍ക്ക് കഴിയാത്തതും അതിനാലായിരിക്കും. അതിനാല്‍ വൃത്തിയിലും ഭംഗിയിലും എഴുതാന്‍ പഠിക്കാം.അക്ഷരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ പരിശീലനം നല്കുന്ന ക്ലാസുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും. ആറു വയസ്സു മുതല്‍ എത്ര വയസ്സുവരെയുള്ളവര്‍ക്കും ഇതിന് ശ്രമിക്കാം. ഒരു ദിവസം അരമണിക്കൂര്‍ മാത്രം ചിലവഴിച്ചാല്‍ മതിയാകും.
നിര്‍ബന്ധമായും നീന്തല്‍ പഠിക്കണം
ചെറുപ്പത്തില്‍ തന്നെ പഠിച്ചിരിക്കേണ്ട ഒന്നാണ് നീന്തല്‍. ഇതിനേക്കാള്‍ നല്ല മറ്റൊരു വ്യായാമമില്ലെന്ന് പറയാം. ശരീരത്തിനും ഹൃദത്തിനും നീന്തല്‍ നല്ലതാണ്.നീന്തല്‍ പക്ഷേ ഒരിക്കലും സ്വയം പഠിക്കാന്‍ ശ്രമിക്കരുത്. മുതിര്‍ന്നവരുടെ സഹായത്തോടെ മാത്രമേ നീന്തല്‍ പഠിക്കാവൂ. സ്വയ രക്ഷക്കും രസത്തിനും നീന്തല്‍ പഠനം ഉപകരിക്കും.
സംഗീതത്തെ കൂടെക്കൂട്ടാം
കീബോര്‍ഡ്, വയലിന്, ഗിറ്റാര്‍, തബല,ഫ്ളൂട്ട് തുടങ്ങി ഒട്ടേറെ സംഗീത ഉപകരണങ്ങളുണ്ടെന്ന് കൂട്ടുകാര്‍ക്ക് അറിയാം.എന്നാല്‍, ഇവയില്‍ ഏതെങ്കിലും പഠിച്ചെടുത്തുകൂടെ.പാട്ട് പാടാന്‍ എല്ലാവര്ക്കും കഴിയണമെന്നില്ല,എന്നാല്‍ സംഗീത ഉപകരണം പഠിക്കാന്‍ എപ്പോഴും ഏതു പ്രായത്തിലും സാധിക്കും. കൂട്ടുകാരുടെ മുന്നില്‍ ഒന്ന് തിളങ്ങാനും ഇതുവഴി സാധിക്കും. സംഗീത ഉപകരണം പഠിക്കുന്നതിലൂടെ മറ്റു പല ഗുണങ്ങളും കിട്ടുകയും ചെയ്യും. ഓര്‍മ്മശക്തി,സര്ഗാനത്മകത തുടങ്ങിയവ ഇതിലൂടെ വര്‍ധിപ്പിക്കാന്‍ സാധിക്കും. കൂടാതെ പ്രശ്ന പരിഹാരം,ക്രിയാത്മക ചിന്ത,വൈകാരിക പ്രകടനം തുടങ്ങിയവയില്‍ പോസിറ്റീവ് മാറ്റം കൊണ്ടുവരാനും ഇതുവഴി സാധിക്കും.
സിംപിളായി ഭാഷ പഠിക്കാം
മനുഷ്യരുടെ പ്രധാന ആശയ വിനിമയ ഉപാധിയാണ് ഭാഷകള്‍. ലോകത്ത് 7000ത്തില്‍ അധികം ഭാഷകളുണ്ടെന്നാണ് കണക്കുകള്‍. ഇത്രയും ഭാഷ പഠിച്ചെടുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍, നമ്മുടെ രാജ്യത്തിനകത്തും പുറത്തും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷകള്‍ അനായാസം പഠിച്ചെടുക്കാന്‍ സാധിക്കും. ലോകത്തിന്റെ ഏതു കോണില്‍ പോയാലും പിടിച്ചുനില്ക്കാന് ഈ ഭാഷകള്‍ ഉപകരിക്കുകയും ചെയ്യും.മാതൃഭാഷക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും തമിഴും അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാം. കൂടാതെ ഫ്രഞ്ച്, ചൈനീസ്,ജര്‍മ്മന്‍ തുടങ്ങിയ വിദേശ ഭാഷകളും പഠിക്കാം.ഈ ഭാഷകളൊന്നും പഠിക്കാന്‍ ഇപ്പോള്‍ പ്രത്യേകം ക്ലാസുകളിലൊന്നും പോകേണ്ട ആവശ്യമില്ല. യുട്യൂബ് വിഡിയോകളും ഓണ്‍ലൈന്‍ ക്ലാസുകളും കണ്ട് പഠിക്കാം. കൂടാതെ മറ്റ് ഭാഷകള്‍ സംസാരിക്കുന്ന വീട്ടിലെ മുതിര്‍ന്നവ?രില്നിന്നോ കൂട്ടുകാരില്‍നിന്നോ പഠിക്കാം. കൂടാതെ മാതൃഭാഷയും ഇംഗ്ലീഷും ഹിന്ദിയും എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കണം.
ചെറിയ ഉത്തരവാദിത്വങ്ങള്‍
കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് കേള്‍ക്കുന്ന പ്രോത്സാഹന വാക്കുകള്‍, നല്ല കാര്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രചോദനമാകുന്നു. കൂടെ നിറുത്തി പരിശീലിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് കിട്ടുന്ന സമയം അവധിക്കാലമാണ്. പ്രായത്തിനനുസരിച്ചുള്ള ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കുന്നതും പ്രവര്‍ത്തിക്കാന്‍ കൂടെ നിന്ന് പ്രചോദിപ്പിക്കുന്നതും ഭാവിയില്‍ ഉത്തരവാദിത്വബോധമുള്ളവരാകുവാനുള്ള അടിസ്ഥാനമാണ് പാകുന്നത്. അവധിക്കാലത്ത് വീട്ടിലെ കാര്യങ്ങളില്‍ കുട്ടികള്‍ ചെയ്യേണ്ടതും ചെയ്യാന്‍ സാധിക്കുന്നവയും ഏവരെ ഏല്പിക്കണം.പ്രവര്‍ത്തി പരിചയം അവരെ ആത്മവിശ്വാസത്തിലേക്കും നേതൃത്വഗുണങ്ങളിലേക്കും മറ്റുള്ളവരോടുള്ള പരിഗണനയിലേക്കും വളര്‍ത്തുന്നു.
കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതു പോലെ തന്നെ അവധിക്കാലം കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നും പല പുതിയ കാര്യങ്ങളും പഠിച്ചെടുക്കുകയും കുട്ടികളെ കൂടുതല്‍ അടുത്ത് അറിയുകയും അവധിക്കാലം ആസ്വാദിച്ച ഓര്‍മ്മകള്‍ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്യുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹം വളരുന്നു.
(ലേഖകൻ കുവൈത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ നഴ്സായി ജോലി നോക്കുന്നു.)