തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
50ാം വാർഷികത്തിന്റെ ഭാഗമായി ഫിഫ്റ്റി ഫിഫ്റ്റി പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്ലെറ്റ്കളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സപ്ലൈകോ ഹാപ്പി ഹവേഴ്സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടുകൾ തുറക്കും. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക.
അമ്പത് ദിവസത്തേക്ക് ഹാപ്പി ഹവേഴ്സ് ഫ്ലാഷ് സെയിൽ പദ്ധതി പ്രകാരം ഉച്ചക്ക് രണ്ടു മുതൽ മൂന്നു വരെ ഒരു മണിക്കൂർ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്ന് പത്ത് ശതമാനം കുറവ് നൽകുന്ന പദ്ധതിയാണിത്.