ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ നടക്കും. ആകാംഷയുടെ മണിക്കൂറുകളിൽ എൻഡിഎയും ഇന്ത്യ സഖ്യവും വലിയ വിജയപ്രതീക്ഷയിലാണ് . പുറത്ത് വന്ന എക്സിറ്റ് ഫലങ്ങൾ എൻ ഡി എയ്ക്ക് തുടർഭരണം പ്രഖ്യാപിക്കുന്നുവെങ്കിലും ഇന്ത്യ മുന്നണി അതെല്ലാം തള്ളിയിരിക്കുകയാണ് . എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായി തള്ളിയ ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടുമെന്നും അവകാശപ്പെടുന്നു.
രണ്ടരമാസത്തോളം നീണ്ട വോട്ടിങ് പ്രക്രീയയ്ക്കൊടുവിൽ അടുത്ത അഞ്ചുവർഷം ഇന്ത്യ ആര് ഭരിക്കും. 400 സീറ്റ് നേടുമെന്ന് പറഞ്ഞ മോദിയോ 295 പറഞ്ഞ ഇന്ത്യ സഖ്യമോ. മൂന്നാംമൂഴം പ്രതീക്ഷിച്ചിറങ്ങുന്ന നരേന്ദ്രേമോദിയും ബിജെപിയും പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയും വിജയപ്രതീക്ഷയിലാണ്.
നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. ശേഷം തപാൽവോട്ടുകൾ എണ്ണും. എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പോസ്റ്റൽ, ഇവിഎം. വോട്ടെണ്ണൽ പൂർത്തീകരിച്ചശേഷം മാത്രമാണ് ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക.