തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ തിരുവനന്തപുരത്തെത്തും . രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നൽകും . നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കൂറ്റന്‍ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് പറഞ്ഞു.
തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.