കൊല്ലം: തിരുവിതാംകൂർ മഹാരാജാവിന്റെ അഭ്യർത്ഥനപ്രകാരം സ്വിറ്റ്സർലൻഡിൽ നിന്ന് സന്യാസിനിമാരെ കേരളത്തിലെത്തിച്ച് ആശുപത്രികളിൽ നഴ്സിംഗ് പരിചരണത്തിന് തുടക്കമിട്ട ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ വളർച്ചയ്ക്ക് അടിത്തറയെന്ന് കൊല്ലം രൂപതാധ്യക്ഷൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
ബിഷപ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ തോപ്പ്, പോർട്ട് കൊല്ലം, മൂതാക്കര, വാടി ഇടവകകളിലെ ജനങ്ങൾക്കായി പോർട്ട് കൊല്ലം പാരിഷ് ഹാളിൽ സംഘടിപ്പിച്ച മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ വിഷരഹിത പച്ചക്കറികളുടെ കൃഷി പ്രോത്സാഹിപ്പിക്കാനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ജലം അമൂല്യമായി സംരക്ഷിക്കാനും ജനങ്ങൾ മുന്നോട്ടുവരണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. ലൗദാത്തോസി ഭൂമിക്കൊരു കുട പദ്ധതിയിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രൂപതയുടെ 700-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലക്ഷ്യമിട്ട 700 സൗജന്യ ഡയാലിസിസ് രോഗികളുടെ എണ്ണം ഇപ്പോൾ 1,564 ആയി ഉയർന്നതായി ബിഷപ് ചൂണ്ടിക്കാട്ടി. ജാതിമത വ്യത്യാസമില്ലാതെ നിരവധി പേർക്ക് ചികിത്സാച്ചെലവിൽ ഇളവ് നൽകാൻ ബിഷപ് ബെൻസിഗർ ആശുപത്രിക്കു കഴിഞ്ഞിട്ടുണ്ട്. ആശുപത്രിയുടെ നിർമാണത്തിലൂടെ ജെറോം പിതാവ് കണ്ട സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. പോർട്ട് കൊല്ലം ഇടവക വികാരി ഫാ. മനോജ് ആന്റണി, കൊല്ലം കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസി ബൈജു, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി എന്നിവർ പ്രസംഗിച്ചു. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സൗജന്യ ഡയാലിസിസിനുള്ള പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു.രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ്. സേവ്യർ വലിയവീട്, ആശുപത്രി സൂപ്രണ്ട് സിസ്റ്റർ സിർള മേരി, ബ്ലഡ് ബാങ്ക് കോർഡിനേറ്റർ സിസ്റ്റർ ഫെർഡിന മേരി, പ്രോഗ്രാം കോർഡിനേറ്റർ സാബു ബെനഡിക്റ്റ്, ജിപ്സൻ, ജിഷ, ജോറിസ്, സുമിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. അനിൽ വിജയകുമാർ, ഡോ. വിനോദ് ജോർജ് ഫിലിപ്പ്, ഡോ. ജെറിൽ ഡിസിൽവ, ഡോ. ആർഷ എം. ജസ്റ്റിൻ എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.ഫോട്ടോ അടിക്കുറിപ്പ്: ബിഷപ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ പോർട്ട് കൊല്ലം പാരിഷ് ഹാളിൽ സംഘടിപ്പിച്ച മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് കൊല്ലം രൂപതാധ്യക്ഷൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

