പനാജി: പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് ഗോവ സര്‍ക്കാര്‍ പിന്മാറി. മന്ത്രിസഭ ബില്ലിന് അംഗീകാരം നല്കി ദിവസങ്ങള്‍ക്കുള്ളിലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.നിലവിലെ വര്‍ഷകാല നിയമസഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്ന ബില്‍ പിന്നീട് നടപടിക്രമങ്ങളില്‍നിന്ന് ഒഴിവാക്കി. ബില്ലിനെതിരെ കത്തോലിക്കാ സഭയും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ഭരണപക്ഷത്തെ ചില കത്തോലിക്കാ എംഎല്‍എമാരും ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഭരണപക്ഷത്തെ കത്തോലിക്കാ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്‍ നിലവിലെ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്.സമ്മര്‍ദ്ദം, സ്വാധീനം, സാമ്പത്തിക പ്രലോഭനം, വിവാഹം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുള്ള മതപരിവര്‍ത്തനം തടയുകയായിരുന്നു ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിയമത്തിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക വിവിധ വിഭാഗങ്ങള്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.ഗുരുതരമായ കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവും കുറഞ്ഞത് 50,000 രൂപ പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ബില്ലില്‍ നിര്‍ദേശിച്ചിരുന്നു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിവാഹങ്ങള്‍ നടത്തിക്കുന്ന പുരോഹിതര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ടായിരുന്നു.നിലവില്‍ ബില്‍ പിന്‍വലിച്ചെങ്കിലും നിയമനിര്‍മാണ ശ്രമം പൂര്‍ണമായും ഉപേക്ഷിച്ചോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. ഭേദഗതികളോടെ ഭാവിയില്‍ ബില്‍ വീണ്ടും അവതരിപ്പിക്കുമോയെന്നതും വ്യക്തമല്ല.സഭാ നേതൃത്വവും വിവിധ സംഘടനകളും ഉയര്‍ത്തിയ ശക്തമായ ആശങ്കകള്‍ക്കിടെയാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്. ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വരും ദിവസങ്ങളിലും ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.
Trending
- വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയം
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം

