മൈക്കിൾ ജാക്സൺ തന്റെ പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ പ്രധാനഗായകർക്കു വേണ്ടി കോറസ് പാടിയൊരു ആൽബമുണ്ട്. ഒരു ആൽബത്തിനോ സിനിമയ്ക്കോ വേണ്ടി നാല് വരി പാടിക്കഴിഞ്ഞാൽ മറ്റു ഗായകർക്കു വേണ്ടി കോറസ് പാടാൻ യുവഗായകർ മടിക്കുന്ന സംഗീതലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മൈക്കിൾ ജാക്സൺ മറ്റു ഗായകരോടൊപ്പം സംഘമായി പാടിയത് എത്യോപ്യയിലെ പട്ടിണി മാറ്റുന്നതിന് ധനസമാഹരണത്തിനായാണ്.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യ ഇന്ന് സാമ്പത്തികവളർച്ചയിൽ നേരിയ പുരോഗതി നേടിയിട്ടുണ്ടെങ്കിലും 1980-കളിൽ ലോകത്തിലെ അതിദരിദ്ര രാജ്യങ്ങളിൽ ഒന്നായിരുന്നു. പട്ടിണി മൂലം നൂറുകണക്കിനു കുട്ടികൾ പ്രതിദിനം മരിക്കുന്ന നാളുകൾ.
കുടിവെള്ളം ഇല്ലാത്ത ഗ്രാമങ്ങൾ. ലോകത്തിനു മുന്നിൽ എത്യോപ്യ സഹായത്തിനായി യാചിച്ച ദിനങ്ങൾ.
എത്യോപ്യയെ സഹായിക്കണമെന്ന് മൈക്കിൾ ജാക്സനോട് പറയുന്നത് സംഗീതജ്ഞനും സാമൂഹികപ്രവർത്തകനുമായ ഹാരി ബെലഫോന്റെയാണ്. നമുക്ക് ഒരു ആൽബം ഇറക്കി അതിന്റെ വരുമാനം മുഴുവൻ എത്യോപ്യയ്ക്കു നൽകാമെന്നും അവർ തീരുമാനിച്ചു. 1985 ജനുവരി 28 നു നടക്കുന്ന അമേരിക്കൻ മ്യൂസിക് അവാർഡ് വിതരണ സംഗമത്തിന് പ്രധാനപ്പെട്ട ഗായകർ എല്ലാവരും ഒരേ വേദിയിൽ വരുമെന്നും അതിനു ശേഷം റെക്കോർഡ് ചെയ്യാമെന്നും മൈക്കിൾ ജാക്സനും ഹാരിയും ധാരണയിലെത്തി. യു.എസ്.എ.ഫോർ ആഫ്രിക്ക എന്നു പേരിട്ട് അമേരിക്കയിലെ ഗായകരുടെ കൂട്ടായ്മ രൂപീകരിച്ചു.
മൈക്കിൾ ജാക്സനും ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമായ ലയണൽ റിച്ചിയും ചേർന്നു ഒരു ഗാനം എഴുതി ഈണമിട്ടു.മൈക്കിൾ ജാക്സന്റെ വീട്ടിൽ വച്ചായിരുന്നു എഴുത്തും ഈണമിടലും നടന്നത്. ജനുവരി 28 നു നടക്കുന്ന അവാർഡ് വിതരണത്തിന് ശേഷം സമയം നഷ്ടപ്പെടുത്താതെ റെക്കോർഡിങ് നടത്തുന്നതിനായി മൈക്കിൾ ജാക്സൺ തന്നെ പാട്ടിന്റെ ട്രാക്ക് പാടി റെക്കോർഡ് ചെയ്തു എല്ലാ ഗായകർക്കും എത്തിച്ചു നൽകി.വിഖ്യാത സംഗീതജ്ഞനായ ക്വിൻസി ജോൺസ് ഓർക്കസ്ട്രേഷൻ ഒരുക്കി റെക്കോർഡിങ്ങിനു നേതൃത്വം നൽകി.
അവാർഡ് വിതരണ ചടങ്ങ് കഴിഞ്ഞു പ്രധാനപ്പെട്ട ഗായകരെല്ലാം കാലിഫോർണിയയിലെ എ.&എം.റെക്കോർഡിങ് സ്റ്റുഡിയോയിൽ ഒത്തു ചേർന്നു. ബ്രൂസ് സ്പ്രിങ്സ്റ്റീൻ, കെന്നി റോജേഴ്സ്,ഡയാന റോസ്,പോൾ സൈമൺ,സ്റ്റീവ് പെറി ,ബോബ് ഡിലൻ, സിൻഡി ലോപ്പർ,ബില്ലി ജോയൽ,റേ ചാൾസ്,ടിന ടർണർ,മൈക്കിൾ ജാക്സന്റെ സഹോദരങ്ങൾ,പോയിന്റർ സിസ്റ്റേഴ്സ് എന്നിവരെല്ലാം ഒരുമിച്ചു ആദ്യമായൊരു റെക്കോർഡിങ്.
ലോകത്തിലെ അതിപ്രശസ്തരായ ഗായകർ ഒത്തുചേർന്ന സ്റ്റുഡിയോയുടെ കവാടത്തിൽ മ്യൂസിക് പ്രൊഡ്യൂസറായ ക്വിൻസി ജോൺസ് ഒരു ബോർഡ് തൂക്കിയിരുന്നു.’നിങ്ങളുടെ ഈഗോ പുറത്തുവച്ചശേഷം സ്റ്റുഡിയോയിൽ പ്രവേശിക്കുക’. എല്ലാവരും അതനുസരിക്കുകയും ഒരു കുടുംബം പോലെ ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്തു.
രാത്രി എട്ടു മണിയോടെ മൈക്കിൾ ജാക്സൺ സ്റ്റുഡിയോയിൽ എത്തി.മറ്റു ഗായകർ രാത്രി പത്തിനും എത്തിച്ചേർന്നു.ഒറ്റ രാത്രി കൊണ്ട് പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞു. ലോകത്തിലെ പ്രതിഭാധനരായ അമ്പതു ഗായകർ ആ രാത്രി മുഴുവൻ സംഗീതാലാപനവുമായി നാലു ചുമരുകൾക്കുള്ളിൽ കഴിഞ്ഞു. പട്ടിണി അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി ആരാണ് വലിയവൻ എന്ന തർക്കമേതുമില്ലാതെ അവർ പാടി.
‘ഒരു നാൾ വരും
നമ്മെ വിളിക്കും
ലോകമൊന്നാകെ
നിൽക്കേണ്ട നിമിഷമിത്
ജീവൻ വെടിയുന്നവർക്ക്
ജീവൻ നൽകേണ്ട നിമിഷം
നാമാണ് ലോകം
പ്രഭാതം തെളിയുന്ന
ഭാവി തീർക്കാൻ
നമുക്കാദ്യം നൽകാം
നമ്മളൊന്നു കൈകോർത്താൽ
നാളത്തെ ലോകത്തെ
കൂടുതൽ മനോഹരമാക്കാം.’
മൈക്കിൾ ജാക്സനും ലയണൽ റിച്ചിയും മുഖ്യഗായകരായെങ്കിലും കോറസ് പാടുവാനും ഇരുവരും മറ്റ് ഗായകരോടൊപ്പം ചേർന്നു.
ഒരു ആൽബമായി റിലീസ് ചെയ്യുവാൻ ഗായകരായ സ്റ്റീവ് പെറി,ബ്രൂസ് സ്പ്രിങ്സ്റ്റീൻ,പ്രിൻസ്,ടിന ടർണർ,കെന്നി റോജേഴ്സ്,മൈൽസ് ഡേവിസ് എന്നിവരുടെ ഓരോ പാട്ടുകളും ചേർത്തു. കനേഡിയൻ പാട്ടുകാരുടെ ഒരു ഗാനവും ചിക്കാഗോ എന്ന ബാൻഡിന്റെ ഒരു ഗാനവും ഇതേ ആൽബത്തിൽ ചേർത്തിട്ടുണ്ട്.
ഈ സംഗീതാസമാഹാരം വഴി അന്ന് എൺപതു മില്യൺ ഡോളർ എത്യോപ്യയ്ക്കു നൽകാൻ കഴിഞ്ഞു.
2010-ൽ കരീബീയൻ രാജ്യമായ ഹെയ്തിയിൽ വൻ ഭൂകമ്പം ഉണ്ടായപ്പോൾ ഇതേ ഗാനം 75 ഗായകർ ചേർന്ന് വീണ്ടും പാടി റിലീസ് ചെയ്തു. 2009-ൽ മൈക്കിൾ ജാക്സൺ ലോകത്തോട് വിട പറഞ്ഞെങ്കിലും സ്റ്റുഡിയോയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ സൗണ്ട് ട്രാക്ക് ഈ ഉദ്യമത്തിനും ഉപയോഗിച്ചു. മൈക്കിളിന്റെ സഹോദരിയും പ്രശസ്ത ഗായികയുമായ ജാനറ്റ് ജാക്സൺ അന്നത്തെ റെക്കോർഡിങ്ങിനു നേതൃത്വം നൽകി.
ആസ്വാദനത്തിനപ്പുറം സംഗീതത്തിനു മനുഷ്യരെ ഒരുമിപ്പിക്കാനും സാന്ത്വനിപ്പിക്കാനും ആശ്വസിപ്പിക്കാനും കൈത്താങ്ങാകാനും കഴിയുമെന്ന് ലോകത്തിനു വെളിപ്പെടുത്തിയ ഗാനം. ഇന്നും ലോകം കാത്തിരിക്കുകയാണ് ലോകത്തെ ഒന്നായി കാണുന്ന,യുദ്ധമില്ലാത്ത,പട്ടിണിയില്ലാത്ത, സംഘർഷങ്ങളില്ലാത്ത നാളുകളിലേക്ക് എല്ലാവരേയും ഒരുമിപ്പിക്കുന്ന ഒരു പാട്ടിനായി.

