ഇടുക്കി: കേരളത്തിലെ കത്തോലിക്ക യുവജനങ്ങളുടെ ഏറ്റവും വലിയ വാർഷിക സംഗമങ്ങളിലൊന്നായ കെസിവൈഎം സംസ്ഥാന യുവജന ദിനാഘോഷം ‘കെയ്റോസ് 2026’ ജൂലൈ 5-ന് ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ മുരിക്കാശേരി സെന്റ് മേരീസ് എച്ച്.എസ്.എസ്. വേദിയിൽ നടക്കും. ‘ക്രൈസ്തവ യുവത്വം സമാധാനത്തിന്റെയും നീതിയുടെയും ശബ്ദം’ എന്ന സന്ദേശമാണ് ഇത്തവണത്തെ യുവജന ദിനാഘോഷത്തിന്റെ പ്രമേയം.
കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെസിബിസി യുവജന കമ്മീഷൻ ചെയർമാനും ഇടുക്കി രൂപതാധ്യക്ഷനുമായ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തും. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഇടുക്കി രൂപത ജനറാൾ മോൺ. ജോസ് കരിവേലിൽ മുഖ്യസന്ദേശം നൽകും.
സംസ്ഥാനത്തെ 32 രൂപതകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുന്ന ആഘോഷത്തിൽ യുവജന റാലി, യുവജന സംഗമം, പൊതുസമ്മേളനം, ഫ്രാൻസിസ്കൻ വർഷത്തോടനുബന്ധിച്ചുള്ള യുവജന മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം, സംസ്ഥാനതല വനിതാ ക്യാമ്പിന്റെ ലോഗോ പ്രകാശനം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. വിശ്വാസജീവിതത്തിലും സാമൂഹിക ഉത്തരവാദിത്വത്തിലും യുവജനങ്ങളെ കൂടുതൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ഡോ. നോർബർട്ട സി.ടി.സി., ജനറൽ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റുമാരായ സാം സണ്ണി, ആഗി മരിയ ജോസഫ്, സെക്രട്ടറിമാർ, ട്രഷറർ ജെൻസൺ ആൽബി എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന സമിതിയും, ഇടുക്കി രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ എസ്.എ.ബി.എസ്., പ്രസിഡന്റ് അമൽ ജിജു ജോസഫ്, ജനറൽ സെക്രട്ടറി ബിജോ ബൈജു എന്നിവരുടെ നേതൃത്വത്തിൽ രൂപതാ സമിതിയും ഒരുക്കങ്ങൾ പൂർത്തിയാക്കി.
സംഗമത്തിന്റെ ഭാഗമായി ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ദീപശിഖ, പതാക, വിശുദ്ധ തോമസ് മൂറിന്റെ ഛായാചിത്രം എന്നിവയുമായി യുവജന റാലികളും സംഘടിപ്പിക്കുന്നുണ്ട്. യുവജനങ്ങളുടെ വിശ്വാസബോധവും നേതൃത്വപാടവവും സാമൂഹിക ഇടപെടലും ശക്തിപ്പെടുത്തുന്ന സംസ്ഥാനതല വേദിയായാണ് ‘കെയ്റോസ് 2026’ വിലയിരുത്തപ്പെടുന്നത്.

