വത്തിക്കാൻ സിറ്റി: പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ റോമിലെ ജീവിതവും ശുശ്രൂഷാപ്രവർത്തനങ്ങളും അവതരിപ്പിക്കുന്ന ‘ലിയോ ഇൻ റോം’ (Leo in Rome) എന്ന ഡോക്യുമെന്ററി ശൈലിയിലുള്ള വീഡിയോ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ എഡിറ്റോറിയൽ വിഭാഗം പുറത്തിറക്കി. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന നിലയിൽ ആരംഭിച്ച് ലിയോ പതിനാലാമൻ പാപ്പായിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ റോമിൽ ചെലവഴിച്ച വർഷങ്ങളാണ് വീഡിയോയുടെ പ്രമേയം.
ഇറ്റാലിയൻ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന വീഡിയോ വത്തിക്കാൻ മാധ്യമപ്രവർത്തകരായ ഫെലിപ്പെ ഹെറേറ എസ്പാലിയാത്ത്, സാൽവത്തോറെ ചെർനൂത്സിയോ, തിത്സ്യാന കംപീസി എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഹൈമേ വിസ്കൈനോ ഹാറോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.
പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അഗസ്റ്റീനിയൻ സന്യാസസഭാംഗമായും തുടർന്ന് മെത്രാനായും കർദ്ദിനാളായും സേവനമനുഷ്ഠിച്ച അഭിവന്ദ്യ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് റോമിൽ ചെലവഴിച്ച ഏകദേശം 20 വർഷത്തെ ജീവിതവും ശുശ്രൂഷാനുഭവങ്ങളുമാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. റോമിലെ വിവിധ ഉത്തരവാദിത്വങ്ങൾ, സഭാ നേതൃത്വത്തിലേക്കുള്ള വളർച്ച, പാപ്പായാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര എന്നിവയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന് മുമ്പ്, പരിശുദ്ധ പിതാവിന്റെ പെറുവിലെ മിഷനറി ജീവിതത്തെ ആസ്പദമാക്കി ‘ലിയോൺ ദേ പെറു’ (León de Perú) എന്ന പേരിലും, അമേരിക്കയിലെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ‘ലിയോ ഫ്രം ചിക്കാഗോ’ (Leo from Chicago) എന്ന പേരിലും രണ്ട് വീഡിയോകൾ വത്തിക്കാൻ മീഡിയ പുറത്തിറക്കിയിരുന്നു. ഈ പരമ്പരയിലെ മൂന്നാമത്തെ വീഡിയോയാണ് ‘ലിയോ ഇൻ റോം’.

