കോഴിക്കോട്: ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തയിൽ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച് വീണ്ടും അവതരിപ്പിച്ച നടപടി അത്യന്തം പ്രതിഷേധാർഹവും വിശ്വാസി സമൂഹത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് കെ എൽ സി എ കോഴിക്കോട് അതിരൂപത സമിതി.
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ അതീവ വിശുദ്ധിയോടും ഭക്തിയോടും കൂടി കാണുന്ന “അന്ത്യ അത്താഴം” എന്ന വിശുദ്ധ ദൃശ്യത്തെ രാഷ്ട്രീയ പരിഹാസത്തിനും പൊതുപരിഹാസത്തിനും ഉപയോഗിച്ചത് മാധ്യമ ധാർമ്മികതയ്ക്കും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതസ്വാതന്ത്ര്യത്തിനും വിരുദ്ധമാണ്.
സമൂഹത്തിൽ ഭിന്നതയും കലഹവും അഴിച്ചുവിടുവനായ് ചിലർ നടത്തുന്ന ഗൂഢ ശ്രമങ്ങളുടെ ഭാഗമായി വേണം ഒരിക്കൽ പ്രസിദ്ധീകരിച്ച് പ്രതിഷേധങ്ങൾ ഏറ്റു വാങ്ങിയ ചിത്രം വീണ്ടും പ്രസിദ്ധീകരിക്കുന്നതിലൂടെ പ്രസ്തുത പത്രമാധ്യമം ലക്ഷ്യമിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഓരോ പൗരനും മതവിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. അതേസമയം ആർട്ടിക്കിൾ 19(1)(a) നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ മതവിശ്വാസങ്ങളെയും ആത്മാഭിമാനത്തെയും അപമാനിക്കാൻ ഉപയോഗിക്കരുതെന്നും ഭരണഘടന വ്യക്തമാക്കുന്നു.
പരസ്പര ബഹുമാനവും മതസൗഹാർദ്ദവും നിലനിൽക്കുന്ന സാഹചര്യത്തിൽ, വിശുദ്ധ ബിംബങ്ങളെയും മതചിഹ്നങ്ങളെയും പരിഹാസത്തിനും അപമാനത്തിനും വിധേയമാക്കി
മാധ്യമ ശ്രദ്ധയാകർഷിക്കാനായ് നടത്തുന്ന വികല നീക്കങ്ങളെ കണ്ടിലെന്ന് നടിക്കാൻ കഴിയില്ല.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ ബിംബങ്ങളെയും വിശുദ്ധ ചിഹ്നങ്ങളെയും അപമാനിക്കുന്ന പ്രവണത സമീപകാലത്ത് വർധിച്ചുവരികയാണ്. ഇത്തരം ദുർവ്യാഖ്യാനങ്ങളും അവഹേളനങ്ങളും മറ്റ് മതചിഹ്നങ്ങളോട് കാണിക്കാത്തത് പൊതുസമൂഹം ഗൗരവത്തോടെ കാണണം. ക്രൈസ്തവ സമൂഹത്തെ ആർക്കും കൊട്ടാവുന്ന ചെണ്ടയായി മാറ്റാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.
മതവിദ്വേഷവും വിശ്വാസ അവഹേളനവും സമൂഹത്തിൽ അസ്വസ്ഥതയും വിഭജനവും സൃഷ്ടിക്കുമെന്ന കാര്യം ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
അതിനാൽ, ഏത് വിഷയത്തിന്റെ പേരിലായാലും യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ വികല ചിത്രീകരണം ഉടൻ പിൻവലിച്ച് പൊതുജനങ്ങളോടും ക്രൈസ്തവ വിശ്വാസികളോടും മാപ്പ് പറയണമെന്ന് കെ എൽ സി എ കോഴിക്കോട് അതിരൂപത സമിതി ആവശ്യപ്പെട്ടു.
അനുകൂല നടപടി സ്വീകരിക്കാത്ത പക്ഷം ഭരണഘടനാപരവും ജനാധിപത്യപരവുമായ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെ എൽ സി എ കോഴിക്കോട് അതിരൂപത അറിയിച്ചു . ഡയറക്ടർ മോൺ. വിൻസൻ്റ് അറക്കൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻറ് ബിനു എഡ്വേർഡ്, ജനറൽ സെക്രടറി ജോർജ് കെ വൈ സംസ്ഥാന വൈസ് പ്രസിഡൻ്റ് നൈജു അറക്കൽ സംസ്ഥാന റവന്യു ഫോറം കൺവീനർ പ്രകാശ് പീറ്റർ എന്നിവർ സംസാരിച്ചു

