കോട്ടപ്പുറം: ഫാ.തെയോഫിൻ കപ്പുച്ചിൻ്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങൾ കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ മെയ് 10 ന് നടക്കും. വൈകീട്ട് അഞ്ചിന് ധന്യൻ തിയോഫിനച്ചൻ്റെ കൂടല്ലൂർ തറവാട്ടിലെ ജന്മഗ്യഹത്തിൽ നിന്ന് കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിലേക്ക് നടക്കുന്ന ഛായാചിത്ര പ്രയാണത്തിനും പ്രാർത്ഥനക്കും കോട്ടപ്പുറം രൂപത വികാരി മോൺ. റോക്കി റോബി കളത്തിൽ നേത്യത്വം നൽകും. 5.30 ന് കത്തീഡ്രലിൽ നടക്കുന്ന പൊന്തിഫിക്കൽ കൃതജ്ഞതാ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും സഹോദരീ പുത്രനുമായ ഫാ.റോബിൻ ഡാനിയൽ ഒഎഫ്എം വചനപ്രഘോഷണം നടത്തും. നിരവധി വൈദീകർ സഹകാർമ്മികരാകും. കത്തീഡ്രൽ വികാരി റവ.ഡോ ഡൊമിനിക്ക് പിൻഹീറോ, സഹവികാരിമാരായ ഫാ. നിഖിൽ മുട്ടിക്കൽ, ഫാ.ടോണി കുന്നത്തൂർ എന്നിവർ നേതൃത്വം നൽകും.
തിയോഫിൻ കപ്പുച്ചിനച്ചൻ കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ ഇട്ടിചെറിയ ജോർജ് – അന്ന ദമ്പതികളുടെ ഒമ്പത് മക്കളിൽ ആറാമനായി 1913 ജൂലൈ 20 നാണ് ജനിച്ചത്. 1968 ഏപ്രിൽ 4 ന് 55-ാംവയസ്സിൽ ദിവംഗതനായി. 2005 ജനുവരി 10 ന് അദ്ദേഹം ദൈവദാസനായി ഉയർത്തപ്പെട്ടു. ലെയോ പാപ്പാ 2026 ഫെബ്രുവരി 21 നാണ് ‘ധന്യന്‍’ എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. ഇതോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ഏപ്രിൽ 26 ന് കബറിടം സ്ഥിതിചെയ്യുന്ന പൊന്നുരുന്തിയിൽ നടന്നിരുന്നു.

