എറണാകുളം: റിലീസിന് പിന്നാലെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് ‘കൂടോത്രം’ സിനിമ തിയേറ്ററുകളിൽ മുന്നേറുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ‘വാവാച്ചനെ’ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കാൻ അണിയറപ്രവർത്തകർ എറണാകുളം പ്രസ് ക്ലബ്ബിൽ ഒത്തുചേർന്നു.
നായകനും സംവിധായകനുമായ ബൈജു എഴുപുന്ന, നിർമ്മാതാവ് റെജി, അഭിനേതാക്കളായ ഡിനോയ് പൗലോസ്, റേച്ചൽ വർഗീസ്, ദിയ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.തന്റെ 36 വർഷത്തെ നീണ്ട അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തി നൽകുന്ന നിമിഷങ്ങളിലൂടെയാണ് താനിപ്പോൾ കടന്നുപോകുന്നതെന്ന് ബൈജു എഴുപുന്ന പറഞ്ഞു. ഇതിനോടകം അനേകം വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വാവാച്ചൻ എന്ന കഥാപാത്രത്തിന് ലഭിക്കുന്നത്ര സ്നേഹവും പരിഗണനയും മറ്റൊരു കഥാപാത്രത്തിനും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സിനിമ കണ്ടിറങ്ങുന്ന അച്ഛന്മാർ കണ്ണ് നിറഞ്ഞാണ് തന്നെ വിളിക്കുന്നതെന്നും, വാവാച്ചന്റെ സങ്കടം സ്വന്തം സങ്കടമായി അവർക്ക് തോന്നുന്നു എന്നത് ഒരു കലാകാരനെന്ന നിലയിൽ വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ഛൻ-മകൾ ബന്ധത്തിന്റെ തീവ്രതയും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ജീവിതവുമാണ് സിനിമയെ കുടുംബങ്ങൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയത്.
നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളി പ്രേക്ഷകർ ചിത്രം കണ്ടതിനുശേഷം നൽകുന്ന മികച്ച പ്രതികരണങ്ങളാണ് ‘കൂടോത്ര’ത്തിന്റെ വിജയത്തിന് കരുത്തായത്. തുടക്കത്തിൽ തിയേറ്ററുകളിൽ തിരക്ക് കുറവായിരുന്നെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ ഇപ്പോൾ കുടുംബപ്രേക്ഷകർ തിയേറ്ററുകൾ കീഴടക്കിയിരിക്കുകയാണ്. ഒരു സിനിമ കണ്ടതിനുശേഷം മാത്രം അതിനെക്കുറിച്ച് അഭിപ്രായം പറയാൻ പ്രേക്ഷകർ തയ്യാറാകണമെന്നും നല്ല സിനിമകളെ പിന്തുണയ്ക്കണമെന്നും അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു. ‘കെ.ക്യു’ എന്ന ചിത്രത്തിന് ശേഷം ബൈജു എഴുപുന്ന തന്നെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം വലിയൊരു റിസ്ക് ആയിരുന്നുവെങ്കിലും പ്രേക്ഷകരുടെ വൈകാരികമായ പിന്തുണയിൽ താൻ സന്തുഷ്ടനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ പങ്കെടുത്ത ഡിനോയ് പൗലോസ്, റേച്ചൽ വർഗീസ്, ദിയ എന്നിവർ ചിത്രത്തിലെ തങ്ങളുടെ പ്രകടനങ്ങളെക്കുറിച്ചും വൈകാരികമായ കഥാപരിസരത്തെക്കുറിച്ചും സംസാരിച്ചു. വെറും അഭിനയത്തിനപ്പുറം ഓരോ കഥാപാത്രത്തെയും ആഴത്തിൽ പഠിച്ചാണ് അവതരിപ്പിച്ചതെന്നും സംവിധായകന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ മികച്ച ഔട്ട്പുട്ട് ലഭിക്കാൻ സഹായിച്ചുവെന്നും അവർ പറഞ്ഞു. സിനിമയുടെ പൂർണ്ണത അനുഭവിക്കാൻ പ്രേക്ഷകർ തിയേറ്ററുകളിൽ തന്നെ വന്ന് സിനിമ കാണണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

