കെഎസ്ആർടിസിയുടെ സ്വപ്ന പദ്ധതിയായ ബിസിനസ് ക്ലാസ് ബസ് എത്തി. വോൾവോയുടെ ആഡംബര ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് സംവിധാനങ്ങളോടെയുള്ള പുതിയ ബസ് ഒരുങ്ങിയിരിക്കുന്നത്. വിമാനത്തിലെ ബിസിനസ് ക്ലാസിനു സമാനമായ യാത്രാസൗകര്യമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
തിരുവനന്തപുരം-എറണാകുളം പാതയിൽ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 35 സീറ്റുകളുള്ള ബസിൽ പാൻട്രിയും ശൗചാലയവുമുണ്ട്. യാത്രക്കാർക്ക് ക്യാബിനുള്ളിൽ പ്രത്യേകം സ്ക്രീനുകളുണ്ടാകും. ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, ഫുട്ട് റെസ്റ്റ്, ഹാർഡ് റെസ്റ്റ്, വിൻഡോ കർട്ടൺ എന്നിവയുണ്ടാകും
ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നാണ് മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിരുന്നു.

