ജെക്കോബി / എഡിറ്റോറിയൽ
ഛത്തീസ്ഗഡിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ നിന്ന് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നീ മലയാളി പ്രേഷിത സന്ന്യാസിനിമാരെ കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി തന്റെ വാഹനത്തില്‍ കയറ്റി ദുര്‍ഗിലെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ വിശ്വദീപ് കോണ്‍വെന്റിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം മനംകുളിര്‍പ്പിക്കുന്നതായിരുന്നു, ഒപ്പം ആശ്ചര്യഭരിതവും.
‘കൂടെയുണ്ട് ഞങ്ങള്‍’ എന്ന ഹാഷ് ടാഗുമായി അദ്ദേഹം ‘ഭൂമുഖത്ത് എവിടെയുമുള്ള മലയാളികളെ ആപല്സന്ധിയില് സഹായിക്കാനായി’ ആരംഭിച്ചിട്ടുള്ള പാര്‍ട്ടി ഹെല്പ് ഡെസ്ക് രക്ഷാദൗത്യത്തിന്റെ മറ്റൊരു സുകൃതസാഫല്യമായാണ് സംഭവത്തെ കാണേണ്ടതെന്ന് സംസ്ഥാന പാര്‍ട്ടിഘടകത്തില്‍ പുതിയ പ്രസിഡന്റിനു പ്രതിരോധം തീര്‍ക്കുന്നവര്‍ വിശദീകരിക്കുന്നുണ്ട്.
മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഹിന്ദുരാഷ്ട്ര അജണ്ട നടപ്പാക്കാനുള്ള ബൃഹദ്പദ്ധതിയില്‍ മുസ് ലിംകള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ വിദ്വേഷപ്രചാരണത്തിനും ആള്‍ക്കൂട്ട ഭീകരതയ്ക്കും ഭരണഘടനാവിരുദ്ധ തടങ്കലിനും ‘എക്സ്ട്രാ ജുഡീഷ്യല്‍’ ധര്മവിധികള്ക്കും കളമൊരുക്കുന്ന മോദി ഭരണകാലത്തെ ‘മതസ്വാതന്ത്ര്യ’ നിയമനിര്‍മാണങ്ങളുടെ പേരില്‍ അന്യായമായി കുറ്റംചുമത്തപ്പെട്ട് അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്ന നിസ്സഹായരായ മനുഷ്യര്‍ക്കുവേണ്ടി രാഷ്ട്രീയ പ്രതിരോധം തീര്ക്കുന്നതെങ്ങനെയെന്നതിന്റെ ഒന്നാന്തരം കേരളദൃഷ്ടാന്തമായി മാറിയ ദുര്‍ഗിലെ സംഭവവികാസങ്ങളില്‍ വിചിത്രമായ ഒരു വിദൂഷകവേഷമാടുമ്പോഴും രാജീവ് ചന്ദ്രശേഖര്‍ റായ്പൂരിലെയും ഡല്‍ഹിയിലെയും ബിജെപി ഭരണനേതൃത്വത്തിനും സനാതനധര്‍മ സംരക്ഷകരായ അക്രമിക്കൂട്ടങ്ങള്ക്കും മലയാളത്തിന്റെ മാനവികതയുടെയും സാംസ്കാരിക, മതേതര മനസിന്റെയും ഒരു ഭാസുരഭാവമെങ്കിലും കാണിച്ചുകൊടുത്തുവെങ്കില് അതൊരു പുണ്യമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റ് ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ച ചെയ്യുന്ന നാളുകളില്‍ ലോക്സഭയിലും രാജ്യസഭയിലും പാര്‍ലമെന്റിനു പുറത്തും ദുര്‍ഗിലെ ജയില്‍ പരിസരത്തും കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരും രാഷ്ട്രീയ പ്രതിനിധിസംഘങ്ങളും, കേരളത്തിലുടനീളം ക്രൈസ്തവ വിശ്വാസികളും സഹോദരസംഘടനകളും ജനകീയ കൂട്ടായ്മകളും മുറവിളികൂട്ടിയത് ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ അന്യായമായി തടങ്കലിലാക്കിയ നിരപരാധരായ രണ്ടു സന്ന്യാസിനിമാരുടെയും മോചനത്തിനും അവര്‍ക്കെതിരെ ബജ്റംഗ്ദള്‍, ദുര്‍ഗാവാഹിനി മാതൃശക്തി തുടങ്ങിയ സംഘ്പരിവാര്‍ തീവ്രവാദിസംഘങ്ങള്‍ കെട്ടിച്ചമച്ച കള്ളക്കേസ് റദ്ദാക്കാനും വേണ്ടിയാണ്.
രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിനും വര്‍ഗീയ ധ്രുവീകരണത്തിനുമായി ഹിന്ദുത്വതീവ്രവാദികളും ഭരണകൂടവും ആയുധമാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ആരെവേണമെങ്കിലും എവിടെവച്ചും പിടികൂടി ഇരുമ്പഴിക്കുള്ളിലാക്കാം എന്ന അതിഭയാനകമായ യാഥാര്‍ഥ്യം രാജ്യത്തിനും ലോകത്തിനും മുമ്പാകെ തുറന്നുകാട്ടാനുള്ള ചരിത്രനിയോഗത്തിലേക്ക് ഛത്തീസ്ഗഡിലെ വിഷ്ണു ദേവ സായ് സര്‍ക്കാര്‍ ആതുരശുശ്രൂഷകരായ ഈ മുതിര്‍ന്ന സന്ന്യാസിനിമാരെ വലിച്ചിഴയ്ക്കുകയായിരുന്നു.
ഒരു തെളിവുമില്ലാതെ, കേവലം ആശങ്കയുടെയും സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, നാരായണ്‍പുരില്‍ നിന്നുള്ള ആദിവാസി യുവാവ് സുഖമന് മാണ്ഡവി എന്നിവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് സംസ്ഥാന ഗവണ്മെന്റ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തതെന്ന് ബിലാസ്പുരിലെ സ്പെഷല്‍ എന്‍ഐഎ കോടതി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി സിറാജുദ്ദീന് ഖുരേഷി മൂവര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നുണ്ട്. തങ്ങളുടെ പെണ്മക്കളെ കുറ്റം ആരോപിക്കപ്പെട്ടവര്‍ പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ നിര്‍ബന്ധിച്ചോ മതപരിവര്‍ത്തനത്തിനോ മനുഷ്യക്കടത്തിനോ കൊണ്ടുപോയിട്ടില്ലെന്ന് മൂന്ന് ഇരകളുടെയും മാതാപിതാക്കന്മാര് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും, പ്രായപൂര്‍ത്തിയായ യുവതികളില്‍ രണ്ടുപേര്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023) സെക് ഷന് 180 പ്രകാരം പൊലീസിനു നല്കിയ മൊഴിയില്‍ തങ്ങള്‍ കുട്ടിക്കാലം മുതല്‍ ക്രിസ്ത്യാനികളാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും എന്‍ഐഎ കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗ്രയിലെ ഫാത്തിമ മിഷന് ആശുപത്രി കാന്റീനിലും കോണ്‍വന്റിലും പാചകജോലിക്കായാണ് തങ്ങളെ കൊണ്ടുപോകുന്നതെന്നും അവിടെ ആശുപത്രിയില്‍ പറ്റിയ ജോലിക്കായുള്ള പരിശീലനത്തിന് സൗകര്യമൊരുക്കാമെന്നും അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സമൂഹത്തിന്റെ ഉത്തരേന്ത്യയിലെ വിവിധ മിഷന് ആശുപത്രികളില്‍ ഫാര്‍മസിസ്റ്റ്, നഴ്സിങ് ശുശ്രൂഷ ചെയ്തുവരുന്ന സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും യുവതികളെയും അവരുടെ മാതാപിതാക്കളെയും ബോധിപ്പിച്ചിരുന്നു. നാരായണ്‍പുരില്‍ നിന്ന് യുവതികളെ അനുഗമിച്ചത് അവരില്‍ ഒരാളുടെ സഹോദരനാണ്.
ക്രൈസ്തവ സന്ന്യാസിനിയുടെ സഭാവസ്ത്രം ധരിച്ചവര്‍ക്ക് പെണ്‍കുട്ടികളോടൊപ്പം ഉത്തരേന്ത്യയില്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ്. മതപരിവര്‍ത്തനം മാത്രമല്ല, വേശ്യാവൃത്തിക്കും അവയവദാനത്തിനും അടിമവേലയ്ക്കുമായുള്ള മനുഷ്യക്കടത്തും രാജ്യാന്തര ഗൂഢാലോചനയും രാജ്യദ്രോഹവും വരെ ആരോപിച്ച് അവരെ വളഞ്ഞിട്ട് അധിക്ഷേപിക്കാനും കൈയേറ്റം ചെയ്യാനും യാത്ര തടസപ്പെടുത്തി പാതിരാത്രി ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി ആള്‍ക്കൂട്ടവിചാരണ ചെയ്യാനും ബജ്റംഗ്ദള്‍ തെമ്മാടിക്കൂട്ടങ്ങള്‍ക്ക് പൊലീസും ഒത്താശ ചെയ്യുന്ന സാഹചര്യമുണ്ട്. ദുര്‍ഗ് ജംക്ഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ആഗ്രയിലേക്കുള്ള ട്രെയിനില്‍ പോകാന്‍ അനുവദിക്കാതെ സന്ന്യാസിനിമാരെയും ആദിവാസി യുവതികളെയും യുവാവിനെയും തടഞ്ഞുവച്ച് വലിയൊരു ആള്‍ക്കൂട്ടത്തിനു മുമ്പാകെ ഒരു ദുര്‍ഗാവാഹിനിയും ബജ്റംഗ്ദള്‍ ഗുണ്ടകളും അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും നിന്ദ്യമായ രീതിയില്‍ അപമാനിക്കുകയും ചെയ്തു.
നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ത്രീത്വവും, ദൈവത്തിനും നിസ്വരായ സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട തപസ്വിനിമാരുടെ ത്യാഗധന്യതയും അപമാനിക്കപ്പെട്ടത്.
ഒന്പതുനാള് 53 തടവുകാരോടൊപ്പം സെന്‍ട്രല്‍ ജയിലറയില്‍ സിമന്റുതറയില്‍ കിടക്കേണ്ടിവന്നു, പലവിധ ആതുരതകളും സഹിക്കുന്ന ആ സന്ന്യാസിനിമാര്‍ക്ക്. പ്രഥമദൃഷ്ട്യാ ഒരു കുറ്റവും ചെയ്തതായി എഫ്ഐആറിലോ കേസ് ഡയറിയിലോ കാണുന്നില്ലെന്ന് എന്‍ഐഎ കോടതി പറയുന്നുണ്ട്. ബജ്റംഗ്ദള്‍ അക്രമിസംഘം കെട്ടിച്ചമച്ച എഫ്ഐഐറില്‍ അതീവ ഗുരുതരമായ ഷെഡ്യൂള്‍ഡ് കുറ്റങ്ങളുടെ വകുപ്പുകള്‍ എഴുതിച്ചേര്‍ത്ത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളൊന്നും നോക്കാതെ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു വിടാന്‍ ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ ത്വരിതഗതിയില്‍ നീങ്ങിയത്, ക്രൈസ്തവ സന്ന്യാസിനിമാര്‍ ‘ബസ്തറിലെ പെണ്മക്കളെ’ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി മതംമാറ്റാനാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് മുഖ്യമന്ത്രി സായ് ട്വീറ്റ് ചെയ്തുകൊണ്ടാണ്.
എന്‍ഐഎക്കു വിടേണ്ട കേസല്ല ഇതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള എംപിമാരോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ബിലാസ്പൂര്‍ കോടതിയില്‍ പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിര്‍ക്കുകയില്ലെന്നും അദ്ദേഹം ഉറപ്പുനല്കിയത്രെ. ബിജെപി സര്‍ക്കാര്‍ അന്യായമായി തടങ്കലിലാക്കിയ സന്ന്യാസിനിമാര്‍ക്ക് ജാമ്യം അനുവദിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ‘ഔദാര്യം കാണിച്ചതിന്’ നന്ദി രേഖപ്പെടുത്തുന്നത് തികഞ്ഞ അസംബന്ധമാണ്. കേസ് അപ്പാടെ റദ്ദാക്കുകയും, കേരളത്തോടും രാജ്യത്തോടും മാപ്പുപറയുകയും സന്ന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കിയവരെയും ആദിവാസി യുവതികളെയും യുവാവിനെയും ആക്രമിച്ചവരെയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യുന്നതിന് നടപടിയെടുക്കുന്നതാണ് നീതിയുക്തം.
സഞ്ചാരസ്വാതന്ത്ര്യം (ഭരണഘടനയുടെ 19-ാം അനുച്ഛേദം), അന്തസ്സോടെ ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21), മതസ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 25) എന്നീ മൗലികാവകാശങ്ങളുടെ ലംഘനമാണ് ദുര്‍ഗില്‍ ഉണ്ടായത്. ക്രിമിനല്‍ അപകീര്‍ത്തിക്കുറ്റം (ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ്), മറ്റൊരാളെ ദ്രോഹിക്കാനായി പൊതുസേവകര്‍ക്ക് തെറ്റായ വിവരം നല്കല് (ബിഎന്‍എസ് 217), മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും അതിന് ഇലക് ട്രോണിക് മാധ്യമങ്ങളെ ഉപയോഗിക്കുന്നതും (ബിഎന്‍എസ് 196), മതവികാരം വ്രണപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ നടപടികള്‍ (ബിഎന്‍എസ് 299), ക്രിമിനല്‍ ഭീഷണി (ബിഎന്‍എസ് 351), അന്യായമായ നിയന്ത്രണവും തടഞ്ഞുവയ്ക്കലും (ബിഎന്‍എസ് 341, 342), സ്ത്രീകളുടെ മാനത്തിനും അന്തസ്സിനും നേരെ അതിക്രമംകാണിക്കല് (ബിഎന്‍സ് 74-ാം വകുപ്പ്) എന്നിവയ്ക്ക് അക്രമികള്‍ക്കെതിരെ കേസെടുക്കണം.
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണി മുഴക്കുകയും പ്രകോപനപരമായ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം 66എ, 69എ വകുപ്പുകള്‍ ചുമത്തേണ്ടതാണ്.
കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജമൊഴി നല്കാന് അക്രമിസംഘത്തിനു നേതൃത്വം നല്കിയ ജ്യോതി ശര്‍മയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും നിര്‍ബന്ധിക്കുകയും മുഖത്ത് അടിക്കുകയും കൈയേറ്റം ചെയ്യുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി മൂന്നു യുവതികളും നാരായണ്‍പുര്‍ എസ്പിക്ക് പരാതി നല്‍കിയിട്ട് ഇതേവരെ ഒരു നടപടിയുമില്ല.
നാരായണ്‍പുരില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഗോത്രവര്‍ഗക്കാരുടെ സംരക്ഷിത പ്രദേശത്തുനിന്ന് പെണ്‍കുട്ടികളെ പുറത്തേക്കു കടത്താനായത് കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധംകൊണ്ടാണെന്നും രണ്ടു കന്യാസ്ത്രീകള്‍ക്കുവേണ്ടി രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുന്നതിനു പിന്നില്‍ രാജ്യാന്തര ഇടപെടലുണ്ടെന്നും ആരോപിച്ച് ബസ്തറില്‍ നിന്നുള്ള ബിജെപി എംപി മഹേഷ് കശ്യപ് രംഗത്തിറങ്ങിയത് എന്‍ഐഎ അന്വേഷണ പരിധി വിപുലപ്പെടുത്താനുള്ള ഭരണകൂട നീക്കങ്ങളുടെ ഭാഗമാണെന്ന് സംശയിക്കണം.
കേരളത്തിലും ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലും മംഗളൂരുവിലും ഉഡുപ്പിയിലും തൂത്തുക്കുടിയിലും ഡല്‍ഹിയിലും ഷില്ലോങ്ങിലും കോഹിമയിലും മാത്രമല്ല നീതിക്കുവേണ്ടി ജനങ്ങള്‍ ഉണര്‍ന്നത്. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി വിഷ്ണു ദേവ സായുടെ മണ്ഡലമായ ജശ്പുരിലെ കുങ്കുരിയില്‍ ഈസായീ ആദിവാസി മഹാസഭ എല്ലാ പൗരന്മാര്ക്കും ഭരണഘടനാപരമായ തുല്യത, സ്വാതന്ത്ര്യം, അന്തസ്, നീതി എന്ന മുദ്രാവാക്യമുയര്‍ത്തി മഹാറാലി സംഘടിപ്പിച്ചതിനു പിന്നാലെ നാരായണ്‍പുരില്‍ സിപിഐ ,സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അവഗണിച്ച് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയും അംബികാപുരില്‍ വിവിധ ന്യൂനപക്ഷ സമൂഹങ്ങള്‍ ചേര്‍ന്ന് മലയാളി കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കാനായി നടത്തിയ വമ്പിച്ച പ്രകടനവും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ഭരണഘടനാമൂല്യങ്ങള്ക്കുമായുള്ള ജനമുന്നേറ്റം അലയടിച്ചുയരുന്നതിന്റെ ആരവങ്ങളാണ്.
ഇതിനിടെ, കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ പിന്തുണയോടെയുള്ള തിരഞ്ഞെടുപ്പുനേട്ടത്തിനായി ബിജെപി ആസൂത്രണം ചെയ്തുവന്ന പദ്ധതികള്‍ ദുര്‍ഗിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കെ, സഭാനേതൃത്വവുമായി ഇനിയും ഒരു അനുരഞ്ജനം സാധ്യമാണോ എന്ന ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന് വളരെ ലാഘവത്തോടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയ മറുപടി നമ്മെ ഇരുത്തിചിന്തിപ്പിക്കുന്നതാണ്: ”മണിപ്പുര്‍ പ്രശ്നം ഉണ്ടായപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയല്ലോ, അതുപോലെ ഇതും പരിഹരിക്കാനാകും!” ആരെയാണ് അദ്ദേഹം മണിപ്പുര്‍ പ്രശ്നം ബോധ്യപ്പെടുത്തിയത്?
സംസ്ഥാനത്ത് ക്രിസ്റ്റിയന്‍ ഔട്ട്റീച്ചിന് രാജീവ് ചന്ദ്രശേഖര്‍ പ്രത്യേകം നിയോഗിച്ചിരിക്കുന്ന പൂഞ്ഞാറില്‍ നിന്നുള്ള യുവ ക്രൈസ്തവ നേതാവ്, കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഇക്കഴിഞ്ഞ ദിനങ്ങളില്‍ കന്യാസ്ത്രീകളുടെ പേരില്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ ‘പൊളിറ്റിക്കല്‍ ഇസ് ലാമിന്റെ’ നുഴഞ്ഞുകയറ്റമുണ്ടായി എന്ന ആരോപണം ഉന്നയിച്ചത് ക്രൈസ്തവ സഭാനേതൃത്വത്തെയും വൈദികരെയും സന്ന്യസ്തരെയും സമുദായ സംഘടനകളെയും ജനങ്ങളെയും അടച്ചാക്ഷേപിക്കുന്നതിനൊപ്പം, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയവിദ്വേഷം പരത്തുന്ന ബിജെപിയുടെ രാഷ് ട്രീയ ആഖ്യാനം ഒരു മറയുമില്ലാതെ വീണ്ടും അവതരിപ്പിക്കുന്നതിന്റെ ഉദ്ദണ്ഡ ഉന്മാഥമാണ്.
സമൂഹത്തില്‍ വെറുപ്പ് ഉത്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്ര ദുരന്തങ്ങള്‍ക്ക് നാം എന്തിന് ഇരകളാകണം? തിരുവനന്തപുരത്തെ മാരാര്‍ജി മന്ദിരത്തില്‍ കേക്കുമായി എത്തിയ ചില ക്രൈസ്തവ സഭാപ്രതിനിധികളെ ആശ്ലേഷിച്ച് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്ക് സമ്പൂര്‍ണ പിന്തുണയുമായി തങ്ങളുടെ സഭയിലെ സകല വൈദികരെയും പരസ്യമായി അണിനിരത്തുകയും വോട്ടെടുപ്പിനു തൊട്ടുമുന്‍പായി ഡല്‍ഹിയില്‍ നിന്ന് ലഫ്. ഗവര്‍ണറെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തി ചില കരുനീക്കങ്ങള്‍ നടത്തുകയും ചെയ്ത കൂട്ടരാണിതെന്ന് വിശാലമായ സഭൈക്യസംവാദത്തിന്റെ പശ്ചാത്തലത്തിലും നാം തിരിച്ചറിയേണ്ടതുണ്ട്.

