(ഒരു ആതുരശുശ്രൂഷകന്റെ ആത്മനിമന്ത്രണങ്ങള്‍)
ഡോ. സോളമന് എ. ജോസഫ്
പ്രത്യാശയുടെ പാഠം
സര്‍ജറി ഒപി നോക്കുന്നതിന്റെ ഇടയിലായിരുന്നു സ്ട്രെച്ചറില്‍ കിടത്തിയിരുന്ന ആ അപ്പച്ചന് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ സ്ട്രെച്ചറിന്റെ അരികിലായി നന്നേ ക്ഷീണിച്ച് അവശതയോടെ നില്ക്കുന്ന ഒരമ്മച്ചിയും. അവരോടൊപ്പം ആരുമില്ലതാനും. ക്യുവിന്റെ ഇടയില്‍ നിന്ന അമ്മച്ചിയെ അകത്തേക്കു വിളിച്ചു കാര്യം തിരക്കി. അവര്‍ ബെഡ് സോര്‍ കാണിക്കാന്‍ വേണ്ടി വന്നതായിരുന്നു. അപ്പച്ചന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഡ്രസിങ് റൂമിലേക്ക് ഞാന്‍ അവരെ കൂട്ടിക്കൊണ്ടുപോയി. നട്ടെല്ലിന്റെ കീഴ്ഭാഗത്ത്, പൃഷ്ഠത്തിന്റെ നടുവിലും ഇടുപ്പുകളുടെ വശത്തുമുള്ള ഉണങ്ങാത്ത വ്രണങ്ങള്‍. നട്ടെല്ലിന്റെ കീഴ്ഭാഗത്തുള്ള വ്രണം എല്ലിന്റെ അടുത്തായി എത്തിയിരുന്നു. സമ്മതപത്രം എടുത്തതിനു ശേഷം വ്രണങ്ങള്‍ മരവിപ്പിച്ചു കീറി ഉള്ളിലെ പഴുപ്പ് നീക്കം ചെയ്ത് വൃത്തിയാക്കി.
പിന്നെ, കയ്യിലൊരു മുഷിഞ്ഞ ബാഗുമായി സ്ട്രെച്ചറിന്റെ ഒരറ്റംചേര്ന്ന് വാര്‍ഡിനെ ലക്ഷ്യമാക്കി ഉന്തിക്കൊണ്ട് അവര്‍ നടന്നുനീങ്ങുന്നതു കണ്ടു. ഒപി കഴിഞ്ഞ് വാര്‍ഡില്‍ എത്തിയപ്പോള്‍, ആ അമ്മ റൈല്‍സ് ട്യൂബിലൂടെ ആഹാരം കൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. അപ്പച്ചന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന്റെ ഇടയില്‍ വീട്ടില്‍ ആരൊക്കെയുണ്ടെന്ന് ഞാന്‍ തിരക്കി. ”ആരുമില്ല സാറേ” എന്ന് പതിഞ്ഞ സ്വരത്തില്‍ അവര്‍ മറുപടി നല്കി. ”ഞങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു, സാറേ. കുറേവര്‍ഷം പലവിധ ചികിത്സകള്‍ ചെയ്തിട്ടും മക്കളൊന്നും ഉണ്ടായില്ല. ഇപ്പോള്‍ ഇദ്ദേഹം അല്ലാതെ എനിക്ക് മറ്റാരുമില്ല” എന്ന് ചെറുപുഞ്ചിരിയോടവര് പറഞ്ഞു.
ഈ വിഷമസന്ധിയില്‍ എങ്ങനെയാണ് പുഞ്ചിരിക്കാന്‍ സാധിക്കുന്നതെന്ന് കൗതുകത്തോടെ തിരക്കി. ”സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ ഒത്തിരിപ്പേരെ സഹായിച്ചിട്ടുണ്ട്. കൈക്കൂലി മേടിക്കാതെയും കയ്യില്‍ നിന്നു പൈസ മുടക്കിയും ആത്മാര്‍ത്ഥമായാണ് ജോലി ചെയ്തിട്ടുള്ളതും. തിരിഞ്ഞുനോക്കുമ്പോള്‍ ചെയ്ത കാര്യങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്. അതു മതിയല്ലോ!” ആ വാക്കുകള്‍ക്ക് എന്തെന്നില്ലാത്തൊരു കരുത്ത് തോന്നി.
ആ ക്ഷീണത്തിന്റെ നടുവിലും ട്യൂബിലൂടെ ഭക്ഷണം കൊടുക്കുകയും അദ്ദേഹത്തിന്റെ ശരീരം തുടയ്ക്കുകയും കത്തീറ്റര്‍ ബാഗിലെ മൂത്രം അളവ് എടുത്ത് ബുക്കില്‍ എഴുതിയതിനു ശേഷം കളയാനായി കൊണ്ടുപോവുകയും ചെയ്യുന്നത് ഞാന്‍ നോക്കിയിരുന്നു. ദ്രുതഗതിയില്‍ ആയിരുന്നു അവരുടെ ചലനങ്ങള്‍. നന്നേ മെലിഞ്ഞ അമ്മ വളരെ ബുദ്ധിമുട്ടിയാണ് അപ്പച്ചനെ ഇടവിട്ടുള്ള സമയങ്ങളില്‍ ചരിച്ച് കിടത്തിയിരുന്നത്.

ഡോ. സോളമന് എ. ജോസഫ്
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മുറിവിന് അത്യാവശ്യം ഉണക്കം വന്നിരുന്നു. ഡിസ്ചാര്‍ജ് എഴുതുന്നതിന്റെ ഇടയില്‍ ഒരു ഒപി ടിക്കറ്റുമായി അവര്‍ അടുത്ത് വന്നു. ”മുട്ടുതേയ്മാനമാണ് ഡോക്ടറേ. സര്‍ജറി പറഞ്ഞിരുന്നു. പുള്ളി കിടപ്പിലായോണ്ട് ട്രീറ്റ്മെന്റും കാര്യമായി എടുക്കാന്‍ സാധിച്ചില്ല. ഇത്രേം ദിവസം നോക്കിയപ്പോള്‍ തന്നെ വേദന സഹിക്കാന്‍ പറ്റണില്ല, ഗുളികയുടെ കൂട്ടത്തില്‍ ഒരു ഇഞ്ചക്ഷന് കൂടി എഴുതിയേക്കാമോ?” നിറഞ്ഞ കണ്ണുകളോടെ നില്ക്കുന്ന നിസ്സഹായയായ ആ അമ്മയെ സമാധാനിപ്പിക്കാന്‍ ഏറെ പണിപ്പെട്ടു. എല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിക്കുമെന്നും വീണ്ടും കാണാമെന്നും പറഞ്ഞു കൊണ്ട് അവര്‍ മടങ്ങിപ്പോയി. ആ മുറിവ് മാത്രമേ ഉണങ്ങിയിരുന്നുള്ളൂ, അപ്പച്ചന്റെ കിടപ്പുരോഗത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാലും ആ അമ്മയ്ക്ക് സന്തോഷമായിരുന്നു. മുറിവെങ്കിലും ഉണങ്ങിയല്ലോ! പൊന്നുപോലെ നോക്കുന്ന ഭര്‍ത്താവിന്റെ ദേഹത്ത് വന്ന വ്രണങ്ങള്‍ അവരുടെ മനസിലായിരുന്നു കൊണ്ടുനടന്നത്.
പിന്കുറിപ്പ്
ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ കരുത്തുള്ളവരാണോ നാം? പ്രതിസന്ധികളില്‍ പതറാതിരിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? അതിനായുള്ള ആത്മവിശ്വാസം കണ്ടെത്താന്‍ കഷ്ടതകളിലൂടെ പോകേണ്ടത് അനിവാര്യമാണെന്ന് വിശുദ്ധഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നു. ”എന്തെന്നാല്‍, കഷ്ടത സഹനശേഷി ഉളവാക്കുന്നുവെന്നു നാം അറിയുന്നു. സഹനശേഷി സ്വഭാവമേന്മയും, സ്വഭാവമേന്മ പ്രത്യാശയും. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.” – റോമാ 5: 3-5. ഈ ലോക ജീവിതം ലക്ഷ്യംവച്ചാണ് നമ്മുടെ പ്രയാണമെങ്കില്‍ കഷ്ടതകളില്‍ നാം തളരുകയേ ഉള്ളൂ. സഹനങ്ങള്‍ ഏറ്റെടുക്കാനാകാതെ കുഴഞ്ഞുവീണേക്കാം. അതിനാല്‍ ആത്മധൈര്യം വര്‍ദ്ധിക്കുകയുമില്ല. മേല്‍പ്പറഞ്ഞ കഥയിലെ അമ്മ ഈ വലിയ പ്രതിസന്ധികളുടെ മധ്യേ മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കുകയും തന്റെ ജീവിതത്തെ ഓര്‍ത്ത് ഒരിക്കല്‍പ്പോലും പരിഭവം പറയുന്നതും ഇല്ല. ഈ പ്രത്യാശ നമുക്ക് ഉണ്ടോ?

