കഴിഞ്ഞ വെള്ളിയാഴ്ച പെട്ടെന്ന് കലശലായ ചുമയും വിമ്മിട്ടവുമുണ്ടായി ഛര്‍ദിച്ച് വമനാംശങ്ങള്‍ ശ്വാസനാളിയിലേക്കു കടന്നുചെന്നതിനെത്തുടര്‍ന്നുണ്ടായ ‘ബ്രോങ്കോസ്പാസത്തിന്റെ’ കടുത്ത ശ്വസന പ്രതിസന്ധിയുടെ ദൂഷ്യഫലങ്ങളോ പനിയോ കാണുന്നില്ല. രണ്ടു ദിവസമായി പൊതുവെ ശാന്തമായ അവസ്ഥ തുടരുകയാണെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തു എന്നു പറയാറായിട്ടില്ലെന്ന് വിദഗ്ധ ചികിത്സകര്‍ ചൂണ്ടിക്കാട്ടുന്നു.
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ ‘ക്ലിനിക്കല്‍’ നില മെച്ചപ്പെട്ട രീതില്‍ തുടരുന്നതായി ഞായറാഴ്ച വൈകീട്ട് വത്തിക്കാന്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ശ്വാസനാളത്തില്‍ വായുമാര്‍ഗം സൃഷ്ടിക്കുന്നതിനുള്ള ഉപകരണമൊന്നും കൂടാതെ ഫെയ്സ്മാസ്ക്കിലൂടെ പ്രാണവായു നല്‍കുന്നതിനും ഉച്ഛ്വാസവായു നീക്കം ചെയ്യുന്നതിനുമായുള്ള നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന് നിര്‍ത്തലാക്കി മൂക്കിലെ ട്യൂബ് വഴി ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പെട്ടെന്ന് കലശലായ ചുമയും വിമ്മിട്ടവുമുണ്ടായി ഛര്‍ദിച്ച് വമനാംശങ്ങള്‍ ശ്വാസനാളിയിലേക്കു കടന്നുചെന്നതിനെത്തുടര്‍ന്നുണ്ടായ ‘ബ്രോങ്കോസ്പാസത്തിന്റെ’ കടുത്ത ശ്വസന പ്രതിസന്ധിയില്‍ നിന്നുള്ള ദൂഷ്യഫലങ്ങളോ പനിയോ കാണുന്നില്ല.
അതിനുശേഷം രണ്ടു ദിവസമായി പൊതുവെ ശാന്തമായ അവസ്ഥ തുടരുകയാണ്. അതേസമയം, അപകടനില പൂര്‍ണമായും തരണം ചെയ്തു എന്നു പറയാറായിട്ടില്ലെന്ന് വിദഗ്ധ ചികിത്സകര്‍ ചൂണ്ടിക്കാട്ടുന്നു.
ഞായറാഴ്ച രാവിലെ ആശുപത്രിയിലെ പേപ്പല്‍ ചേംബറിനോടു ചേര്‍ന്ന ചാപ്പലില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ പരിശുദ്ധ പിതാവ് പങ്കുചേര്‍ന്നു. പാപ്പായെ പരിചരിക്കുന്നവരും അതില്‍ സംബന്ധിച്ചു.
പ്രശാന്തമായ മറ്റൊരു രാത്രി പിന്നിട്ട്, ഞായറാഴ്ച രാവിലെ ഉറക്കമുണര്‍ന്ന് പാപ്പാ കാപ്പിയും പ്രഭാതഭക്ഷണവും കഴിച്ച് പതിവുപോലെ പത്രങ്ങളും വായിച്ചതായി വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പകല്‍ മുഴുവന്‍ വിശ്രമത്തിലും പ്രാര്‍ഥനയിലുമായി ചെലവഴിച്ചു.
വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രൊ പരോളിനും, പേപ്പല്‍ ചീഫ് ഓഫ് സ്റ്റാഫ് എന്നറിയപ്പെടുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പൊതുകാര്യങ്ങള്‍ക്കായുള്ള സബ്സ്റ്റിറ്റിയൂട്ട്, ആര്‍ച്ച്ബിഷപ് എദ്ഗര്‍ പേഞ്ഞ്യ പാറായും ആശുപത്രിയിലെത്തി പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തി. രണ്ടാം തവണയാണ് ഇരുവരും ആശുപത്രിയില്‍ പാപ്പായെ സന്ദര്‍ശിക്കുന്നത്.
‘കര്‍ത്താവിന്റെ മാലാഖ മറിയത്തോടു വചിച്ചു’ എന്നു തുടങ്ങുന്ന മധ്യാഹ്നപ്രാര്‍ഥന നയിച്ചുകൊണ്ട് ഞായറാഴ്ചതോറും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും പൊതുദര്‍ശനം നല്കുന്ന പതിവ്, പാപ്പായുടെ ആശുപത്രിവാസത്തിനിടെ തുടര്‍ച്ചയായി മൂന്നാം തവണയും മുടങ്ങിയെങ്കിലും ആശുപത്രിയില്‍ വച്ച് പാപ്പാ തയാറാക്കിയ സന്ദേശം വത്തിക്കാന്‍ ഞായറാഴ്ച പുറത്തിറക്കി.
”ഇപ്പോഴത്തെ തളര്‍ച്ചയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കൃപ ഞാന്‍ എന്റെ ഹൃദയത്തില്‍ അനുഭവിക്കുന്നുണ്ട്, ഇത്തരം നിമിഷങ്ങളിലാണ് നാം കര്‍ത്താവില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കാന്‍ പഠിക്കുന്നത്,” പാപ്പാ ആഞ്ജലുസ് സന്ദേശത്തില്‍ പറഞ്ഞു. ”രോഗികളും വേദനിക്കുന്നവരുമായ അനേകം മനുഷ്യരുടെ കഷ്ടപ്പാടുകളില്‍ ശരീരം കൊണ്ടും ആത്മാവിനാലും പങ്കുചേരാന്‍ എനിക്ക് അവസരം തന്നതിന് ഞാന്‍ ദൈവത്തോട് നന്ദിപറയുന്നു.”
ലോകമെമ്പാടുമുള്ള വിശ്വാസികളുടെ സ്നേഹവാത്സല്യവും സാമീപ്യവും തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നും ദൈവജനത്തിന്റെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ഥനകളില്‍ താന്‍ സംവഹിക്കപ്പെടുകയാണെന്നും പാപ്പാ കുറിച്ചു. തനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും തന്നെ പിന്താങ്ങുകയും ചെയ്യുന്ന എല്ലാവര്ക്കും പാപ്പാ നന്ദിയറിയിച്ചു. തനിക്കു നല്കിക്കൊണ്ടിരിക്കുന്ന പരിചരണത്തിനും കരുതലിനും ജെമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശുദ്ധ പിതാവ് വീണ്ടും ഹൃദയപൂര്‍വം നന്ദിപറഞ്ഞു. താന്‍ എല്ലാവര്‍ക്കുവേണ്ടിയും, എല്ലാറ്റിനുമുപരിയായി സമാധാനത്തിനായും പ്രാര്‍ഥിക്കുന്നുണ്ടെന്ന് പാപ്പാ അറിയിച്ചു.
”ഇവിടെ നിന്ന്, യുദ്ധം കൂടുതല്‍ അസംബന്ധമായി തോന്നുന്നു,”’ യുക്രെയ്ന്, പലസ്തീന്, ഇസ്രയേല്‍, ലെബനന്, മ്യാന്മര്, സുഡാന്, കിവു എന്നിവിടങ്ങളിലെ പീഡിതരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.
റോമിലെ വിശ്വാസികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ജെമെല്ലി ആശുപത്രി അങ്കണത്തില്‍ പരിശുദ്ധ പിതാവിനുവേണ്ടി ജപമാലയര്പ്പിച്ചുകൊണ്ടും മറ്റും ‘അഖണ്ഡ’ പ്രാര്‍ഥനകളില്‍ പങ്കുചേരുന്നുണ്ട്.
ആശുപത്രിയില്‍ 17 ദിവസങ്ങള്‍ പിന്നിടുന്ന പാപ്പായുടെ രോഗശാന്തിക്കും സൗഖ്യത്തിനുമായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ റോമിലുള്ള കര്‍ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും മെത്രാന്മാരും വൈദികരും സന്ന്യസ്തരും അനേകായിരം വിശ്വാസികളോടും തീര്ഥാടകരോടുമൊപ്പം ദിവസവും രാത്രി ഒന്‍പതിന് പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് ജപമാലയര്‍പ്പണം തുടരുകയാണ്. ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കോണ്‍റാഡ് ക്രയെവ്സ്കിയാണ് ഞായറാഴ്ച രാത്രി ജപമാലപ്രാര്‍ഥന നയിച്ചത്.
പാപ്പായ്ക്കുവേണ്ടിയും തങ്ങളുടെ ശുശ്രൂഷാനിയോഗങ്ങള്ക്കുമായി പ്രാര്‍ഥിക്കുന്നതിന് റോമിലെ ജെമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ശനിയാഴ്ച മഴയത്തുതന്നെ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു ജൂബിലി തീര്‍ഥാടനം നടത്തുകയുണ്ടായി.

