കൊച്ചി: സംസ്ഥാനത്തെ പട്ടികജാതി വിഭാഗമുൾപ്പടെ വിവിധ അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ചെലവഴിക്കാൻ നിശ്ചയിച്ചിരുന്ന ഫണ്ട് വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാമെന്ന് കെആർഎൽസിസി .
വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാർത്ഥികൾക്ക് നല്കുന്ന സ്ക്കോളർഷിപ്പുകൾ വെട്ടിക്കുറച്ചത് അന്യായമാണ് . ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ലഭ്യമായിരുന്ന സ്ക്കോളർഷിപ്പുകളിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പകുതിയായി വെട്ടി ചുരുക്കിയത്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള പദ്ധതികളിലും വലിയ വെട്ടിക്കുറവാണ് നടത്തിയിരിക്കുന്നത്. ലൈഫ് മിഷൻ ഉൾപ്പടെയുള്ള പദ്ധതികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ബിരുദാനന്തര പഠനത്തിനുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയ തുക അമ്പത് ശതമാനമായി കേരള സർക്കാർ വെട്ടിക്കുറച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ ശ്രമിക്കുന്ന നിസ്വരായ ന്യൂനപക്ഷ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല.
സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് തികഞ്ഞ പരാജയമായിരിക്കുകയാണ്. 2024- 25 ൽ സ്കോളർഷിപ്പായി നല്കാൻ 87.63 കോടി രൂപ ന്യൂനപക്ഷ ക്ഷേമ ഡയറക്ട്റേറ്റിന് നല്കീയതിൽ സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ 1.39 ശതമാനം മാത്രമെ വിനിയോഗിച്ചിട്ടുള്ളതായി സംസ്ഥാന ആസൂത്രണ ബോർഡ് വിലയിരുത്തുന്നു.
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നല്കുന്ന സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച നടപടി സർക്കാർ പിൻവലിക്കണം.
വീടുകൾ നവീകരിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും, ഭവനനിർമ്മാണത്തിത് ഭൂമി വാങ്ങുന്നതിനും, വിവാഹത്തിനുമുള്ള ധനസഹായം, പെൺകുട്ടികൾക്കുള്ള വാത്സല്യ നിധി എന്നിങ്ങനെ പാവപ്പെട്ടവർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികൾക്കാണ് സർക്കാർ ഇപ്പോൾ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്.
സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കെ ആവശ്യമായ പണം അനുവദിച്ച് വിദ്യാർത്ഥികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.