വത്തിക്കാൻ: സമൂഹത്തിലെ പാവപ്പെട്ടവരെയും ദാരിദ്ര്യരെയും അവഗണിക്കരുതെന്നും, സാമൂഹ്യവ്യവസ്ഥിതിയിലെ വിഭജനങ്ങളും, അസമത്വങ്ങളും അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് പാപ്പാ. പാവപ്പെട്ടവരോടും വേദനയനുഭവിക്കുന്നവരോടും സമീപസ്ഥരായിരിക്കുക എന്നത് സഭയുടെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് തിരിച്ചറിയണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
റോം രൂപതയുടെ കീഴിൽ “മുറിവേറ്റതിനെ തുന്നിപ്പിടിപ്പിക്കുക, അസമത്വങ്ങൾക്കുമപ്പുറം” എന്ന പേരിൽ, ജോൺ ലാറ്ററൻ ബസലിക്കയിൽ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തിൽ സംസാരിക്കുന്ന അവസരത്തിലാണ് പാവപ്പെട്ടവരുടെയും ദരിദ്രരുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി സഭയും സമൂഹവും മുന്നോട്ട് വരണമെന്ന് പാപ്പാ ആഹ്വാനം ചെയ്തത്.
റോമിന്റെ തെരുവുകളിൽ താമസിക്കുന്ന ഒരുപാട് മനുഷ്യരുടെയും, സ്വന്തമായി വീടോ ജോലിയോ ഇല്ലാതെ അലയുന്ന യുവജനങ്ങളുടെയും, വിവിധ ദുഃശീലങ്ങൾക്കും ആധുനിക അടിമത്തങ്ങൾക്കും കീഴ്പ്പെട്ട് നിരാശരുമായിരിക്കുന്ന ആളുകളുടെയും ജീവിതങ്ങൾ വെറും കണക്കുകളായി അവസാനിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവരിൽ മുറിവേറ്റ ക്രിസ്തുവിന്റെ മുഖം കാണാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്ന് പാപ്പാ ചോദിച്ചു. ഇങ്ങനെയുള്ള മനുഷ്യർക്കായി നമുക്കൊരുമിച്ച് എന്തുചെയ്യാനാകുമെന്ന് ചിന്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.
പാവപ്പെട്ടവർ ക്രിസ്തുവിന്റെ ശരീരമാണെന്ന് പറഞ്ഞ പാപ്പാ, അവർക്കായി അത്ഭുതകരമായ പരിഹാരങ്ങളൊന്നും യേശു വാഗ്ദാനം ചെയ്യുന്നില്ലെന്നും, എന്നാൽ അവരിലേക്ക് സുവിശേഷസന്ദേശമെത്തിക്കുകയാണ് നാം വേണ്ടതെന്നും പറഞ്ഞു. ദാരിദ്ര്യമെന്ന പ്രശ്നത്തെ സഭാത്മകമായ ഒരു ഉത്തരവാദിത്വമായി കാണുകയും, അവർക്ക് സമീപസ്ഥരായിരുന്നുകൊണ്ട്, ദൈവത്തിന് അവരോടുള്ള ആർദ്രതയുടെ അടയാളങ്ങളായി മാറുകയും ചെയ്യാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. സമൂഹത്തിൽ ദുർബലരും പാവപ്പെട്ടവരുമായിരിക്കുന്ന മനുഷ്യർക്ക് ചെയ്യുന്ന സേവനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു.