ഷാജി ജോര്‍ജ്
യാത്രികന് കവിയും ആ കവി സഞ്ചാരത്തിന്റെ കാഴ്ചകള്‍ കുറിപ്പുകളും കവിതയുമായി എഴുതിയാല്‍ പുതിയ കാലത്തെ ഭാഷയില്‍ അതൊരു വേറെ ലെവലാവും. കവി കെ. സച്ചിദാനന്ദന്റെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘പല ലോകം പല കാലം’ പുസ്തകമാണ് ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്.
പല കാലങ്ങളില്‍ കവി നടത്തിയ യാത്രകളുടെ പുസ്തകം ആണിത്. പുസ്തകത്തെ പശ്ചിമകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. യുഗോസ്ലാവിയ, സ്വീഡന്, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലൂടെയുള്ള യാത്രയാണ് പശ്ചിമകാണ്ഡത്തിലുള്ളത്. ചൈനയിലേക്കുള്ള യാത്ര ഉത്തരകാണ്ഡത്തിലും. യാത്രാനുഭവങ്ങള്‍ക്ക് ഒപ്പം കവിഭാവനയില്‍ ഉരുത്തിരിഞ്ഞ കവിതകളും പുസ്തകത്തിലുണ്ട്.
റോമിലെ മഴ ഉത്ഭവിക്കുന്നത്
മരിച്ച മകനെ മടിയില്‍ കിടത്തിയ മറിയത്തിന്റെ കണ്ണുകളില്നിന്നാണ്.
പുറപ്പാടിന്റെ കാല്പാടുകള് മഴയിലലിയുന്നു.
വഴി കാട്ടിയ നക്ഷത്രങ്ങള്‍ പ്രളയത്തില്‍ മുങ്ങിമരിക്കുന്നു.
കൊളോസ്സിയത്തിനു മുകളില്‍ ഒരു കാക്ക മനുഷ്യന്റെ അവസാനത്തെ നൂറ്റാണ്ടറിയിക്കുന്നു.
സെന്റ് പീറ്റര്‍ ദേവാലയത്തിനു മുകളിലൂടെ ഒരു ബോംബര്‍ വിമാനം ചീറിപ്പായുന്നു.
റോം സന്ദര്‍ശന വേളയില്‍ സച്ചിദാനന്ദന് എഴുതിയ കവിതയാണ് മുകളില്‍ ഉദ്ധരിച്ചത്. മരിച്ച മകനെ മറിയത്തിന്റെ മടിയില്‍ കിടത്തുന്നതില്‍ നിന്നാണല്ലോ ‘പിയാത്തെ’ എന്ന പ്രശസ്ത ശില്പം ഉണ്ടാകുന്നത്. മറിയത്തിന്റെ വിലാപം ഇവിടെ നൂറ്റാണ്ടിനു വേണ്ടിയുള്ള വിലാപമായി മാറുന്നു.
യാത്രാനുഭവങ്ങളെ കുറിച്ച് കവി പറയുന്നത് ഇങ്ങിനെയാണ്: എന്റെ കുറേ യാത്രകളുടെ ഉത്പന്നമാണ് ഈ സമാഹാരം. ഒരു യാത്രയും തെരുവിലോ കടലിലോ വായുവിലോ മാത്രമല്ല, ഓരോന്നും മനസ്സുകളിലേക്കും സംസ്കാരങ്ങളിലേക്കും ജീവിതശൈലികളിലേക്കും ബന്ധങ്ങളിലേക്കുമുള്ള യാത്രകളാണ്.
ഓരോ യാത്രയും ചിലത് അനുഭവിപ്പിക്കുന്നു, ചിലതു പഠിപ്പിക്കുന്നു, അനുഭവങ്ങളുടെ സീമ വിപുലമാക്കുന്നു. പഠിച്ചുവച്ച ചിലതു തെറ്റെന്നു തെളിയിക്കുന്നു. ചിലയിടങ്ങളില്‍ അപരിചിതത്വമുണരുന്നു, ചിലയിടങ്ങളിലോ മുജ്ജന്മസന്ദര്ശനത്തിന്റെയെന്ന പോലുള്ള പരിചിതത്വവും സ്മൃതികളും.
പോയിടങ്ങളിലൊന്നും ഞാനൊരു വിനോദസഞ്ചാരിയായിരുന്നില്ല. പോകുന്നതിനു മുന്‍പും വന്നതിനുശേഷവും ഞാന്‍ പഠിക്കുകയും ആലോചിക്കുകയും ചെയ്തിരുന്നു. വഴിയില്‍ കണ്ടതെല്ലാം മനസ്സില്‍ കുറിച്ചിട്ടിരുന്നു. എല്ലാ ഇന്ദ്രിയങ്ങളും തുറന്നുവച്ചിരുന്നു. അറിഞ്ഞതില്‍ പാതി ലേഖനങ്ങളായി. അനുഭവിച്ചതില്‍ പാതി കവിതകളും. കണ്ടതിന്റെ ഒരംശം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. പകര്ത്താനായിട്ടല്ല, പടങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മിക്കാന്‍. പടങ്ങള്‍ പ്രതിച്ഛായകളല്ല, സൂചകങ്ങള്‍ മാത്രം.
പോയിടത്തെല്ലാം ക്യാമറ പരാജയപ്പെട്ടു – പ്രതിച്ഛായകളായിരുന്നു ലക്ഷ്യമെങ്കില്‍. നിറങ്ങള്‍, ആകാരങ്ങള്‍, സ്മാരകങ്ങളായാലും പ്രകൃതിദൃശ്യങ്ങളായാലും ആള്ക്കൂട്ടങ്ങങ്ങളായാലും ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട് മ്യൂസിയമായാലും ചൈനയിലെ വന്മതിലായാലും തായ്ലന്ഡിലെ ബുദ്ധ ക്ഷേത്രമായാലും മോസ്കോവിലെ ഹിമധാവള്യമായാലും സ്റ്റോക്ഹോമിലെ തുറമുഖമായാലും റോമിലെ സംസ്കാരാവശിഷ്ടങ്ങളായാലും ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രകൃതിദൃശ്യമായാലും ഒരുപക്ഷേ, മൂവിക്യാമറകള്ക്ക് അല്പമെങ്കിലും നീതിചെയ്യാനാകാം.
എങ്കിലും കാഴ്ചയുടെ കൂടെ വരുന്ന മറ്റനുഭവങ്ങളെ എന്തു ചെയ്യും, ശബ്ദക്കലവികള്, പൂക്കളുടെ മണങ്ങള്‍, ചുമലില്‍ ഒരു സുഹൃത്തിന്റെ കരസ്പര്‍ശം, ഭക്ഷണത്തിന്റെ കൊതിയോ വിരക്തിയോ തോന്നിക്കുന്ന രുചികള്‍, പിന്നെ സ്മൃതികള്‍. ചരിത്രം. ചരിത്രം മുഴുവന്‍? അപ്പോള്‍ നാം എഴുതിത്തുടങ്ങുന്നു. ഗദ്യം പരാജയപ്പെടുന്നിടത്ത് കവിത ചിലപ്പോള്‍ വിജയിക്കുന്നു. എങ്കിലും പറഞ്ഞതിന്റെ പത്തിരട്ടി മനസ്സില്‍ ബാക്കിയാവുന്നു. ചിലത് അടുപ്പമുള്ളവരോട് സംസാരത്തില്‍ പങ്കിടുന്നു. ചിലത് ചിതയിലേക്കെടുക്കപ്പെടുന്നു.
എഴുത്തുകാരും കവികളും ശില്പികളും കലാകാരന്മാരും നിറഞ്ഞ ഇടങ്ങളാണ് സച്ചിദാനന്ദന് പുസ്തകത്തില്‍ ആകെ വരച്ചിടുന്നത്. ലോക കാവ്യോത്സവങ്ങള്‍, ജയിലിലെ കവി സമ്മേളനങ്ങള്‍, സ്വീഡിഷ് സിനിമകള്‍ പ്രത്യേകിച്ച് ബര്ഗ്മാന്, നാടകസാഹിത്യവും തീയറ്ററുകളും, ലെനിന് പൂര്‍ത്തീകരിച്ച ടോള്‍സ്റ്റോയി ദേശീയസ്മാരകം, സാംസ്കാരിക -പാരിസ്ഥിതിക – ജനകീയ കൂട്ടായ്മകള്‍ ……. തുടങ്ങി പുസ്തകം മടക്കി വച്ചാലും തീരാത്ത ആവേശം നല്കുന്നു കവിയുടെ യാത്രകളുടെ ഉത്പന്നം. അത് വായന തീരുന്നതോടെ നമ്മുടെ മനസ്സില്‍ കയറിപ്പറ്റുന്നു.
ചൈന – തായ്ലന്ഡ് സന്ദര്‍ശനവേളയില്‍ എഴുതിയ ”താവോ ക്ഷേത്രത്തില്‍ പോകേണ്ടതെങ്ങനെ?’ എന്ന കവിതയിലെ അവസാന വരികള്‍ രേഖപ്പെടുത്തി ഈ പുസ്തകം നല്കുന്ന സന്തോഷം അറിയിക്കട്ടെ!
നാട്യമരുത്.
നീ ഇനിയും രൂപപ്പെട്ടിട്ടില്ല.
ദേഷ്യമരുത്:
പൊടിപോലും നിന്റെ വരുതിയിലല്ല, ഖേദമരുത്.
അതൊന്നിനെയും ബാധിക്കുന്നില്ല.
കീര്‍ത്തി വിളിച്ചാല്‍
വഴിമാറി നടക്കുക.
ഒരു കാലടിപ്പാടുപോലും ബാക്കിയിടാതിരിക്കുക.
കൈകള്‍ ഉപയോഗിക്കയേ വേണ്ടാ
അവ എപ്പോഴും ചിന്തിക്കുന്നത് ഹിംസയെക്കുറിച്ചാണ്.
മഹത്വത്തെ നിരാകരിക്കുക, മഹത്വത്തിലേക്ക് വേറെ വഴിയില്ല.
പുഴയിലെ മീന്‍ പുഴയില്‍ കിടക്കട്ടെ
മരത്തിലെ പഴം മരത്തിലും.
കടുപ്പമേറിയത് ഒടിയും, മൃദുവായത് അതിജീവിക്കും,
നാവ് പല്ലിനെയെന്നപോലെ.
ഒന്നും ചെയ്യാത്തവനേ
എല്ലാം ചെയ്യാനാവൂ.
പടി കടന്നു ചെല്ലൂ.
നിന്നെക്കാത്തിരിക്കുന്നു
നിര്‍മ്മിക്കപ്പെടാത്ത വിഗ്രഹം.