ജോബി ബേബി കുവൈറ്റ്
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതോടെ എംപോക്സ് പകര്‍ച്ചവ്യാധിയില്‍ കുരുങ്ങിയിരിക്കുകയാണ് ലോകം. ഓര്‍ത്തോ പോക്സ് വൈറസ് ജെനുസിലാണ് എംപോക്സ് ഉള്‍പ്പെടുന്നത്.1958ല്‍ ഡെന്മാര്ക്കിലാണ് ആദ്യമായി ഈ വൈറസ് കുരങ്ങുകളില്‍ കണ്ടെത്തിയത്. മങ്കി പോക്സ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1970ല്‍ ഡെമോക്രാറ്റിക് റിപ്ലബിക് ഓഫ് ദ കോങ്കോയില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞില്‍ രോഗം സ്ഥിരീകരിച്ചതോടെ ആദ്യമായി മനുഷ്യരിലും രോഗം കണ്ടുപിടിച്ചു. 2022ല്‍ 116 രാജ്യങ്ങളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു.
എന്താണ് എംപോക്സ്?
നേരത്തെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്.
രോഗപ്പകര്‍ച്ച
കൊവിഡ്, എച്ച്1 എന്‍1പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്സ്. രോഗം ബാധിച്ചവരുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് തൊടുക, ലൈംഗികബന്ധം, കിടക്കയോ വസ്ത്രമോ തൊടുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗം പകരാം.
ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണുക. പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നിവിടങ്ങളിലും ഇവ കാണാം.
പ്രതിരോധം
അസുഖബാധിതരായവരുമായി സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്നവര്‍ക്കാണ് എംപോക്സ് പകരുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയവരെ പരിചരിക്കുന്നവരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.