ജെയിംസ് അഗസ്റ്റിന്
വല്ലാര്പാടത്തമ്മേ
ദൈവപുത്രനെ പെറ്റു വളര്‍ത്തിയ
വല്ലാര്പാടത്തമ്മേ
പള്ളിവീട്ടിലെ തള്ളയെ പിള്ളയെ
ഉള്ളംനിറ നിറവോടു കനിവോടു
അല്ലല്കൊടു കടലുകടത്തിയോരമ്മേ
തനതുകലയുടെ ആചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കര്‍ വല്ലാര്പാടത്തമ്മയെക്കുറിച്ചെഴുതിയ ഗാനത്തിന്റെ ആദ്യവരികളാണിത്. ജെറി അമല്‍ദേവ് സംഗീതം നല്കിയ ഈ ഗാനം പാടിയത് രചയിതാവിന്റെ മകനായ കാവാലം ശ്രീകുമാറായിരുന്നു. വല്ലാര്‍പാടത്തമ്മയുടെ സ്തുതിഗീതങ്ങളുമായി 2001-ല്‍ മലയാളത്തിലും തമിഴിലും പ്രകാശിതമായ ഗാനസമാഹാരത്തിനു വേണ്ടിയാണ് കാവാലം ഈ രചന നിര്‍വഹിച്ചത്.
ഫാ. വില്യം നെല്ലിക്കല്‍ സി.എ.സി.യുടെ ഡയറക്ടറായിരുന്നപ്പോൾ അന്നത്തെ ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ താത്പര്യപ്രകാരമാണ് ഇങ്ങനെ ഒരു ഗാനസമാഹാരത്തിനു തുടക്കമിടുന്നത്. ‘അമ്മേ വല്ലാര്പാടത്തമ്മേ’ എന്ന പേരില്‍ ഇറങ്ങിയ ഓഡിയോ സിഡിയെക്കുറിച്ചു നിര്‍മ്മാണനിര്‍വഹണം നടത്തിയ ഫാ. വില്യം നെല്ലിക്കല്‍ പറയുന്നു:
‘വല്ലാര്‍പാടം പള്ളിയുടെ ചരിത്രവും അമ്മയുടെ സ്തുതിഗീതങ്ങളും ചേര്‍ത്തൊരു സംഗീതസമാഹാരം പുറത്തിറക്കുവാന്‍ എന്നെ ചുമത്തപ്പെടുത്തിയത് ആര്‍ച്ച്ബിഷപ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലായിരുന്നു. ജെറി അമല്‍ദേവ് മാസ്റ്ററുമായുള്ള ആദ്യചര്ച്ചയില്തന്നെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ വരികള്‍ കിട്ടിയാല്‍ നന്നായിരിക്കുമെന്ന് അഭിപ്രായം ജെറി മാസ്റ്റര്‍ പങ്കുവച്ചു. അങ്ങനെയാണ് കാവാലത്തെയും കൈതപ്രത്തെയും സമീപിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ നേരില്‍ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയി. അദ്ദേഹത്തിന്റെ വീട്ടില്‍ യേശുക്രിസ്തുവിന്റെ പ്രതിഷ്ഠയുടെ മുന്നിലിരുന്നാണ് ഞങ്ങള്‍ സംസാരിച്ചത്. പരിശുദ്ധ മറിയത്തിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ വര്‍ണ്ണിക്കുന്ന ഒരു ഗാനം വേണമെന്ന് ഞാന്‍ പറഞ്ഞു. മാതാവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങിയ എന്നോട് ഞാന്‍ പറയാനുദ്ദേശിച്ചതെല്ലാം പറഞ്ഞു എന്നെ അദ്ഭുതപ്പെടുത്തുകയായിരുന്നു കവി. അദ്ദേഹം ഒരു മണിക്കൂറിനുള്ളില്‍ രണ്ടു ഗാനങ്ങള്‍ എഴുതി നല്കി.
കാവാലം നാരായണപ്പണിക്കരെക്കാണാന് പോയത് ജെറി മാസ്റ്ററോടൊപ്പമാണ്. നമ്മുടെ അടിമനേര്ച്ചയെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷേത്രങ്ങളിലെ അടിമനേര്ച്ചയെക്കുറിച്ചു ഞങ്ങളോടും പറഞ്ഞു. സി.എ.സി.യിലായിരുന്നു റെക്കോര്‍ഡിങ്. നാടന്‍പാട്ടുകളുടെയും വഞ്ചിപ്പാട്ടുകളുടേയുമെല്ലാം രീതികളിലായിരുന്നു ജെറി മാസ്റ്റര്‍ വരികള്‍ക്ക് ഈണം നല്‍കിയത്. നമ്മുടെ സംഗീതോപകരണങ്ങളായ ചെണ്ട, ഇടയ്ക്ക, മൃദംഗം എന്നിവയെല്ലാം റെക്കോര്‍ഡിങ്ങിനു ഉപയോഗിച്ചു. എല്ലാ മതസ്ഥരും വന്നു ചേരുന്ന ഒരു തീര്‍ത്ഥത്തിരുനട എന്ന സങ്കല്‍പ്പത്തില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ ആല്‍ബം ഞങ്ങള്‍ ഒരുക്കിയത്.
കൈതപ്പ്രം എഴുതിയ ഗാനത്തിന്റെ ആദ്യവരികള്‍.
‘അമ്മേ അമ്മേ നല്ലമ്മേ
വല്ലാര്പാടത്തമ്മേ
ഞങ്ങടെ നല്ലാര്പാടത്തമ്മേ
ചെമ്മേ ചെമ്മേ കേളമ്മേ
വല്ലാര്പാടത്തമ്മേ
ഞങ്ങടെ നല്ലാര്പാടത്തമ്മേ
ദൈവഹിതം കൈയേറ്റുംകൊണ്ടേക
ജാതനെയേറ്റവളെ
ബെത്ലഹേമിലെ കാലിക്കൂട്ടില്‍
തന്കടിഞ്ഞൂല് പെറ്റവളെ
ദൈവപുത്രനും അമ്മ നീ
ഭൂവിലേവനും അമ്മ നീ’
ഈ ഗാനം പാടിയത് വില്‍സണ്‍ പിറവവും സംഘവുമാണ്.
വല്ലാര്‍പാടം പള്ളിയിലെ പാരമ്പര്യനേര്ച്ചകളെക്കുറിച്ചു കൈതപ്രം എഴുതിയ ഗാനം കെസ്റ്ററും സംഘവുമാണ് ആലപിച്ചത്.
‘വല്ലാര്പാടത്തമ്മേ നിന്റെ
പള്ളിമുറ്റമടിക്കുമ്പോള്
വിശുദ്ധമായ് മാറുന്നുണ്ടേ
മനസ്സിന് മുറ്റം.’
കാവാലം എഴുതിയ രണ്ടാമത്തെ ഗാനത്തിന്റെ വരികള്‍.
‘തിരുന്നാള്പൊന്തിരി തെളിഞ്ഞു
മറിയത്തായത്തിരമുണരുംപടി
തീര്‍ത്ഥത്തിരുനടയില്‍
മനുജഹൃദയനാളങ്ങളുയര്ന്നു
തീര്‍ത്ഥത്തിരുനടയില്‍’.
‘ദയയാല്‍ നിറയും മാതാവേ
തേടിവരാം നിന് സങ്കേതം ‘
എന്ന് തുടങ്ങുന്ന വിശുദ്ധ ബെര്‍ണാര്‍ഡിന്റെ പ്രാര്‍ഥനയുടെ ഗാനരൂപം ഫാ. ചെറിയാന് കുനിയന്തോടത്ത് എഴുതിയതിനു ശബ്ദം നല്‍കിയത് രമേശ് മുരളിയും സുനന്ദ പാലിയത്തുമാണ്.
പരേതനായ സി.ടി. ജോര്‍ജ് കാക്കനാട് എഴുതിയ രണ്ടു ഗാനങ്ങള്‍ ഈ ആല്‍ബത്തില്‍ നമുക്ക് കേള്‍ക്കാം.
‘വെല്ക വെല്ക മഹോന്നതേ
സുരസേവിതേ ഗുണവാരിധേ ‘
എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് രാജലക്ഷ്മിയും ഗാഗുല്‍ ജോസഫും ചേര്‍ന്നാണ്.
‘സര്‍വവും സൃഷ്ടിച്ചു കാത്തു പാലിച്ചിടും’ എന്ന് തുടങ്ങുന്ന ഗാനം സെബി തുരുത്തിപ്പുറവും റിമി ടോമിയും ചേര്‍ന്നാണ് ആലപിച്ചത്.
‘ആശിഷങ്ങള്‍ ഒരായിരം തരുമംബികേ
ആശയോടെ വരുന്നു മുന്നില്‍ നായികേ
അടിമയായ് മേലില്‍ അരികിലണയുമ്പോള്‍
മടിയിലമ്മേ നീയെന്നെ ചേര്‍ത്തുകൊള്ളണമേ’
ഷെവ. ഡോ.പ്രിമൂസ് പെരിഞ്ചേരി എഴുതിയ ഈ ഗാനം രമേശ് മുരളിയാണ് ആലപിച്ചത്’. സതീദേവി എഴുതിയ ‘വല്ലാര്‍പാടം വാഴുന്നോരമ്മേ’ എന്ന ഗാനം എലിസബത്ത് രാജുവിന്റെ സ്വരത്തില്‍ നമുക്ക് കേള്‍ക്കാം.
തമിഴ് ഗാനങ്ങള്‍ എഴുതിയത് ഡോ. ജോണ്‍ ബ്രിട്ടോയാണ്. പാടിയിരിക്കുന്നത് ജോളി അബ്രഹാമും സുനന്ദ പാലിയത്തുമാണ്.
രചനയിലും സംഗീതത്തിലും ആലാപനത്തിലും അതീവമേന്മ പുലര്‍ത്തുന്ന ഈ സമാഹാരം ക്രിസ്തീയ ഭക്തിഗാനശാഖയിലെ വേറിട്ടൊരു സൃഷ്ടിയാണ്.