ജെക്കോബി
ഒറ്റയ്ക്കു ഭരിക്കാനുള്ള കേവലഭൂരിപക്ഷത്തിന് ബിജെപിക്ക് 32 സീറ്റിന്റെ കുറവുണ്ടെങ്കിലും എന്‍ഡിഎ മുന്നണിയുടെ 293 സീറ്റിന്റെ ബലത്തില്‍ പ്രധാനമന്ത്രി മോദിക്ക് ഭരണത്തില്‍ മൂന്നാമൂഴം ഉറപ്പിക്കാനാകുന്നു. എന്നിട്ടും പ്രതിപക്ഷത്തെ ഇന്ത്യാസഖ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും എന്തെന്നില്ലാത്ത ആവേശതിമിര്‍പ്പിലാണ്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ജനവിധിയാണിതെന്ന് അവര്‍ വിലയിരുത്തുന്നു. രാജ്യത്ത് കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഒരിക്കലും സാധ്യമല്ലെന്ന് എല്ലാവരുംതന്നെ തീര്പ്പുകല്പിച്ച വന്‍ മുന്നേറ്റമാണ് രാഹുല്‍ ഗാന്ധിയുടെയും മറ്റും നേതൃത്വത്തില്‍ ഇന്ത്യാസഖ്യം ഈ തിരഞ്ഞെടുപ്പില്‍ നടത്തിയത്. വര്‍ഗീയ ധ്രുവീകരണത്തിന്റെയും വിദ്വേഷപ്രചരണത്തിന്റെയും സര്വാധികാരപ്രമത്തതയുടെയും വിധ്വംസക രാഷ് ട്രീയത്തിനെതിരെ സ്വാതന്ത്ര്യം, സമത്വം, മതേതരത്വം, സാഹോദര്യം എന്നീ അടിസ്ഥാന പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെ കാത്തരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്ന സാധാരണ ജനങ്ങള്‍ ‘അബ് കീ ബാര്‍ 400 പാര്’ (ഇക്കുറി 400നും അപ്പുറം) എന്ന മോദിയുടെ അതിമോഹത്തിന് ചുട്ട മറുപടി നല്കി. ‘ചരിത്രവിജയം’ അവകാശപ്പെടുമ്പോഴും മോദിയുടെ ഇച്ഛാഭംഗം ലോകം കാണുന്നുണ്ട്.
ബിജെപി 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 282 സീറ്റും, 2019-ല്‍ 303 സീറ്റുമായി സഖ്യകക്ഷികളെയാരെയും ആശ്രയിക്കാതെ ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. മൂന്നാമൂഴത്തില്‍ നാനൂറിനുമേല് സീറ്റ് നേടുമെന്ന് മോദി പ്രഖ്യാപിച്ചത്, ഇന്ദിരാഗാന്ധിയുടെ ദാരുണാന്ത്യത്തെ തുടര്‍ന്ന് 1984 ഡിസംബറില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 542 അംഗ ലോക്സഭയില്‍ 415 സീറ്റ് നേടിയതിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള മോഹത്തലാകണം.
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ഭരണഘടനാ ഭേദഗതികള്‍ക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണെന്ന വിശദീകരണവുമായി ചില ബിജെപി നേതാക്കള്‍തന്നെ രംഗത്തുവന്നു.
മഥുരയിലെ കൃഷ്ണജന്മസ്ഥാനിലെ ഷാഹി ഈദ്ഗാഹ് മോസ്ക്, വാരാണസി ഗ്യാന്‍വാപി മോസ്ക് എന്നിവയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാനും കോണ്‍ഗ്രസ് ബാബ്റി മസ്ജിദ് പുനര്നിര്മിക്കാതിരിക്കാനും 400 സീറ്റ് ഉറപ്പാക്കേണ്ടതുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിസ്വ സര്‍മ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ഭരണകൂടം അയോധ്യക്ഷേത്രം ബുള്‍ഡോസര്‍ വച്ചു തകര്‍ക്കാതിരിക്കാന്‍ തനിക്ക് അത്രയും സീറ്റു വേണമെന്ന് പ്രധാനമന്ത്രി മോദിയും യുപിയിലെ റാലിയില്‍ പറഞ്ഞു. കേവലഭൂരിപക്ഷത്തിന് 272 സീറ്റ് വേണമെന്നിരിക്കെ ബിജെപിക്ക് ഇക്കുറി കിട്ടിയത് 240 സീറ്റാണ്, എന്‍ഡിഎയ്ക്ക് മൊത്തം 293 സീറ്റും. 400 സീറ്റിന്റെ ഭൂരിപക്ഷം ദളിത്-പിന്നാക്ക സംവരണം റ്ദ്ദാക്കാനാണെന്ന പ്രചാരണം ബിജെപിക്ക് പലയിടത്തും വിനയായി.
ഇരുമുന്നണികളും തമ്മില്‍ 61 സീറ്റുകളുടെ അന്തരമേയുള്ളൂ. അടുത്തകാലത്ത് എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയ ബിഹാറിലെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെയും ആന്ധ്രപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയത്തോടെ മുഖ്യമന്ത്രി പദത്തിലേക്കു തിരിച്ചെത്തുന്ന തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെയും – 16 ലോക്സഭാ സീറ്റുള്ള ടിഡിപി ദേശീയതലത്തില്‍ എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണിപ്പോള്‍ – ഒപ്പം ചേര്‍ത്താണ് മോദി മൂന്നാം മന്ത്രിസഭാ രൂപീകരണത്തിന് ഒരുങ്ങുന്നത്. രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനു ശേഷം മൂന്നാംവട്ടം തുടര്‍ഭരണത്തിലെത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയാകും മോദി.
ഗുജറാത്തില്‍ 2001-ല്‍ മുഖ്യമന്ത്രിയായ മോദി അവിടെ 13 വര്‍ഷവും, 2014-ല്‍ ഡല്‍ഹിയിലെത്തി കേന്ദ്രത്തില്‍ കഴിഞ്ഞ 10 വര്‍ഷവും ഏകച്ഛത്രാധിപതിയായി ഭരണം നടത്തിയത് പാര്‍ട്ടിയുടെ അതിശക്തമായ അംഗബലത്തോടെയാണ്. കൂട്ടുകക്ഷി ഭരണത്തിന്റെ രീതികളൊന്നും മോദിക്ക് പഥ്യമല്ല. കൂടിയാലോചനകളും വിട്ടുവീഴ്ചകളും നയതന്ത്രവും സഹിഷ്ണുതയുമൊക്കെ സഖ്യകക്ഷി ബന്ധത്തില്‍ ആവശ്യമാണ്.
മൂന്നാമൂഴത്തിന്റെ ചരിത്രനിയോഗം പൂര്‍ത്തീകരിക്കാന്‍ നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും മറ്റു ചെറുകക്ഷികളോടും സന്ധി ചെയ്യണമെന്നു വരുന്നത് മോദി എങ്ങനെ സഹിക്കും?
ആന്ധ്രയ്ക്ക് സ്പെഷല്‍ സ്റ്റാറ്റസ് വേണമെന്ന ആവശ്യം പരിഗണിക്കാതെ വന്നപ്പോള്‍ എന്‍ഡിഎ വിട്ട നായിഡുവിനെ മോദി ‘ബാഹുബലി’ സൂപ്പര്‍ഹിറ്റ് സിനിമയിലെ ചതിയനായ വില്ലന്‍ ഭല്ലേലദേവയോട് ഉപമിച്ചും ‘യു ടേണ്‍ ബാബു’ എന്നു വിളിച്ചും ആക്ഷേപിച്ചു. നിതീഷ്കുമാറിനെയും മോദിയും അമിത് ഷായും ഏറെ അധിക്ഷേപിച്ചിട്ടുണ്ട്! ആദിവാസി, പട്ടികജാതി, ഒബിസി സംവരണ ആനുകൂല്യം അവരില്‍ നിന്ന് തട്ടിയെടുത്ത് മുസ് ലിംകള്‍ക്കു നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്ന് മോദി ‘കണ്ടെത്തിയിരുന്നു.’ ഇപ്പോള്‍ ‘എന്‍ഡിഎ പരിവാര്‍’ ആത്മമിത്രങ്ങളേ എന്ന് മോദി അഭിസംബോധന ചെയ്യുന്ന നിതീഷ്കുമാറും നായിഡുവും പണ്ടേ മുസ് ലിം സംവരണത്തിന്റെ ചാംപ്യന്മാരാണ്.
പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിസമ്മതിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുകയും എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ കൂട്ടത്തോടെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുമാണ് കഴിഞ്ഞ രണ്ടു ടേമുകളിലും ഭരണകക്ഷി അനുവര്‍ത്തിച്ചുവന്ന നയം. കോണ്‍ഗ്രസ് ഇത്തവണ 99 സീറ്റും ഇന്ത്യാസഖ്യം മൊത്തത്തില്‍ 232 സീറ്റും നേടിയിട്ടുണ്ട്. ശക്തമായ പ്രതിപക്ഷത്തിന്റെ സാന്നിധ്യം മോദിക്ക് സുഖിക്കുന്നില്ലെങ്കിലും സഭയില്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുക അത്ര എളുപ്പമാകില്ല. മുഖ്യപ്രതിപക്ഷ കക്ഷിനേതാവിന് കാബിനറ്റ് പദവി ലഭിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ഇപ്പോഴുണ്ട്. കീഴ് വഴക്കങ്ങള്‍ അനുസരിച്ച്, പ്രതിപക്ഷത്തിന് ലഭിക്കേണ്ട ഡപ്യൂട്ടി സ്പീക്കര്‍ പദവി കഴിഞ്ഞ ടേമുകളില്‍ നിഷേധിക്കപ്പെട്ടിരുന്നു.
തഞ്ചാവൂരിലെ തിരുവാടുതുറൈ അധീനത്തിലെ ചെങ്കോല്‍ പുത്തന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ എഴുന്നള്ളിച്ച് പ്രതിഷ്ഠിച്ചും, അയോധ്യയിലെ ശ്രീരാമജന്മഭൂമിയില് പണിതീരാത്ത പുതിയ ക്ഷേത്രത്തില്‍ ബാലരാമ പ്രാണപ്രതിഷ്ഠയ്ക്ക് മുഖ്യ യജമാനനായും, കാശി വിശ്വനാഥക്ഷേത്ര ഇടനാഴിയിലും ഗംഗാ ആരതി അര്‍ച്ചനകളിലും പ്രധാന പരികര്‍മിയായും രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം ലൈവ് സ്ട്രീമില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രധാനമന്ത്രി, ‘ഗോദി മീഡിയ’ എന്നറിയപ്പെടുന്ന മോദിഭക്തരായ കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ ടിവി ചാനലുകള്‍ക്ക് അനുവദിച്ച ഇലക് ഷന് എക്സ്ക്ലുസീവ് അഭിമുഖങ്ങളില്‍, തന്റെ ജന്മം ‘ജീവശാസ്ത്രപരമായിട്ടുള്ളതല്ല, ചില നിയോഗങ്ങള്‍ക്കായി പരമാത്മാവ് തന്നെ അയച്ചിട്ടുള്ളതാണ്” എന്നു വെളിപ്പെടുത്തി. തന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്ര സാക്ഷാത്കാരങ്ങളുടെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പു റാലികളില്‍ സനാതന ധര്‍മ്മത്തിന്റെ പേരില്‍ വോട്ടുചോദിച്ച മോദി പോളിങ്ങിന്റെ അന്തിമ പാദത്തില്‍ ഇരുപതോളം ക്യാമറകളുടെ അകമ്പടിയോടെ കന്യാകുമാരി വിവേകാനന്ദ ധ്യാനമണ്ഡപത്തില്‍ സാധന നടത്തിയതിനെക്കുറിച്ച് കേന്ദ്ര ഇലക് ഷന് കമ്മിഷന് പെരുമാറ്റച്ചട്ടലംഘനത്തിന് പരാതികള്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി 288 തവണ റാലികളില്‍ മുസ് ലിം വിരുദ്ധ വിദ്വേഷപ്രചരണം നടത്തിയതായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖഡ്ഗെ രേഖപ്പെടുത്തിയിട്ടുണ്ട്.
മോദിക്കും അമിത് ഷായ്ക്കുമെതിരെയുള്ള ഒരു പരാതിയിലും നടപടി എടുക്കാതിരുന്ന ചീഫ് ഇലക് ഷന് കമ്മിഷണര്‍, വോട്ടെണ്ണലിന്റെ തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, രണ്ടു പ്രധാന പാര്‍ട്ടികളുടെയും രണ്ടു പ്രമുഖ നേതാക്കളെ ”തൊടേണ്ടതില്ല” എന്നാണ് തങ്ങള്‍ തീരുമാനിച്ചത് എന്നാണ്. എത്ര സമത്വ സുന്ദരം!
ഭരണകക്ഷിയുടെ പോഷക സംഘടന എന്ന നിലയിലാണ് ഇലക്ഷന് കമ്മിഷന് പ്രവര്‍ത്തിച്ചതെന്ന് പ്രതിപക്ഷവും ചില സംഘടനകളും ആരോപിക്കുന്നുണ്ട്. രാജ്യത്തെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും തരംതാണ വര്‍ഗീയ വിദ്വേഷപ്രസംഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രിയെ തൊടാതിരുന്ന കമ്മിഷന് വാര്‍ത്താസമ്മേളനത്തില്‍ ചില ‘നരേറ്റീവ്’ ‘ടൂള്‍കിറ്റ്’ ഗൂഢാലോചന ആരോപണങ്ങള്‍ ഉന്നയിച്ചത് ആ ഭരണഘടനാ സ്ഥാപനത്തിന്റെ പക്ഷപാതിത്വത്തിനു തെളിവാണ്.
ഗുജറാത്തിലെ സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി വോട്ടെടുപ്പിനു മുന്‍പേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പട്ട സംഭവത്തിലും മധ്യപ്രദേശിലെ ഇന്തോറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ചും കമ്മിഷന് നിസ്സഹായത പ്രകടിപ്പിക്കുകയാണുണ്ടായത്. എതിര്സ്ഥാനാര്ഥികളെല്ലാം പിന്മാറിയാലും വോട്ടര്‍മാര്‍ക്ക് ‘നോട്ട’ വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമല്ലേ? ഇന്തോറില്‍ നോട്ട 218674 വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് എത്തിയെന്നോര്ക്കണം.
വാരാണസിയില്‍ 2019-ല്‍ 479505 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒറ്റയടിക്ക് മൂന്നു ലക്ഷത്തോളം ഇടിഞ്ഞ് 152513 ആയി. അമേഠിയില്‍ സ്മൃതി ഇറാനിയെ തറപറ്റിച്ച കിശോരിലാല്‍ ശര്‍മ്മയുടെ ഭൂരിപക്ഷത്തെക്കാളും കുറവ്. മോദിക്ക് പത്തുലക്ഷം ഭൂരിപക്ഷം ഉറപ്പാണെന്നാണ് യോഗി ആദിത്യനാഥും മറ്റും പറഞ്ഞിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മോദി കുറച്ചുനേരം 6,000 വോട്ടിനു പിന്നിലായതും അങ്കലാപ്പിന് ഇടയാക്കി. മോദിയുടെ ഇരട്ടിയിലേറെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്കുണ്ട് – വയനാട്ടില്‍ 364422, റായ്ബറേലിയില്‍ 390030 വോട്ടും. ബ്രാന്‍ഡ് മോദി പ്രഭാവം ഇതോടെ തകര്‍ന്നു.
മോദിയുടെ വിശ്വഗുരു പുറമ്പൂച്ചും ആധ്യാത്മിക ആചാര്യനാട്യങ്ങളും ഇനിയും എത്രകാലം തുടരും?
ബിജെപിയുടെയും മോദിയുടെയും രാഷ് ട്രീയ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുള്ള അയോധ്യക്ഷേത്രം തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കും എന്നാണ് ലോകം മുഴുവന്‍ പ്രഘോഷിച്ചിരുന്നത്. എന്നാല്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തില്‍ രണ്ടുവട്ടം എംപിയായിരുന്ന ബിജെപിയുടെ ലല്ലു സിങ്ങിനെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി, ദളിതനായ അവധേശ് പ്രസാദ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇക്കുറി തോല്പിച്ചു. 500 വര്‍ഷത്തിനുശേഷം രാംലല്ലയെ അയോധ്യയിലേക്കു തിരിച്ചുകൊണ്ടുവന്നയാള്‍ എന്നായിരുന്നു മോദിയുടെ ടാഗ് ലൈന്‍. ”രാമനെ കൊണ്ടുവന്നയാളെ ഞങ്ങള്‍ കൊണ്ടുവരും” എന്നായിരുന്നു ബിജെപി റാലികളിലെ മുറവിളി. ഇതുവരെ ‘ജയ് ശ്രീറാം’ വിളികളാണ് മുഴങ്ങിയിരുന്നതെങ്കില് ഇത്തവണ ഫലപ്രഖ്യാപനത്തിനു ശേഷം ഡല്‍ഹിയിലെ പാര്‍ട്ടി കാര്യാലയത്തിലെ വരവേല്പില് മോദി പുതിയൊരു മുദ്രാവാക്യം മുഴക്കി: ‘ജയ് ജഗന്നാഥ്.’ ഒഡീഷയില്‍ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാകണം പുരിയിലെ ഭഗവാനെ മോദി സ്തുതിച്ചത്. ജഗന്നാഥ ഭഗവാന് മോദിയുടെ ഭക്തനാണെന്ന പുരിയിലെ അഭിനവ ബിജെപി എംപി സംബിത് പത്രയുടെ നാവുപിഴ പൊറുക്കപ്പെട്ടിരിക്കുന്നു.
യുപി ഉള്‍പ്പെടെ ഹിന്ദിഹൃദയഭൂമിയില്‍ ബിജെപിക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടപ്പെടും എന്ന സൂചനയുടെ പശ്ചാത്തലത്തില്‍ തെന്നിന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച മോദിക്ക് കേരളം ആദ്യമായി ഒരു ലോക്സഭാ സീറ്റ് സമ്മാനിച്ചു – തൃശൂരില്‍. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ മത്സരിച്ചു തോറ്റ സിനിമാതാരം സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ മോദി ഒന്നിലേറെ തവണ് എത്തിയിരുന്നു. പിണറായിയുടെ എട്ടുവര്‍ഷത്തെ ഭരണത്തിനെതിരായ ജനവികാരം സംസ്ഥാനത്ത് വീശിയടിച്ചപ്പോള്‍ ആലത്തൂരിലെ ഒരു സീറ്റു മാത്രമാണ് എല്‍ഡിഎഫിനു ലഭിച്ചത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 18 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തകര്‍പ്പന്‍ വിജയം നേടി. എറണാകുളത്ത് ഹൈബി ഈഡന് 250385 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് നേടിയത്. തൃശൂരില്‍ കോണ്‍ഗ്രസിന്റെ കെ. മുരളീധരന് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതാണ് അനുബന്ധ ദുരന്തം.
”തൃശൂരിലെ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു. ഗുരുവായൂരപ്പന്, വടക്കുംനാഥന്, തിരുവമ്പാടി കണ്ണന്, നെയ്തലക്കാവിലമ്മ, പാറമേക്കാവിലമ്മ, കാര്‍ത്ത്യായനി ദേവി, ലൂര്‍ദ് മാതാവ് അങ്ങനെ വിജയം അനുഗ്രഹമായി നല്കിയ എല്ലാ ദൈവങ്ങള്‍ക്കും നന്ദി,” എന്നാണ് സുരേഷ് ഗോപി മൊഴിഞ്ഞത്. തീവ്രഹിന്ദുത്വ സമീപനമൊന്നും തനിക്കില്ലെന്ന് ആ കലാകാരന് ആവര്‍ത്തിക്കുന്നുണ്ട്. ദൈവസ്തുതിക്കായി ഇമ്പമേറിയ ഒരു ക്രൈസ്തവ ഭക്തിഗാനവും അദ്ദേഹം ആലപിച്ചു.
ബിജെപി ഭരിക്കുന്ന മണിപ്പുരില്‍ കുക്കി-സോമി ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ ഇംഫാലിലെ ഭൂരിപക്ഷ മെയ്തെയ് ഹിന്ദു-സനാമഹി വിഭാഗക്കാര്‍ കഴിഞ്ഞ 13 മാസമായി തുടരുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്താത്തതില്‍ ഹതാശരായ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ മെയ്തെയ്, കുക്കി, നാഗാ മേഖലകള്‍ ഉള്‍പ്പെടുന്ന രണ്ടു ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ജയിപ്പിച്ചു. മണിപ്പുരിലെ ക്രൈസ്തവ സഹോദരങ്ങളുടെ കൊടിയ ദുരന്തത്തിന് ഉത്തരവാദികളായ ബിജെപിക്കുവേണ്ടി തൃശൂരില്‍ വോട്ടുചെയ്തവരില്‍ ‘ഇടതുപക്ഷ-ബിജെപി അന്തര്‍ധാര’ ഡീലുകാര് മാത്രമല്ല, മണ്ഡലത്തിലെ കുറെയെങ്കിലും ക്രൈസ്തവ സഹോദരങ്ങളും ഉണ്ടാകും. ഇതു പ്രത്യയശാസ്ത്രപരമായി ന്യായീകരിക്കാനും നമ്മുടെ ആളുകളുണ്ടാകും! ഇക്കാര്യത്തില്‍ തമിഴ്നാടിനെ നാം നമിക്കണം. മോദിയും അണ്ണാമലൈയും എത്രയൊക്കെ ഇളക്കിമറിച്ചിട്ടും അവിടെ ഇക്കുറി ഒരു താമരയും വിരിഞ്ഞില്ലല്ലോ.

