ചണ്ഡീഗഡ് : വിളകൾക്ക് മിനിമം താങ്ങുവില നൽകുക, സ്വാമിനാഥൻ റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ്-ഹരിയാന അതിർത്തികളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ാം ദിവസത്തിലേക്ക്. സമരത്തിനിടെ മരിച്ച കർഷകൻ ശുഭ്കരണ്‍ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഡൽഹി ചലോ മാർച്ചിനെ കുറിച്ചുള്ള തുടർനടപടികൾ കർഷക നേതാക്കൾ ഇന്ന് പ്രഖ്യാപിച്ചേക്കും.
സമരത്തിൻ്റെ 19-ാം ദിവസം പഞ്ചാബിലെ കലാകാരന്മാർ കർഷകർക്ക് പിന്തുണ നൽകിയിരുന്നു.
കർഷകനായ ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിനായുളള അവസാന പ്രാർഥന ഇന്ന് ബട്ടിൻഡയിലെ ബല്ലോ ഗ്രാമത്തിൽ അർപ്പിക്കും. കൂടുതൽ കർഷകരോട് ബല്ലോ ഗ്രാമത്തിലെത്താൻ കർഷക നേതാവ് സർവാൻ സിങ് പന്ദർ അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം ഖനൂരി അതിർത്തിയിൽവച്ച് ഫെബ്രുവരി 21 നായിരുന്നു ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടത്. യുവകർഷകന്റെ മരണത്തെത്തുടർന്ന് കർഷകർ ഫെബ്രുവരി 29 വരെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള തീരുമാനം മാറ്റിവച്ചിരുന്നു. ശുഭകരണിന്റെ മരണശേഷം കർഷകർ പഞ്ചാബ് ഹരിയാന അതിർത്തികളിൽ തുടരുകയാണ്.

