തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പദയാത്ര അടുത്ത മാസം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലൂടെയും പദയാത്ര കടന്നുപോകും. ഒരു മണ്ഡലത്തിൽ ഒരു ദിവസം എന്ന നിലയിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്. രാവിലെ മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങളും കോളജുകളും സന്ദർശിക്കും. വൈകുന്നേരം 15 കിലോമീറ്റർ നീളുന്നതാണ് പദയാത്ര.
പദയാത്രയിൽ പ്രദേശിക നേതാക്കളും ജില്ലാ നേതാക്കളും അണിനിരക്കും. സംസ്ഥാന- കേന്ദ്ര നേതാക്കളാകും പദയാത്ര നയിക്കുക.സമാപന ദിവസം തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്തിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.പാർട്ടി ആസ്ഥാനത്തിന്റെ തറക്കല്ലിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയായിരിക്കും ഉദ്ഘാടനവും നിർവഹിക്കുക. ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി സംഘടിപ്പിക്കുന്ന സ്നേഹയാത്രകളും പദയാത്രയോടൊപ്പം നടത്തും.