തൃശൂർ: ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ലയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ അദ്ദേഹം പറഞ്ഞു .
തികച്ചും ആന്തരികമായി നടക്കുന്നഅധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വിമർശിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ശിൽപശാലയ്ക്കിടെ എസ്.ഷാനവാസ് വിമർശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം
കേരളത്തില്‍ നിലവില്‍ 69,000ല്‍ അധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്പറും കൂട്ടിവായിക്കാന്‍ അറിയില്ലെന്നായിരുന്നു വിമർശനം.
കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല.
കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വ്യക്തമാക്കി.