പതിനഞ്ചാം നൂറ്റാണ്ടില് ആരംഭിച്ച വത്തിക്കാന് ലൈബ്രറിയില് മലയാളത്തില് പ്രസിദ്ധീകരിച്ച ബെനഡിക്ട് പതിനാറാമന് പാപ്പായുടെ ഒരു ജീവചരിത്രപുസ്തകമുണ്ട്. മുതിര്ന്ന പത്രപ്രവര്ത്തകന് ഇഗ്നേഷ്യസ് ഗോണ്സാല്വസ് എഴുതിയ പുസ്തകം. വത്തിക്കാന് സന്ദര്ശനത്തിനിടെ ബെനഡിക്ട് പതിനാറാമന് പാപ്പായ്ക്ക് അദ്ദേഹം പുസ്തകം സമ്മാനിച്ചു. ഒരു കോപ്പി വത്തിക്കാന് ലൈബ്രറിക്കും കൈമാറി. ”ബെനഡിക്ട് പതിനാറാമനെക്കുറിച്ചുള്ള ഈ പുസ്തകം അദ്ദേഹവും അദ്ദേഹത്തിന്റെ മുന്ഗാമിയും മാര്ഗദര്ശിയുമായ ജോണ് പോള് രണ്ടാമന് പാപ്പായും തമ്മിലുള്ള സ്ഥായിയായ യോജിപ്പിന്റെ ഒരു സാക്ഷ്യം കൂടിയാണ്. ചരിത്രപ്രധാനമായ രണ്ടാം വത്തിക്കാന് സൂനഹദോസ് മുതല് ജോണ് പോള് രണ്ടാമന്റെ മരണംവരെ ഈ സഖ്യം തുടര്ന്നു. എന്താണ് ഈ കൂട്ടുകെട്ടിന്റെ സ്വാധീനം? ഉത്തരമിതാണ്: മൂന്നാം സഹസ്രാബ്ദത്തിനായുള്ള ഒരു ബദല് ധാര്മികചിന്തയുടെ ശക്തമായ അടിത്തറ നിലവില്വന്നു.
ഇന്നത്തെ ലോകക്രമത്തില് ശരിയേത് തെറ്റേത് എന്നതിനെക്കുറിച്ച് സുവ്യക്തമായൊരു ധാരണയുള്ള, ആഴമുള്ള ധിഷണാശക്തിക്കുടമയായ ശാന്തനായൊരു മനുഷ്യന് എന്നതാണ് ബെനഡിക്ട് പതിനാറാമന് പാപ്പായെക്കുറിച്ച് നമുക്കുള്ള അറിവ്. ഈ പണ്ഡിതശ്രേഷ്ഠന് എന്നെങ്കിലും വത്തിക്കാന് ഭരണാധികാരിയും കത്തോലിക്കരുടെ തലവനും ആകുമെന്ന് മുന്ഗാമിയുടെ വാഴ്ചക്കാലത്ത് ആരും ചിന്തിച്ചിരുന്നില്ല. മാധ്യമങ്ങള്ക്ക് പ്രിയങ്കരനെങ്കിലും യാഥാസ്ഥിതികന് തന്നെയായിരുന്നു. ജോണ് പോള് രണ്ടാമന്റെ പിന്നില് ഈ ജര്മന് ബുദ്ധികേന്ദ്രമാണ് ഉണ്ടായിരുന്നത് എന്നതൊരു തുറന്ന രഹസ്യമായിരുന്നുവല്ലോ. ഈ രണ്ട് മഹാന്മാരും തമ്മില് വളരെ ഹൃദയപൂര്വമായ, എന്നാല് തികച്ചും വിശ്വസ്തമായൊരു ബന്ധം ഉണ്ടായിരുന്നുവെന്നും ജോണ് പോള് പാപ്പായുടെ വമ്പിച്ച വിജയത്തിനു പിന്നിലുള്ള രഹസ്യം അതായിരുന്നുവെന്നും ഈ ജീവചരിത്രം വെളിപ്പെടുത്തുന്നു.” – പ്രണത ബുക്സ് 2006ല് പ്രസിദ്ധീകരിച്ച ‘ബെനഡിക്ട് പതിനാറാമന്’ പുസ്തകത്തിന് സ്വാമി അഗ്നിവേശ് അവതാരികയില് കുറിച്ച വാചകങ്ങള്.
അദ്ദേഹത്തിന്റെ അവതാരിക തുടരുന്നു: ”അടുത്തകാലത്ത് നടന്ന സംഭവങ്ങളില് ‘മാധ്യമ ഹിറ്റ്’ ആയ രണ്ടെണ്ണം ചൂണ്ടിക്കാട്ടാന് എന്നോടാവശ്യപ്പെട്ടാല് ഞാന് എടുത്തുവയ്ക്കുന്നത് കാലം ചെയ്ത പോപ്പ് ജോണ് പോള് രണ്ടാമന്റെ ശവസംസ്കാരവും പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പും ആയിരിക്കും. രണ്ടു സംഭവങ്ങളിലും ഒരു മനുഷ്യന് സുപ്രധാന പങ്കുവഹിച്ചു. ആദ്യത്തേതില് ശവസംസ്കാരച്ചടങ്ങുകളുടെ മുഖ്യസൂത്രധാരനായും ഹൃദയസ്പൃക്കായൊരു വിടവാങ്ങല് പ്രഭാഷണം നടത്തിയും ഏതാനും ദിവസം കഴിഞ്ഞ് രണ്ടാമത്തേതില് സ്ഥാനാരോഹണത്തിലെ കേന്ദ്രകഥാപാത്രമായി പാപ്പാസ്ഥാനം ഏറ്റെടുത്തുകൊണ്ടും. ആരാണ് വ്യക്തിയെന്ന് നമുക്കെല്ലാം അറിയാം; പോപ്പ് ബെനഡിക്ട് പതിനാറാമനായി പരിണമിച്ച കര്ദിനാള് ജോസഫ് റാറ്റ്സിങര്.”
ഈ രണ്ട് സംഭവങ്ങളെയും വേണമെങ്കില് ഒരു മതത്തിലെ ആന്തരിക പ്രക്രിയകള് മാത്രമായി കാണാന് കഴിയും. പക്ഷേ, ശരിക്കും അവ അങ്ങനെയായിരുന്നില്ല. ലോകം മുഴുവന് ആ ദിവസങ്ങളില് ടിവിക്കു ചുറ്റുമിരുന്നതെന്തുകൊണ്ട്? സാധിക്കുന്നവരൊക്കെ നേരെ സംഭവസ്ഥലമായ റോമിലേക്കു പോയതെന്തുകൊണ്ട്? പാപ്പാ സ്ഥാനം സംബന്ധിച്ച കാര്യങ്ങളില് ഇക്കാലത്ത് എന്തേയിത്ര താല്പര്യം? കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്, ജോണ് പോള് രണ്ടാമനെയും പിന്ഗാമി ബെനഡിക്ട് പതിനാറാമനെയും ലോകജനത ഒന്നാകെ എന്തുകൊണ്ട് ശ്രദ്ധിക്കുന്നു? കാരണമിതാണ്: ഇന്നത്തെ ലോകത്തില് വളരെയേറെ ക്ഷാമമുള്ള ചില സംഗതികളെ ഇവര് പ്രതിനിധാനം ചെയ്യുന്നു. മാത്രമല്ല, ഈ അസുലഭ സംഗതികളില്ലാതെ മാനവരാശിക്ക് നിലനില്പ്പില്ലെന്ന് എല്ലാവര്ക്കും അറിയുകയും ചെയ്യാം.
നേരിന്റെ അനുയാത്രികന് എന്ന ആപ്തവാക്യമാണ് ബെനഡിക്ട് പതിനാറാമന് സ്വീകരിച്ചത്. ലോകത്തുണ്ടായ മാറ്റങ്ങള് പ്രത്യേകിച്ച് വിവരസാങ്കേതിക രംഗത്ത്, അതിവേഗം ഉള്ക്കൊണ്ട് അദ്ദേഹം തന്റെ അജപാലന ദൗത്യം നിര്വഹിച്ചു. യൂട്യൂബും ട്വിറ്ററും ആദ്യമായി ഉപയോഗിക്കുന്ന പാപ്പാ എന്ന ചരിത്രവും അദ്ദേഹം കുറിച്ചു.
വ്യക്തികേന്ദ്രീകൃതമായ ജീവചരിത്രരചനയ്ക്കപ്പുറം കത്തോലിക്കാ സഭയുടെയും പേപ്പസിയുടെയും ചരിത്രത്തിലേക്കും ദര്ശനങ്ങളിലേക്കും ആഴക്കാഴ്ച നല്കുന്നതാണ് ഗോണ്സാല്വസിന്റെ പുസ്തകം. പത്രപ്രവര്ത്തകന്റെ സൂക്ഷ്മദര്ശനം, ചരിത്രകാരന്റെ അന്വേഷണപരത, വിശ്വാസിയുടെ പ്രതിജ്ഞാബദ്ധത ഇവ ഈ പുസ്തകത്തിന്റെ അടിസ്ഥാനശിലകളാണ്.
വിശദമായ അടിക്കുറിപ്പുകളോടെ 272 പേജുകള് ഉള്ള ‘ബെനഡിക്ട് പതിനാറാമന്’ പുസ്തകം ഇഗ്നേഷ്യസ് ഗോണ്സാല്വസിന്റെ രചനകളില് ഏറ്റവും ശ്രദ്ധേയമായതാണ്.
അവസാനത്തെ അധ്യായത്തില് ഗോണ്സാല്വസ് ഇങ്ങനെ കുറിക്കുന്നു: ”സ്ഥാനാരോഹണത്തിനിടെ പരിശുദ്ധ പിതാവ് നടത്തിയ പ്രൗഢഗംഭീരമായ പ്രസംഗം ലോകത്തിന്റെ ഹൃദയം കവരുക തന്നെ ചെയ്തു. ആപേക്ഷികതയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില് നിന്ന് സ്വരത്തിലും സമീപനത്തിലും ഉള്ളടക്കത്തിലും വളരെ ഭിന്നമാണല്ലോ ഇതെന്ന് ലോകം അദ്ഭുതം കൂറി. വിശേഷിച്ചും ബെനഡിക്ട് പതിനാറാമന്റെ വിമര്ശകര്. തന്റെ ഇഷ്ടം നടപ്പാക്കുകയോ തന്റെ ആശയങ്ങള് പിന്ചെല്ലുകയോ ആവില്ല തന്റെ ലക്ഷ്യമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. മറിച്ച്, സഭയോടൊപ്പം കര്ത്താവിന്റെ സ്വരത്തിന് കാതോര്ത്ത് അവിടുത്തെ തിരുച്ചിത്തം നടപ്പാക്കുകയാവും തന്റെ ഭരണപരിപാടി.”
”ഓര്ക്കാപ്പുറത്തു പലതും ബെനഡിക്ട് പതിനാറാമന്റെ വാഴ്ചയില് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളില് ഉറച്ചുനിന്നുകൊണ്ടുതന്നെയാകും അദ്ദേഹം ഈ അദ്ഭുതങ്ങള് സംഭവമാക്കുകയെന്ന് അവര് ചൂണ്ടിക്കാട്ടുന്നു” എന്ന ഗോണ്സാല്വസിന്റെ വാക്കുകള് സത്യമായി. 2013 ഫെബ്രുവരി 28ന് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷസ്ഥാനം രാജിവച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമന് ലോകത്തെ ഞെട്ടിച്ചു. ആറു ശതാബ്ദങ്ങള്ക്കു ശേഷം ഒരു പാപ്പയുടെ സ്ഥാനത്യാഗം 2013ല് സംഭവിച്ചു. ബെനഡിക്ട് പതിനാറാമന് തുടര്ന്ന് നയിച്ച ജീവിതം അദ്ഭുതം തന്നെയാണ്. അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോള് ആ വലിയ ഇടയന്റെ ജീവിതം അടുത്തറിയാന് ഇഗ്നേഷ്യസ് ഗോണ്സാല്വസിന്റെ ‘ബെനഡിക്ട് പതിനാറാമന്’ സഹായകരമാകും.
Trending
- പാവയ്ക്ക പ്രമേഹത്തെ ചെറുക്കും
- ഹേമ കമ്മിറ്റി റിപ്പോര്ട്ട്: പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് ഇന്ന്
- നീതിയുക്തമായ ഇടമായി രാജ്യം മാറുമ്പോള് മാത്രമേ സംവരണം ഇല്ലാതാക്കാനാവൂ- രാഹുൽ ഗാന്ധി
- മണിപ്പൂര് കത്തുന്നു; ഇംഫാലിലും കുക്കി മേഖലകളിലും വന് സംഘര്ഷം
- സംസ്ഥാനത്ത് മഴ കനക്കും: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
- ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം
- സംസ്ഥാന സീനിയർ ഫുട്ബോൾ: കോട്ടയം ജേതാക്കൾ
- വിജയപുരം – ബ്രില്യന്റ് മീറ്റ് 2024
നേരിന്റെ അനുയാത്രികന്
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2024 ThemeSphere. Designed by ThemeSphere.