ആത്മാവിലെ വര്‍ണദീപ്തി
സംവിധായകന്, സംഗീത സംവിധായകന്, ഗാനരചയിതാവ്, നാടകകൃത്ത്, ചിത്രകാരന്, നാടന്‍ പാട്ടുകാരന്, ശില്പ കലാകാരന്, കരകൗശല പരിശീലകന്, ആയിരത്തിലധികം പാട്ടുകളുടെ സ്രഷ്ടാവ്… സിബി പീറ്ററിന്റെ തോളില്‍ തൂങ്ങുന്ന സഞ്ചിയില്‍ ഇനിയുമൊരുപാട് കലാവിഭവങ്ങള്‍ പാകം ചെയ്തു കിടപ്പുണ്ട്. സകലകലാവല്ലഭന് എന്ന പേര് അന്വര്‍ത്ഥമാക്കുന്ന അപൂര്‍വം പേരിലൊരാള്‍. സിബിക്കു ലഭിച്ചിട്ടുള്ള പുരസ്കാരങ്ങളും അംഗീകാരങ്ങളും നിരവധി.
കലയുടെ ഉപാസകന്
ഒരു ഡസനിലേറെ വ്യത്യസ്ത അഭിരുചികളും കലാപ്രവര്‍ത്തനങ്ങളും സിബി ഒരുമിച്ചുകൊണ്ടുപോകുന്നു. എങ്ങനെ സാധിക്കുന്നുവെന്നു ചോദിച്ചാല്‍, നിരവധിയായ കഴിവുകളിലേയ്ക്ക് താന്‍ എത്തപ്പെട്ടതാണെന്ന് വിനയപൂര്‍വം മറുപടി. എപ്പോഴും കാര്യങ്ങള്‍ സുഗമമായി നടന്നുവെന്ന് ഇതിനര്‍ഥമില്ല. പൊതുരംഗത്തു നിന്നു മാറ്റിനിര്‍ത്തപ്പെട്ട ഒരു കാലവും ഉണ്ടായിരുന്നു. എന്നാല്‍ വായനാശീലവും കലയോടുള്ള താല്പര്യവും ക്ഷമിക്കാനുള്ള കഴിവും എന്തും അറിയണം എന്നുള്ള മോഹവും കൊണ്ട് താന്‍ ഓരോ കലയിലും ശ്രദ്ധയോടെ പരിശീലനം നടത്തി. ദൈവം തന്നില്‍ നിറച്ച അനുഗ്രഹത്തിന്റെ ഫലം.
കലായാത്രയുടെ തുടക്കം
താന്‍ എന്തും ആത്മാര്‍ഥമായി മാത്രമേ ചെയ്യൂവെന്ന് സിബി കട്ടായം പറയുന്നു. അതില്‍ മടുക്കാറില്ല. അതുകൊണ്ട് ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആയി തോന്നിയിട്ടില്ല. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തന്നില്‍ ചില കഴിവുകളുണ്ടെന്നു തോന്നിതുടങ്ങിയത്. കോട്ടയം എംടിഎസ് എല്‍പി സ്കൂളിലായിരുന്നു പഠനം. പാട്ടില്‍ ആണ് തുടക്കം. സ്കൂളിലെ അധ്യാപികമാര്‍ എന്നെക്കൊണ്ട് പാട്ടു പാടിപ്പിച്ചത് ഇപ്പോളും ഓര്‍ക്കുന്നു. അധികം താമസിയാതെ ചിത്രം വര തുടങ്ങി. വീട്ടില്‍ ചേട്ടന്റെ ചിത്രം വര കണ്ടാണ് തുടക്കം. ചെറുപ്പത്തില്‍ സ്പോര്‍ട്സ് ആയിരുന്നു ഇഷ്ട മേഖല. 100, 200 മീറ്റര്‍ ഓട്ടം, ലോങ് ജംപ് ഇവയില്‍ ജില്ലാ ചാമ്പ്യനായിരുന്നു. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഫൈനലില്‍ മൂന്നാമതെത്തി.
പാരമ്പര്യം
വീട്ടില്‍ ആരും അറിയപ്പെടുന്ന കലാകാരന്മാര് അല്ല. അമ്മാവന്മാരില് ഒരാള്‍ ചിത്രകാരന് ആയിരുന്നു. ചേച്ചിയും ചേട്ടനും ഇടവക പള്ളിയായ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചിലെ ആദ്യകാല ക്വയര്‍ ടീമില്‍ പാട്ടുകാര്‍ ആയിരുന്നു. മാതാപിതാക്കള്‍ കലയില്‍ തല്പരര് ആയിരുന്നു. തന്റെ അയല്‍വീടായിരുന്നു തന്റെ കലയുടെ കളരി. അവിടെ പ്രാര്‍ഥനാ കൂട്ടായ്മയുടെ ലീഡര്‍ ആയിരുന്ന ജോസ് ചേട്ടന് ആണ് സിബിയിലെ കലാകാരനെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. മേരിക്കുട്ടി ടീച്ചര്‍, ജോസ് ചേട്ടന്റെ മക്കളായ ബിനുവും അനുവും പ്രോത്സാഹനത്തിന് ഒരു കുറവും വരുത്തിയില്ല.
പരാജിതന്റെ പാട്ട്
തന്റെ തുടക്കം എല്ലാ അര്‍ത്ഥത്തിലും പരാജയമായിരുന്നുവെന്ന് സിബി പറയുന്നു. സംഘഗാനത്തില്‍ ഇടം കിട്ടിയില്ല. പള്ളി ക്വയറിലും കൂട്ടിയില്ല. അതിനു കാരണവുമുണ്ട്. പാടാന്‍ അറിഞ്ഞാല്‍ പോര, നല്ല ശബ്ദം കൂടി വേണ്ടേ! അത് അത്രയ്ക്ക് നല്ലതായിരുന്നില്ല. അതാവും കൂട്ടുകാര്‍ മാറ്റിനിര്‍ത്തിയത്. എന്നിട്ടും പിന്മാറിയില്ല, സ്റ്റേറ്റ് മിഷന് ലീഗ് കലോത്സവത്തില്‍ പാടി ഒന്നാമതെത്തി. നാടകകമ്പം തുടങ്ങുന്നത് ആയിടക്കാണ്. നാടകമാണ് തന്നിലെ പ്രതിഭയെ പുറത്തുകൊണ്ടുവന്നതെന്നു സിബി കരുതുന്നു. നാടകം എഴുതുകയും പഠിപ്പിക്കുകയും ചെയ്യും എന്നു വന്നതോടെ താനും കലാകാരന്മാരായ കൂട്ടുകാരില്‍ ഒരാള്‍ ആയി. ഈ സമയത്ത് സംഗീത പഠനവും ഉണ്ടായിരുന്നു.
സിംഹമടയിലെ സംഗീതം
ഒരു സംഗീത സംവിധായകന് ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. കോട്ടയം അമല നിലയത്തിലെ സിസ്റ്റര്‍ ഏലിയാമ്മ മ്യൂസിക് പഠിക്കാന്‍ പ്രശസ്ത സംഗീത സംവിധായകന് ജോബ് മാഷിനെ ഏര്‍പ്പാടാക്കി തന്നതാണ് വഴിത്തിരിവ്. ജോബ് മാസ്റ്റര്‍ ആണ് തന്നില്‍ സംഗീത സംവിധായകന് ഉണ്ട് എന്ന് ആദ്യം പറഞ്ഞത്. സംഗീതം പഠിക്കണം എന്ന മോഹവുമായി ചെന്നു കേറിയത് ഒരു സിംഹത്തിന്റെ മടയില്‍ എന്നൊരു ഡയലോഗ് കേട്ടിട്ടില്ലേ? തന്നെ സംബന്ധിച്ച് മടയില്‍ നിന്ന് ഒരു സിംഹം തേടിവരികയായിരുന്നു. വീടിന്റെ വാതില്ക്കല് നിന്ന തന്റെ അടുത്തേക്ക് ജോബ് മാസ്റ്റര്‍ വന്നു. എന്നിട്ട് പാട്ട് പഠിക്കാന്‍ സിബിയെ കൂടി വിളിക്കാന്‍ പറഞ്ഞുവെന്ന് സിസ്റ്റര്‍ ഏലിയാമ്മ അറിയിച്ചു. എനിക്കപ്പോള്‍ ജോബ് മാഷിനെ അറിയില്ല. എങ്കിലും പോയി. ക്ലാസില്‍ ചെന്നു കഴിഞ്ഞാണ് വന്നിരിക്കുന്നത് ഒരു സിംഹമാണ് എന്നറിഞ്ഞത്. എന്റെ ജീവിതത്തില്‍ ഇത്രയും സാധുവും സ്നേഹവും ഉള്ള ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം സംഗീതം പഠിപ്പിക്കുക മാത്രമല്ല ഒരാള്‍ എത്രത്തോളം വിനീതനാകണം എന്നു കൂടി പഠിപ്പിച്ചു.
പിന്നീട് സിടിസി സഭയിലെ സിസ്റ്റര്‍ ഐറോസ് എന്നെക്കൊണ്ട് ഗാനങ്ങള്‍ ചെയ്യിച്ചു. അവയാണ് ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഗാനങ്ങള്‍. പ്രൊഫഷണല്‍ രംഗത്തേയ്ക്ക് കൊണ്ടുവന്നത് ഗാനരചയിതാവായ ദേവലോകം ബേബിയാണ്. അദ്ദേഹത്തിന്റെ ‘ശാന്തം സുന്ദരം’ എന്ന ഗാനമാണ് എന്റെ ആദ്യ പ്രൊഫഷണല്‍ ഗാനം. പിന്നീട് വേള്‍ഡ് വിഷനു വേണ്ടി 60 ഗാനങ്ങള്‍ ചെയ്തു. ജോസ് ക്രിയേഷന്‍സിനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ചെയ്തിട്ടുള്ളത്. ‘ഈ ദിവ്യബലിയില്‍ പങ്കുചേരാന്‍,’ ‘ദൈവമേ നീ തന്ന ദാനങ്ങള്‍’ തുടങ്ങി ഒട്ടേറെ പാട്ടുകള്‍.
പ്രതിഫലം തരുന്നത് ദൈവം
പ്രതിഫലേച്ഛ ഒരിക്കലും ഉണ്ടായിട്ടില്ല. ആരോടും കണക്കു പറയാറില്ല. സിബിക്കതു ശീലമില്ല. തന്നോട് എന്തു സഹായം ആര് ആവശ്യപ്പെട്ടാലും ആത്മാര്‍ത്ഥമായി ചെയ്തുകൊടുക്കും. എന്തെങ്കിലും കഴിവുകളുണ്ടെങ്കില്‍ അത് ദൈവം തന്നതാകയാല്‍ അതിനു വിലയിടാന്‍ താന്‍ യോഗ്യനല്ല എന്നുള്ള ചിന്തയാണ് സിബിയെ നയിക്കുന്നത്. മറ്റുള്ളവര്‍, പ്രത്യേകിച്ച് പ്രഫഷണലുകള്‍ പ്രതിഫലം ചോദിച്ചുവാങ്ങരുത് എന്നൊന്നും അഭിപ്രായം ഇല്ല. തനിക്കതു സാധിക്കില്ല എന്നുമാത്രം. ആര്‍ക്കെങ്കിലും ഒരു പാട്ട് വേണമെങ്കില്‍, ഒരു ചിത്രം, ഒരു കഥ, ഒരു നാടകം, ഒരു കഥാപ്രസംഗം എന്തും ആവട്ടെ സാമ്പത്തിക പ്രശ്നം മൂലം സാധിക്കാതെ വന്നാല്‍, ഞാന്‍ അവര്‍ക്ക് എന്റെ കഴിവുകള്‍ ചോദിച്ചാല്‍ നല്‍കും. എനിക്കതില്‍ അതൃപ്തി ഇല്ല. ഞാന്‍ സന്തോഷത്തോടെ ചെയ്യുന്ന കാര്യമാണത്.
വിജയങ്ങളും പുരസ്കാരങ്ങളും
എസ്ജെപിഎസ് സംസ്ഥാന കലാരത്ന പുരസ്കാരം, ഡോ. കെ.ആര്. നാരായണന് ഫൗണ്ടേഷന് സംസ്ഥാന കലാപ്രതിഭ പുരസ്കാരം, കേരളോത്സവം കോട്ടയം ജില്ലാ കലാപ്രതിഭ, രണ്ടു തവണ കെസിവൈഎം കലോത്സവ കലാപ്രതിഭ, കെസിവൈഎം ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്കാരം തുടങ്ങിയവ സിബിക്ക് ലഭിച്ചിട്ടുള്ള ചില പുരസ്കാരങ്ങള്‍. 20 വര്‍ഷത്തോളം വിജയപുരം രൂപത ബൈബിള്‍ കലോത്സവത്തില്‍ തെരുവ് നാടകം ജയിച്ചിട്ടുള്ളത് സിബി സംവിധാനം ചെയ്തവയാണ്. തിരുവല്ലയില്‍ നടന്ന സര്യാ സംസ്ഥാന കലോത്സവമായ ഉത്സവില്‍ പത്തു മത്സരത്തില്‍ പങ്കെടുത്തു പത്തിലും ജയിച്ചു സ്റ്റേറ്റ് കലാ പ്രതിഭയായി. തൊട്ടടുത്ത വര്‍ഷവും അതു നിലനിര്‍ത്തി. പോസ്റ്റര്‍ ഡിസൈനിങ്ങില്‍ ദേശീയ വിജയവും കാര്‍ട്ടൂണ്‍, പെയിന്റിംഗ് തുടങ്ങിയവയില്‍ സംസ്ഥാന തലത്തിലും വിജയിച്ചു. 50ല്‍ പരം ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി ബിഗ് സ്ട്രീറ്റ് പ്ലേ പലവട്ടം നടത്തി. കോട്ടയം പുതുപ്പള്ളി വെളുക്കൂട്ട എല്‍പി സ്കൂളിന്റെ ചുമരില്‍ 182 അടി നീളവും 20 പൊക്കവും ഉള്ള ചിത്രം തനിച്ചാണ് വരച്ചുതീര്‍ത്തത്. വയലാര്‍ അനുസ്മരണത്തില്‍ വയലാറിന്റ ഗാനം ആലപിച്ചുകൊണ്ട് വയലാറിന്റെ കളര്‍ ചിത്രം വരച്ചു. ഒരു ദിവസം കൊണ്ട് പത്തിലധികം പാട്ട് എഴുതുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുണ്ട്. അഴീക്കല്‍ പള്ളിക്കു വേണ്ടി പള്ളിയുടെ 500 വര്‍ഷത്തെ ചരിതം ഉള്‍പ്പെടുത്തി ചെയ്ത ഫാസ്റ്റ് സോംഗ് എറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ്.
സംസ്ഥാന കേരളോത്സവത്തില്‍ രണ്ടു തവണ പെയിന്റിംഗ്-കാര്‍ട്ടൂണ്‍ വിജയി. ദീപിക-ശങ്കേഴ്സ് സംസ്ഥാന കാര്‍ട്ടൂണ്‍ മത്സരവിജയി, സംസ്ഥാന-ദേശീയ പോസ്റ്റര്‍ ഡിസൈനിംഗില്‍ വിജയി, കെസിബിസി സംസ്ഥാന ബൈബിള്‍ കലോത്സവം, നാടകം, തെരുവുനാടകം മത്സരങ്ങളില്‍ നിരവധി തവണ ജേതാവ്, കെസിവൈഎം സംസ്ഥാന കലോത്സവത്തില്‍ കാര്‍ട്ടൂണ്‍, ചെരുകഥ, ലേഖനം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കൊളാഷ്, മോണോ ആക്ട്, മുദരാവാക്യരചന, പ്രസംഗം, തെരുവുനാടകം എന്നിവയില്‍ ജേതാവ്.
വിജയപുരം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, തിരുവനന്തപുരം, വരാപ്പുഴ അതിരൂപത ബൈബിള്‍ കലോത്സവങ്ങളില്‍ നാടക തെരുവ് നാടകങ്ങളില്‍ വിജയം.
നാടിന്നകം നാടകം
ഒരു കലാകാരന് ആയി രൂപപ്പെട്ടത് നാടക പഠനത്തിലൂടെ ആയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷിത്തിന്റെ തെരുവ് നാടക കളരിയാണ്. പ്രഗത്ഭരായ നാടകധ്യാപകര് ആയിരുന്നു പരിശീലകര്‍. പിന്നീട് വിവിധ രൂപതകളില്‍ സോഷ്യല്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ ഒക്കെ നാടകക്യാമ്പുകളില്‍ പങ്കെടുത്തു. മുന്നൂറില്‍പ്പരം തെരുവുനാടകങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ലളിതഗാനം. നാടന്‍പാട്ട്, ദേശഭക്തിഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, വിപ്ലവഗാനങ്ങള്‍, ഗ്രാമീണഗാനങ്ങള്‍, അനുസ്മരണ ഗാനങ്ങള്‍ തുടങ്ങി ആയിരത്തില്‍ അധികം പാട്ടുകള്‍ സൃഷ്ടിച്ചു. അമ്പതോളം ആല്‍ബങ്ങളും ഇരുപത്തിയഞ്ച് ഷോര്‍ട്ട്ഫിലിമുകളും സംവിധാനം ചെയ്തു. രണ്ടു പുസ്തകങ്ങളെഴുതി. സ്കൂള്‍ കലോത്സവങ്ങളില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്കൂളുകള്‍ക്ക് ദേശഭക്തിഗാനം, നാടകം, കഥാപ്രസംഗം, ലളിതസംഗീതം, സമൂഹഗാനം എന്നിവയില്‍ വിജയം നേടിക്കൊടുക്കാന്‍ സിബിക്കു കഴിഞ്ഞു.
മധുരം മാത്രമല്ല, കയ്പും
തിക്താനുഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. വേദനിപ്പിച്ചവരും വേദനിപ്പിക്കുന്നവരും ഏറെയുണ്ട്. അതൊക്കെ ദൈവത്തോട് ചേര്‍ന്നുനിന്ന് നേരിടും. ആരോടും ദേഷ്യമോ പിണക്കമോ ഇല്ല. ശേഷിയുള്ള കാലം എന്നെകൊണ്ട് കഴിയാവുന്ന നന്മകള് ചെയ്യണം എന്നുള്ള ചിന്തയേ ഉള്ളൂ.
വിശുദ്ധരും ദൈവദാസരും തുണ
തനിക്കു ലഭിച്ചിട്ടുള്ള ഒരു ഭാഗ്യമായി കരുതുന്നത് കുറെയേറെ വിശുദ്ധരുടെയും ദൈവദാസന്മാരുടെയും ഒക്കെ പാട്ടുകള്‍ എഴുതാനും സംഗീതം ചെയ്യാനും കഴിഞ്ഞിട്ടുണ്ട് എന്നതാണ്. വിശുദ്ധ അമ്മത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ മദര്‍ തെരേസ, വിശുദ്ധ ചാവറയച്ചന്, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ ജോണ്‍ ഓഫ് ദ് ക്രൂസ്, ധന്യ മദര്‍ ഏലിശ്വ, ധന്യന്‍ മാക്കീല്‍ പിതാവ് അങ്ങനെ ഒട്ടേറെ പുണ്യാത്മാക്കള്‍. ഇവരുടെയൊക്കെ നാടകങ്ങളും കഥാപ്രസംഗങ്ങളും രചിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
മൂന്നു സിനിമകള്‍ക്കു വേണ്ടി ഞാന്‍ സംഗീതം ചെയ്തുവെങ്കിലും ആ സിനിമയൊന്നും പുറത്തുവന്നില്ല. വലിയ മോഹങ്ങള്‍ ഇല്ലാത്തതുകൊണ്ട് നിരാശയും തോന്നിയിട്ടില്ല. നാം പദ്ധതികള്‍ കാലേകൂട്ടി വിഭാവനം ചെയ്യുന്നു. എന്നാല്‍ നമ്മുടെ കാലടികളെ ദൈവം നിയന്ത്രിക്കുന്നു എന്നാണു പറയുന്നത്. എന്നെ ദൈവം നടത്തുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.. എനിക്ക് നിരാശയില്ല. ഒന്നുമില്ലായ്മയില്‍ നിന്നാണ് ദൈവം ഇത്രത്തോളം എത്തിച്ചത്. അത് ചെറിയ കാര്യമല്ല.
സിബിയുടെ ഭാര്യ സനിത. മക്കള്‍: സിംഫണി അഡ്ലേയ്ഡ് ഏലിശ്വ, സിബിസണ്‍ ഗോഡ്സെന്ഡ്, സീ അന്ന ഹാര്‍മണി. കുട്ടികള്‍ ചിത്രകലയില്‍ സംസ്ഥാന തലത്തില്‍ വിജയികളാണ്.