ന്യൂഡൽഹി: ഇന്ത്യൻ നാവികസേനാ കമാൻഡോകളുടെ തന്ത്രപരമായ നീക്കത്തിലൂടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ചു .സൊമാലിയൻ തീരത്തു കടൽക്കൊള്ളക്കാർ റാഞ്ചിയ ”എം.വി. ലിലാ നോർഫോക്ക്” എന്ന ലൈബീരിയൻ ചരക്കുകപ്പലാണ് മോചിപ്പിച്ചത് .
കമാൻഡോകൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കടൽക്കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ചുപോവുകയായിരുന്നു . കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാവികസേനയുടെ കമാൻഡോകളായ ‘മാർകോസ്’ ആണ് ഓപ്പറേഷൻ നടത്തിയത്.
നാവികസേനാ യുദ്ധക്കപ്പലായ ഐ.എൻ.എസ്. ചെെന്നെ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം നടത്തിയത് . റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യൻ യുദ്ധകപ്പലിൽ നിന്ന് ഹെലികോപ്റ്ററയച്ച് കടൽകൊള്ളക്കാർക്ക് കപ്പൽവിട്ടുപോകാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ കമാൻഡോകൾ ചരക്കുകപ്പലിൽ പ്രവേശിച്ചു. പിന്നാലെയാണ് കപ്പൽ മോചിപ്പിച്ചതായി അറിയിപ്പ് വന്നത്. നാവികസേനാ ആസ്ഥാനത്തുനിന്നാണ് നടപടികൾ ഏകോപിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണു കപ്പൽ റാഞ്ചിയ വിവരം ബ്രിട്ടീഷ് സൈനിക ഏജൻസിയായ ”യു.കെ. മാരിെടെം ട്രേഡ് ഓപ്പറേഷൻസ്” പുറത്തുവിടുന്നത് . കപ്പൽ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന നടപടികൾ ആരംഭിച്ചിരുന്നു. ഐ.എൻ.എസ്. ചെെന്നെയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു.
ബ്രസീലിൽനിന്ന് ബഹ്റെനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയിൽനിന്ന് 300 നോട്ടിക്കൽ മൈൽ കിഴക്ക് നിന്ന് ആറംഗ സായുധ സംഘം കപ്പൽ റാഞ്ചിയത്. ചരക്കുകപ്പലുകൾക്കു നേരേ ഡ്രോൺ ആക്രമണമുൾപ്പെടെ പതിവായതോടെ, സുരക്ഷയൊരുക്കാൻ ഇന്ത്യ കൂടുതൽ നാവികസേനാ കപ്പലുകൾ സമുദ്രപാതകളിൽ വിന്യസിച്ചിരുന്നു.