ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള പത്താം നമ്പര്‍ ജേഴ്സി ഉപേക്ഷിക്കും. സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതോടെയാണിത് . താരത്തിനുള്ള ആദരവായാണ് ഇത്തരമൊരു തീരുമാനമെന്ന് അർജന്റീന ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു.
1978ല്‍ ആദ്യമായി അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ സൂപ്പര്‍ താരം മരിയോ കെംപെസ് പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞാണ് കളിച്ചിരുന്നത്. പിന്നീട് ഡീഗോ മറഡോണ പത്താം നമ്പറുകാരനായി കളത്തിലിറങ്ങി. 1986ല്‍ ലോകകപ്പ് നേടുമ്പോള്‍ മറഡോണ പത്താം നമ്പറിലാണ് കളിച്ചത്. താരം അന്താരാഷ്ട്ര ഫുട്ബോള്‍ അവസാനിപ്പിക്കുന്നത് വരെ ആ നമ്പറില്‍ തുടര്‍ന്നു. ഇതിഹാസതാരത്തിന്റെ കാലത്തിന് ശേഷം ഏരിയല്‍ ഒര്‍ട്ടേഗ, യുവാന്‍ റോമന്‍ റിക്വല്‍മി എന്നിവര്‍ പത്താം നമ്പറില്‍ കളിച്ചിട്ടുണ്ട്.
അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച കാലത്ത് മെസിയുടെ ജേഴ്സി നമ്പര്‍ 19 ആയിരുന്നു. അര്‍ജന്റിന കുപ്പായത്തില്‍ ഇതുവരെ 180 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ 106 ഗോളുകള്‍ നേടിയിട്ടുണ്ട്.