ജനീവ: മാരകമായ സ്വയംനിയന്ത്രിത ആയുധ സംവിധാനങ്ങളുടെ (Lethal Autonomous Weapons Systems – LAWS) ഉപയോഗത്തിന് താൽക്കാലിക മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും ഇതുസംബന്ധിച്ച് നിയമപരമായി ബാധകമായ അന്താരാഷ്ട്ര ചട്ടക്കൂട് രൂപീകരിക്കണമെന്നും വത്തിക്കാൻ ആവശ്യപ്പെട്ടു.
ജീവനും മരണവും സംബന്ധിച്ച തീരുമാനങ്ങൾ മനുഷ്യരുടെ കൈകളിൽത്തന്നെ നിലനിൽക്കണമെന്നും വത്തിക്കാൻ വ്യക്തമാക്കി. ജനീവയിൽ നവംബർ 16 മുതൽ 20 വരെ നടക്കുന്ന ചില പരമ്പരാഗത ആയുധങ്ങളെക്കുറിച്ചുള്ള കൺവെൻഷന്റെ (CCW) ഏഴാമത് അവലോകന സമ്മേളനത്തിലാണ് സ്വയംനിയന്ത്രിത മാരകായുധ സംവിധാനങ്ങളെക്കുറിച്ചുള്ള നിലപാട് രേഖ വത്തിക്കാൻ സമർപ്പിച്ചത്. ഈ ആയുധ സംവിധാനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളും ആശങ്കകളും ഒരു ദശാബ്ദത്തിലേറെയായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബർ 4-ന് അംഗീകരിച്ച സർക്കാർ വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ഈ വിഷയത്തിൽ രാജ്യങ്ങൾക്കിടയിൽ പൊതുവായ ധാരണ രൂപപ്പെട്ടുവരുന്നതിന്റെ തെളിവാണെന്നും വത്തിക്കാൻ വിലയിരുത്തി.
നിലവിലുള്ള അറിവുകളും പൊതുധാരണകളും പ്രായോഗികമായി നടപ്പാക്കാവുന്ന വ്യക്തമായ അന്താരാഷ്ട്ര ചട്ടക്കൂടാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും രേഖയിൽ പറയുന്നു. സാങ്കേതികവിദ്യയുടെ പേരിലുള്ള ആയുധമത്സരം നിയന്ത്രിക്കാനും സാധാരണ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും ആഹ്വാനം ചെയ്യുന്ന ലെയോ പതിനാലാമൻ പാപ്പായുടെ ചാക്രികലേഖനമായ മാഗ്നിഫിക്ക ഹ്യൂമാനിറ്റാസിലെ ആഹ്വാനവും വത്തിക്കാൻ ഇതോടൊപ്പം അനുസ്മരിപ്പിച്ചു.

