വാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ മതപീഡനങ്ങളും വിവേചനങ്ങളും നേരിടുന്ന സമൂഹങ്ങളിലൊന്നായി ക്രൈസ്തവർ മാറിയെന്ന് യുഎസ് കോൺഗ്രസ് സമിതിക്കു മുന്നിൽ മതസ്വാതന്ത്ര്യ വിദഗ്ധർ. നവംബർ 18ന് ടോം ലാന്റോസ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ സംഘടിപ്പിച്ച ഹിയറിങ്ങിലാണ് വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളുടെ വ്യാപ്തി ചർച്ചയായത്.
ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി നൈജീരിയ മാറിയെന്ന് റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡേവിഡ് കെ. ട്രിംബിൾ പറഞ്ഞു. 2026ൽ മാത്രം രാജ്യത്ത് ഏകദേശം 3,490 ക്രൈസ്തവർ കൊല്ലപ്പെട്ടതായും വിശ്വാസത്തിന്റെ പേരിൽ പ്രതിദിനം ശരാശരി 12 പേർ വധിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.യൂറോപ്യൻ രാജ്യങ്ങളായ ഫിൻലൻഡ്, യുകെ, അയർലൻഡ്, ജർമനി, ഫ്രാൻസ്, സ്പെയിൻ, മാൾട്ട എന്നിവിടങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ നിയമപരമായ നടപടികളും സെൻസർഷിപ്പും നേരിടുന്നതായി അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം പ്രതിനിധി ജെറമി ടെഡെസ്കോ ആരോപിച്ചു.
പീഡനങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ 2,24,129 ക്രൈസ്തവർക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നതായി വേൾഡ് റിലീഫ് വൈസ് പ്രസിഡന്റ് മാത്യു സോറൻസ് അറിയിച്ചു.തുർക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരുടെ ദുരിതങ്ങളും ഹിയറിങ്ങിൽ വിശദമായി ചർച്ചയായി. ആഗോളതലത്തിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവ സമൂഹങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നതിനും അമേരിക്കൻ സർക്കാർ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്തും ഡെമോക്രാറ്റിക് പ്രതിനിധി ജെയിംസ് പി. മക്ഗവർണും സഹ-അധ്യക്ഷത വഹിച്ച ഹിയറിങ്ങിൽ ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റിലെ കണക്കുകളും ഉദ്ധരിക്കപ്പെട്ടു.
പട്ടികയിലുള്ള 50 രാജ്യങ്ങളിലായി 38.8 കോടിയിലധികം ക്രൈസ്തവർ കടുത്ത പീഡനങ്ങളും വിവേചനങ്ങളും അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്.ഭരണകൂടങ്ങളുടെ അവകാശനിഷേധവും അടിച്ചമർത്തലും വിവേചനവും മുതൽ സായുധ സംഘങ്ങളുടെയും അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകളുടെയും ആക്രമണങ്ങൾ വരെ മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ പരിധിയിൽ വരുന്നതായി കമ്മീഷൻ പുറത്തിറക്കിയ മെമ്മോയിൽ വ്യക്തമാക്കുന്നു.

