കെയ്റോ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഈജിപ്തിൽ അറസ്റ്റിലായ യുവാവിന് വധശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ. സെയ്ദ് മൻസൂർ റിസ്ക് അബ്ദുൽറസാഖ് എന്ന യുവാവിനെതിരെ പരമാവധി ശിക്ഷയായ വധശിക്ഷയോ 25 വർഷത്തെ തടവുശിക്ഷയോ നൽകണമെന്നാണ് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടതെന്ന് അഭിഭാഷകൻ സെയ്ദ് ഫായിസ് വെളിപ്പെടുത്തി.
2025 ജൂലൈയിൽ അറസ്റ്റിലായ അദ്ദേഹം നിലവിൽ ടെൻത് ഓഫ് റമദാൻ ജയിലിലാണ്. ഇസ്ലാം മതത്തെ അപമാനിക്കൽ, പൊതുസമാധാനം തകർക്കാൻ ശ്രമിക്കൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, നിരോധിത ഭീകരസംഘടനയിൽ പ്രവർത്തിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ, നിലവിലില്ലാത്ത ഒരു ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് കള്ളക്കേസുകൾ ചുമത്തുകയായിരുന്നുവെന്നും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതാണ് നടപടികൾക്ക് പിന്നിലെന്നും മനുഷ്യാവകാശ സംഘടനയായ കോപ്റ്റിക് സോളിഡാരിറ്റിയും കുടുംബവും ആരോപിച്ചു. കസ്റ്റഡിയിൽ കഴിയുന്നതിനിടെ അബ്ദുൽറസാഖിന് ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടിവന്നതായി പ്രതിശ്രുതവധു സോഫിയ വെളിപ്പെടുത്തി. കൈയിലെ കുരിശടയാളം ബലമായി മായ്ക്കാൻ ശ്രമിച്ചതായും ചുവരിൽ ബന്ധിച്ച് കുരിശിലേറ്റുന്നതിന് സമാനമായ രീതിയിൽ മണിക്കൂറുകളോളം പീഡിപ്പിച്ചതായും അവർ ആരോപിച്ചു. ഇസ്ലാമിലേക്ക് മടങ്ങാനും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് കൈമാറാനും ഇയാളുടെ മേൽ സമ്മർദമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി.
മുസ്ലിം കുടുംബത്തിൽ ജനിച്ച അബ്ദുൽറസാഖ് അയൽവാസിയുടെ കടയിൽ കണ്ട ബൈബിളിലൂടെയാണ് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അറിയുന്നത്. വർഷങ്ങൾ നീണ്ട പഠനത്തിനുശേഷം വിശ്വാസം സ്വീകരിച്ച അദ്ദേഹം കുടുംബത്തിൽ നിന്നും സമൂഹത്തിൽനിന്നും എതിർപ്പുകൾ നേരിട്ടു. തുടർന്ന് റഷ്യയിലേക്ക് പലായനം ചെയ്തെങ്കിലും പിന്നീട് ഈജിപ്തിലേക്ക് തിരിച്ചയക്കപ്പെട്ടു. ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ മതപരിവർത്തനം രേഖപ്പെടുത്താൻ ശ്രമിച്ചതിനു പിന്നാലെയാണ് 2025-ൽ വീണ്ടും അറസ്റ്റിലായത്. കേസിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ കേൾക്കുന്നതിനായി കോടതി ഡിസംബർ എട്ടിലേക്ക് വിചാരണ മാറ്റിവച്ചിരിക്കുകയാണ്.

