ശരത് വെണ്‍പാല
ഇരകളുടെ മതം നോക്കി കണ്ണീരൊഴുക്കുകയും, വേട്ടക്കാരുടെ മതം നോക്കി മൗനം പാലിക്കുകയും ചെയ്യുന്ന ഈ ‘സെലക്ടീവ് മതേതരത്വം
അല്പം പുരാണം
കുറച്ചു നാളുകള്‍ക്കു മുന്‍പാണ്; ഒരു യാത്രക്കിടയില്‍ ഒരു സാധാരണ ചായക്കടയില്‍ ഇരിക്കുമ്പോള്‍ അവിടത്തെ ടിവിയില്‍ ഒരു അഭിമുഖം നടക്കുന്നു. മലയാള സിനിമാനടന് മമ്മൂട്ടിയുമായുള്ള ആ അഭിമുഖത്തില്‍ മമ്മൂട്ടി മാധ്യമ പ്രവര്‍ത്തകനൊപ്പം നടക്കുന്ന ഒരു സീക്വന്‍സ് കണ്ടിട്ട് സാധാരണക്കാരനായ ഒരാള്‍ ആരോടിന്നില്ലാതെ പെട്ടെന്ന് ചോദിച്ചു ‘ മമ്മൂട്ടി കമ്മ്യൂണിസ്റ്റ് അല്ലേ?പിന്നെ എന്താണ് ഇടത്തോട്ട് മുണ്ട് ഉടുത്തിരിക്കുന്നത്?(മമ്മൂട്ടിക്ക് ഇടത്തോട്ടോ വലത്തോട്ടോ മുണ്ടുടുക്കാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്. അത് അദ്ദേഹത്തിന്റെ അവകാശമാണ്)ഈ സംഭവം ഇപ്പോള്‍ ഓര്‍മിക്കാന്‍ കാരണം സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടേയും വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെയും നേതാക്കന്മാര് നടന് മമ്മൂട്ടിയെ വീട്ടിലെത്തി കണ്ടു; ഫോട്ടോ എടുത്തു ;സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു; എന്ന വാര്‍ത്ത വായിച്ചതു കൊണ്ടാണ് (ഇതൊക്കെ ചെയ്യാനുള്ള സ്വാതന്ത്ര്യം യുവ-കുട്ടി നേതാക്കള്‍ക്ക് ഉണ്ട്; അതും അവരുടെ അവകാശമാണ്) മമ്മൂട്ടി എന്നും ഇടതുപക്ഷക്കാരന് ആണ്. അതുകൊണ്ടാണല്ലോ അദ്ദേഹം കൈരളി എന്ന പാര്‍ട്ടി ചാനലിന്റെ ചെയര്മാന് ആയത്. എന്നാല്‍ അദ്ദേഹത്തിന്റെ മുസ്ലിം ഐഡന്റിറ്റി ആണ് ഇടത്തേക്ക് മുണ്ടുടുത്ത് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
ഇവിടെ ഈ നടന്റെ രാഷ്ട്രീയമോ മതമോ ഇഴകീറി പരിശോധിക്കാനല്ല ഇതു പറഞ്ഞത്.മമ്മൂട്ടി ഒരു പ്രതീകമാണ്. ഇന്ന് ഇടതുപക്ഷത്തോട് ഒരു സാധാരണക്കാരന് ചോദിക്കാനുള്ളത് ആ ചായക്കടയില്‍ കേട്ടതിന്റെ മാറ്റൊലിയാണ്: ഇടതുപക്ഷം ഇടത്തോട്ട് മുണ്ടുടുക്കുന്നുവോ?ഒരു വഴിയോരച്ചായക്കടയിലെ ബഞ്ചിലിരിക്കുന്ന ഒരു സാധാരണക്കാരന്റെ ചുണ്ടില്‍ നിന്നു വീഴുന്ന ചോദ്യങ്ങള്‍ക്ക് പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയ നിരീക്ഷകരുടെ സെമിനാറുകളേക്കാള്‍ ആഴമുണ്ടാകാറുണ്ട്. അത് വെളിപ്പെടുന്ന ഒന്നായിരുന്നു ആ ചോദ്യം: ‘മമ്മൂട്ടി കമ്മ്യൂണിസ്റ്റല്ലേ, പിന്നെന്താ ഇടത്തോട്ട് മുണ്ടുടുത്തിരിക്കുന്നത്?’ചില തെറ്റിദ്ധാരണകള്‍ രാഷ്ട്രീയത്തില്‍ ‘ഇടത്’ പുരോഗമനവും മതനിരപേക്ഷതയുമാണ്; വസ്ത്രധാരണത്തില്‍ ‘ഇടത്’ മതപരമായ ഒരു ശീലവുമാണ്.രണ്ടും ‘ഇടത്’ ആയിരുന്നിട്ടും, ആ ചോദ്യകര്‍ത്താവ് ചിന്തിച്ചത് ‘ഇടതുപക്ഷക്കാരനായ ഒരാള്‍ എങ്ങനെ സമുദായ ചിഹ്നമായ ഇടത്തോട്ട് മുണ്ട് ഉടുക്കും?’ എന്നാണ്. വാസ്തവത്തില്‍, ഇടതുപക്ഷം അവകാശപ്പെടുന്നത് തങ്ങള്‍ വ്യക്തികളുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരല്ല, ചൂഷണങ്ങള്‍ക്കും വര്‍ഗീയതയ്ക്കും മാത്രമാണ് എതിരെന്നാണ്. എങ്കിലും, ഒരു കമ്മ്യൂണിസ്റ്റ് എപ്പോഴും മതചിഹ്നങ്ങള്‍ ഉപേക്ഷിച്ച ‘നിഷ്പക്ഷ വേഷധാരി’ ആയിരിക്കണം എന്നൊരു പഴയകാല നാടന്‍ സമവാക്യം ഇന്നും പൊതുമനസ്സില്‍ മായാതെ കിടക്കുന്നു. അത് തെറ്റിദ്ധാരണയാണെന്നാണ് ചുവരെഴുത്തുകള്‍ സൂചിപ്പിക്കുന്നത് മാര്ഗ്ഗമതേതരത്വം അഥവ സുന്നത്ത് സെക്യുലറിസം കേരളത്തിന്റെ വര്‍ത്തമാനകാല ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആകെത്തുക പരിശോധിച്ചാല്‍ ഒരു കാര്യം ഉറപ്പാണ്.
വര്‍ഗസമരത്തിന്റെ കാര്‍ക്കശ്യങ്ങളില്‍ നിന്നും വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷതയില്‍ നിന്നും വഴുതിമാറി, അധികാരം നിലനിര്‍ത്താന്‍ ഏതെങ്കിലും ഒരു സമുദായ തുരുത്തിലേക്ക് ചേക്കേറുന്ന ഇടതടവുനയങ്ങള്ക്ക് നാട്ടിന്‍പുറം ചാര്‍ത്തിക്കൊടുത്ത പേരാണ് ‘ഇടത്തോട്ടുടുക്കല്’. ഡിവൈഎഫ്ഐ നേതൃത്വം മലയാളത്തിന്റെ നടനകുലപതിയുടെ ഉമ്മറപ്പടിയില്‍ പുഞ്ചിരിയോടെ ചെന്നിറങ്ങുന്ന സൗഹൃദ സന്ദര്‍ശനം പോലും രാഷ്ട്രീയ കേരളം വെറുമൊരു കൂടിക്കാഴ്ചയായി കാണാത്തത് അതുകൊണ്ടാണ്. ജനകീയതയുടെ മേലങ്കിയണിഞ്ഞ്, പ്രത്യേക സമുദായ-സാംസ്കാരിക സ്വാധീനങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ഒരു മുന്നൊരുക്കമായി അത് വ്യാഖ്യാനിക്കപ്പെടുന്നു.
ആഗോളരാഷ്ട്രീയത്തിലെ അടവുനയങ്ങള്‍ (ഇടതു)അഥവ താത്വിക വെള്ളപൂശലുകള്മനുഷ്യാവകാശങ്ങളെയും ഭീകരതയെയും വിലയിരുത്തുമ്പോള്‍ ഇടതുപക്ഷം പ്രകടിപ്പിക്കുന്ന ‘സെലക്ടീവ് മനസ്സാക്ഷി’ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കിലെ ഇരട്ടഗോപുരങ്ങള്‍ തകര്‍ത്ത് മൂവായിരത്തോളം നിരപരാധികളെ ചുട്ടെരിച്ച അല്‍ഖ്വയ്ദയുടെ കിരാത നരനായാട്ടിനെപ്പോലും, ‘സാമ്രാജ്യത്വത്തിനെതിരായ ജനങ്ങളുടെ രോഷപ്രകടനം’ എന്ന നിലയില്‍ താത്വികമായി വെള്ളപൂശാന്‍ ശ്രമിച്ച വികല ബുദ്ധിജീവികളെ ഈ മണ്ണ് കണ്ടതാണ്.അതിന്റെ ഏറ്റവും പുതിയതും പച്ചയായതുമായ ആവര്‍ത്തനമാണ് ഒക്ടോബര്‍ 7-ന്റെ കൂട്ടക്കൊലകളിലും കണ്ടത്. ഇസ്രായേലിലെ തെരുവുകളിലേക്ക് ഇരച്ചുകയറി പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കണ്മുന്നിലിട്ട് അറുത്തുമാറ്റുകയും സ്ത്രീകളെ പിച്ചിച്ചീന്തുകയും ചെയ്ത ഹമാസ് ഭീകരതയുടെ ചോരയുണങ്ങും മുന്‍പേ, ആ കൊടുംക്രൂരതയെ ‘വിമോചന പോരാട്ട’മെന്ന് വാഴ്ത്തിപ്പാടാന് കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു നിമിഷത്തെപ്പോലും ആലോചന വേണ്ടിവന്നില്ല. ഗാസയിലെ നിസ്സഹായരായ മനുഷ്യര്‍ ബോംബുകള്ക്കടിയില് ഞെരിഞ്ഞമരുമ്പോള്‍ നെഞ്ചുപൊട്ടുന്ന അതേ ഇടതുപക്ഷം, ആ ദുരന്തത്തിന് വഴിവെച്ച ഹമാസിന്റെ തോക്കിന്മുനകളെ സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുന്നു. ഇരകളുടെ മതം നോക്കി തുലാസിലിടുന്ന വ്യാജമതേതരത്വംഗാസയിലെ ചോരയിറ്റുന്ന മണ്ണിലേക്ക് ചെങ്കൊടിയേന്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഇതേ സഖാക്കള്‍, ബംഗ്ലാദേശിലെ തെരുവുകളില്‍ ഹിന്ദു ന്യൂനപക്ഷങ്ങളുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുമ്പോഴും നൈജീരിയയിലോ മധ്യപൂര്വദേശത്തോ ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുമ്പോഴും നിരപരാധികള്‍ വിശ്വാസത്തിന്റെ പേരില്‍ തലയറക്കപ്പെടുമ്പോഴോ നാവടക്കിപ്പിടിക്കുന്നത് എന്തുകൊണ്ടാണ്? സംഘപരിവാര്‍ ക്രിസ്ത്യാനികളെ ആക്രമിക്കുമ്പോള്‍ മാത്രം ക്രിസ്ത്യാനികളോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പാകിസ്ഥാനിലും ബംഗ്ലാദേശിലും ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
ശബരിമലയിലെ സ്ത്രീ പ്രവേശം നവോത്ഥാനം ആകുകയും സ്ത്രീകള്‍ മുഖം പോലും പുറത്തു കാട്ടാതെ (പൊതു ഇടങ്ങളില്‍ പോലും) ജീവിക്കുന്നതിനെ സ്വകാര്യതയുടെയും വ്യക്തി നിയമങ്ങളുടെയും പൂത്തുലയുന്ന പ്രകാശനമാകുകയും ചെയ്യുമ്പോള്‍ ”എന്ത് പ്രഹസനമാണ് ….?”എന്ന സിനിമ ഡയലോഗാണ് ഓര്‍മ്മ വരുന്നത്.*ഇരകളുടെ മതം നോക്കി കണ്ണീരൊഴുക്കുകയും, വേട്ടക്കാരുടെ മതം നോക്കി മൗനം പാലിക്കുകയും ചെയ്യുന്ന ഈ ‘സെലക്ടീവ് മതേതരത്വം’ നേരിടേണ്ട ചോദ്യമാണ് ; ഇടതുപക്ഷം ഇടത്തോട്ട് മുണ്ടുടുക്കുന്നുവോ?*മുനമ്പത്തെ അനീതിയും വോട്ടുബാങ്കിന് മുന്നിലെ മുട്ടുമടക്കലുംമുനമ്പം കടപ്പുറത്തെ നൂറുകണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളി ക്രൈസ്തവ-ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ നിന്ന് വഖഫ് നിയമത്തിന്റെ പേരില്‍ കുടിയിറക്കപ്പെടലിന്റെ വക്കില്‍ നില്ക്കുമ്പോള്, ഭരണകൂടവും ഇടതുപക്ഷവും കാട്ടിയ മൃദുസമീപനം ജനങ്ങള്‍ കണ്ടതാണ്. വോട്ട് ബാങ്കിന്റെ സമവാക്യങ്ങള്‍ തെറ്റുമോ എന്ന ഭയത്തില്‍ നീതിബോധത്തെ പണയം വെച്ചപ്പോള്‍, ഉയരുന്ന ചോദ്യവും ഇതുതന്നെ ഇടതുപക്ഷം ഇടത്തോട്ട് മുണ്ടുടുക്കുന്നുവോ?(വലതു പക്ഷമായ ഭരണമുന്നണിയും ഇപ്പോള്‍ ഈ ചോദ്യം നേരിടണം. കാരണം മുനമ്പം പ്രശ്നപരിഹാരം പത്ത് മിനിറ്റ് മാറ്റി രണ്ട് സ്റ്റെപ്പ് ആക്കിയാല്‍ തീരാവുന്നതേയുള്ളൂ;ഒന്നാം സ്റ്റെപ്പ്: താല്‍ക്കാലിക പരിഹാരംമുനമ്പത്തുകാരുടെ റവന്യൂ അവകാശങ്ങള്‍ തിരികെ നല്കാന് സര്‍ക്കാരിനുമുന്നില്‍ യാതൊരു നിയമതടസ്സവുമില്ല; കാരണം, ഒരു കോടതിയും മുനമ്പത്തുകാരുടെ റവന്യൂ അവകാശങ്ങള്‍ തടയണമെന്ന് ഉത്തരവിട്ടിട്ടില്ല.രണ്ടാം സ്റ്റെപ്പ്: ശാശ്വത പരിഹാരംവഖഫ് ബോര്‍ഡ് ചെയര്‍മാന്റെ ഓര്‍ഡര്‍ (20.05.2019) നടപടിക്രമങ്ങള്‍ (ആക്ട് സെക്ഷന്‍ 4, 5) പാലിക്കാതെയുള്ളതാണെന്ന വസ്തുത ട്രൈബ്യൂണലിനു മുന്നില്‍ ബോര്‍ഡ് സത്യസന്ധതയോടെ ഏറ്റുപറയുക…).തെരുവിലെ ജനകീയ രോഷവും വിഘടനവാദത്തിന്റെ കരിനിഴലുംതൊഴിലില്ലായ്മയ്ക്കും പരീക്ഷാ ക്രമക്കേടുകള്‍ക്കുമെതിരെ ഡല്‍ഹിയിലടക്കം ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ (മാധ്യമങ്ങള്‍ ‘പാറ്റ സമരം’ എന്ന് വിളിച്ചതടക്കം) ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ അണിനിരന്നത് സ്വാഭാവികം. എന്നാല്‍, ആള്‍ക്കൂട്ടങ്ങളുടെ മറവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും വിഘടനവാദ ചിന്തകളും പാകിസ്താന് അനുകൂല ധ്വനികളും ഉയരുമ്പോള്‍, അതേ വേദിയില്‍ സന്നിഹിതരായ ഇടതുനേതൃത്വം പുലര്‍ത്തുന്ന നിര്‍വികാരമായ നിശ്ശബ്ദത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഭരണകൂടത്തെയും വലതുപക്ഷത്തെയും എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി, രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന തീവ്ര ഗ്രൂപ്പുകള്‍ക്ക് കുടപിടിച്ചുകൊടുക്കുന്ന അവസ്ഥയിലേക്ക് ഇടതുപക്ഷം തരംതാണുപോയോ? അത്തരം വിഷലിപ്തമായ മുദ്രാവാക്യങ്ങള്‍ ഉയരുമ്പോള്‍ അതിനെ തള്ളിപ്പറയാതിരിക്കാന്‍ നട്ടെല്ല് വളയുന്നതും, അതിനെ ‘ആവിഷ്കാര സ്വാതന്ത്ര്യം’ എന്ന് ന്യായീകരിക്കുന്നതും, വിപ്ലവമല്ല മറിച്ച് വോട്ടിനുവേണ്ടിയുള്ള ആത്മഹത്യാപരമായ ഒത്തുതീര്‍പ്പാണ്.വെളിപാട് ചെങ്കൊടിയുടെ ചുവപ്പ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചുടുചോരയാണെന്ന് ഇനിയും കവലകളില്‍ തൊണ്ടകീറി വിളിച്ചുപറയാന്‍ ഇടതുപക്ഷത്തിനു ലജ്ജ തോന്നുന്നില്ലേ? അടിച്ചമര്‍ത്തപ്പെട്ടവന്റെ കണ്ണീരൊപ്പാനല്ല, വോട്ടുപെട്ടി നിറയ്ക്കാന്‍ വേണ്ടി തീവ്രവാദികളുടെയും മതമൗലികവാദികളുടെയും തിണ്ണനിരങ്ങുന്നതാണ് പുതിയ വിപ്ലവമെങ്കില്‍, ആ കൊടിയുടെ നിറം ചോരയുടെ ചുവപ്പല്ല നിഷ്പക്ഷമതികളുടെ ചോരനക്കുന്ന അധികാരദാഹത്തിന്റെ കാപട്യമാണ്! മതമെന്ന ഒറ്റപ്പേരില്‍ കൊന്നൊടുക്കപ്പെട്ട നിഷ്കളങ്കരായ മനുഷ്യരുടെ ചോരയെ മറന്ന് ആ ക്രൂരതയെ ‘വിപ്ലവപ്പോരാട്ട’മെന്ന് ഓമനപ്പേരിട്ടു വിളിക്കുമ്പോള്‍, അനീതി വഖഫ് ബോര്‍ഡ് നടത്തിയാല്‍ കുറ്റകരമായ മൗനം പാലിക്കുമ്പോള്‍,അതിര്‍ത്തി കാക്കുന്ന ജവാന്റെ നെഞ്ചിലെ ചോരയെക്കാള്‍ വലുതാണ് ആള്‍ക്കൂട്ടത്തിനിടയിലെ രാജ്യവിരുദ്ധ മുദ്രാവാക്യമെന്ന് കരുതുമ്പോള്‍ ഒക്കെ ഇടതു പക്ഷത്തിന്റെ ഇരട്ടത്താപ്പിനെ വേവലാതിയോടെ കാണുന്ന മിതവാദികളായ നിഷ്പക്ഷമതികളുടെ പക്ഷമാണ് ഈ കുറിപ്പ്. വസ്ത്രം മാത്രമല്ല, വിവേകവും രാജ്യസ്നേഹവും നീതിബോധവും സൗകര്യപൂര്‍വ്വം ‘ഇടത്തോട്ടുടുത്ത്’ നടക്കുന്ന എല്ലാ രാഷ്ട്രീയതൊഴിലാളികള്ക്കും കാലം കാവ്യഭംഗിയുള്ള മറുപടി കാത്തു വച്ചിട്ടുണ്ട് എന്ന വെളിപാട് കൂടി അറിയിക്കുന്നു.

