കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ലൂർദ് ആശുപത്രിയുടെയും സെന്റ് ആൽബർട്ട്സ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഹാർട്ട് ഡേ ഹെൽത്ത് മീറ്റ്’ സംഘടിപ്പിച്ചു. സെന്റ് ആൽബർട്ട്സ് കോളേജിൽ നടന്ന പരിപാടിയിൽ ഹൃദയാരോഗ്യ ബോധവത്കരണ ക്ലാസുകളും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
ലൂർദ് ആശുപത്രി കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോർജ് തയിൽ ‘ഹൃദയാഘാത പ്രതിരോധവും ആരോഗ്യകരമായ ജീവിതശൈലിയും’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി മാറ്റങ്ങൾ, അപകടസാധ്യതാ ഘടകങ്ങളുടെ നിയന്ത്രണം എന്നിവയിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു.കാർഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സുജിത് കുമാർ എസ്. ‘ഹൃദയാഘാതവും ചികിത്സാ രീതികളും’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന്റെയും അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
സെന്റ് ആൽബർട്ട്സ് കോളേജ് ഡയറക്ടർ റവ. ഡോ. ആന്റണി തൊപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രിയുടെ ന്യൂസ് ബുള്ളറ്റിൻ ‘പൾസ്’ മാഗസിന്റെ പ്രകാശനവും ഡോ. ജോർജ് തയിൽ രചിച്ച ‘ഹാർട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം’ എന്ന പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.സെന്റ് ആൽബർട്ട്സ് കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായുള്ള ലൂർദ് ആശുപത്രി പ്രിവിലേജ് കാർഡ് പദ്ധതിയുടെയും ലൂർദ് ഫാമിലി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വെൽനസ് ക്ലിനിക്കിന്റെയും ഉദ്ഘാടനവും മോൺ. മാത്യു കല്ലിങ്കൽ നിർവഹിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി റാഫേൽ കോമരഞ്ചാത്ത്, സെന്റ് ആൽബർട്ട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജസ്റ്റിൻ റെബെല്ലോ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡിനു സൈമൺ, അസിസ്റ്റന്റ് പ്രൊഫ. സ്വാതി തിലകൻ എന്നിവർ സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ബോധവത്കരണ സ്കിറ്റോടെ പരിപാടികൾ സമാപിച്ചു.

