ലൂർദ്: ലെയോ പതിനാലാമൻ പാപ്പ ഇന്ന് സെപ്റ്റംബർ 26-ന് ഫ്രാൻസിലെ ലൂർദിലെത്തും. പരിശുദ്ധ കന്യകാമറിയം വിശുദ്ധ ബെർണദെത്തിന് പ്രത്യക്ഷപ്പെട്ട മസാബിയേലിലെ ഗ്രോട്ടോയിൽ വൈകുന്നേരം 7.40-ന് പാപ്പ പ്രാർഥന നടത്തും.
സെപ്റ്റംബർ 27-നും പാപ്പാ ലൂർദിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.‘പരിഹാരം ചെയ്യുക, പാപികൾക്കുവേണ്ടി പ്രാർഥിക്കുക’ എന്ന ലൂർദിലെ മാതാവിന്റെ ആഹ്വാനം അനുസ്മരിച്ചുകൊണ്ടായിരിക്കും പാപ്പായുടെ പ്രാർഥന. പാപവും സംഘർഷങ്ങളും വർധിക്കുന്ന ലോകത്തിന് ദൈവത്തിന്റെ കരുണയും സമാധാനവും ലഭിക്കണമെന്ന നിയോഗവും പ്രാർഥനയിൽ ഉൾപ്പെടും.1858-ൽ പതിനാലുകാരിയായ വിശുദ്ധ ബെർണദെത്തിന് പരിശുദ്ധ കന്യകാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ടത് മസാബിയേലിലെ ഗ്രോട്ടോയിലാണ്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകരുടെ പ്രധാന മരിയൻ തീർഥാടനകേന്ദ്രമായി ലൂർദ് മാറി. 1862-ലാണ് ലൂർദിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെ കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചത്.
മുൻപും നിരവധി മാർപാപ്പമാർ ലൂർദിലെത്തിയിട്ടുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1983-ൽ ലൂർദ് സന്ദർശിക്കുകയും രോഗികൾക്കായി ദിവ്യകാരുണ്യ ആശീർവാദം നൽകുകയും ചെയ്തു. ലൂർദിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് 2008-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയും ലൂർദിലെത്തിയിരുന്നു.പാപ്പായുടെ സന്ദർശനത്തോടെ ലൂർദിൽ വീണ്ടും ലോകസമാധാനത്തിനും രോഗികൾക്കും പാപികളുടെ മാനസാന്തരത്തിനും ദൈവകരുണയ്ക്കുമായി പ്രത്യേക പ്രാർഥനകൾ ഉയരും.

