മിസോറി: ടെലിവിഷനും റേഡിയോയും ഉൾപ്പെടെയുള്ള മാധ്യമങ്ങളെ സുവിശേഷപ്രഘോഷണത്തിനായി ഫലപ്രദമായി ഉപയോഗിച്ച ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 24-ന് മിസോറിയിലെ സെന്റ് ലൂയിസിലുള്ള ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ നടന്ന ചടങ്ങിൽ ആയിരങ്ങളാണ് പങ്കെടുത്തത്. മാർപാപ്പയുടെ പ്രതിനിധിയായി ചടങ്ങിൽ ദിവ്യബലിക്ക് നേതൃത്വം നൽകിയ കർദ്ദിനാൾ ലൂയിസ് ടാഗ്ലെ, യേശുക്രിസ്തുവുമായുള്ള ആഴമേറിയതും വിനീതവുമായ ബന്ധവും ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള സ്നേഹവും ഷീനിന്റെ ജീവിതത്തിന്റെ പ്രത്യേകതകളായിരുന്നുവെന്ന് അനുസ്മരിച്ചു.
മാധ്യമരംഗത്തെ തന്റെ സാന്നിധ്യത്തിലൂടെ അനേകായിരങ്ങളിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാൻ ആർച്ച്ബിഷപ്പ് ഷീന്‍ കഴിഞ്ഞിരുന്നു. സാങ്കേതികവിദ്യയും മാധ്യമങ്ങളും സുവിശേഷ പ്രഘോഷണത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ മാതൃകയായാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതു കൂടിക്കാഴ്ചയ്ക്കിടെ ലെയോ പതിനാലാമൻ പാപ്പായും ഷീനിന്റെ മാധ്യമസുവിശേഷ പ്രവർത്തനങ്ങളെ അനുസ്മരിച്ചിരുന്നു. സുവിശേഷപ്രഘോഷണ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ ജീവിതം മാതൃകയാണെന്ന് പാപ്പ പറഞ്ഞു. വാഴ്ത്തപ്പെട്ട ഫുൾട്ടൻ ജെ. ഷീനിന്റെ തിരുനാൾ അദ്ദേഹത്തിന്റെ ചരമദിനമായ ഡിസംബർ 9-ന് ആചരിക്കുമെന്ന് ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.

