ഇല്ലിനോയിസ്: ഒരുകാലത്ത് മൂന്ന് കോടി അമേരിക്കക്കാരിലേക്ക് ടെലവിഷൻ എന്ന മാധ്യമത്തിലൂടെ സുവിശേഷം എത്തിച്ച ആർച്ച്ബിഷപ് ഫുൾട്ടൻ ജെ ഷീൻ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നു.
ആർച്ച്ബിഷപ് ഫുൾട്ടൺ ജെ. ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് മുന്നോടിയായി, അദ്ദേഹത്തിന്റെ മാധ്യസ്ഥ്യവുമായി ബന്ധപ്പെട്ട അത്ഭുത സൗഖ്യത്തിന്റെ കഥ വീണ്ടും ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ഇല്ലിനോയിസിൽ ട്രാവിസ്–ബോണി ദമ്പതികളുടെ കുഞ്ഞ് ജെയിംസ് ഫുൾട്ടൺ മരണത്തിന്റെ വക്കിൽനിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവമാണ് വത്തിക്കാൻ ഷീനിന്റെ വാഴ്ത്തപ്പെട്ട പദവിക്കായി അംഗീകരിച്ചത്.
2010 സെപ്റ്റംബർ 16-നായിരുന്നു സംഭവം. ജനിച്ചയുടൻ ശ്വാസമെടുക്കാതിരുന്ന കുഞ്ഞിനെ രക്ഷിക്കാൻ മെഡിക്കൽ സംഘം നടത്തിയ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ പിതാവ് ട്രാവിസ് കുഞ്ഞിന് മാമ്മോദീസ നൽകാൻ തീരുമാനിച്ചു. ആർച്ച്ബിഷപ് ഫുൾട്ടൺ ജെ. ഷീനിന്റെ പേര് നൽകിയാണ് കുഞ്ഞിന് മാമ്മോദീസ നൽകിയത്.
തുടർന്ന് പിയോറിയയിലെ മെഡിക്കൽ സെന്ററിൽ ചികിത്സ തുടരുന്നതിനിടെ 61 മിനിറ്റോളം കുഞ്ഞിൽ ജീവന്റെ ലക്ഷണങ്ങളൊന്നും പ്രകടമായില്ല. മരണസമയം രേഖപ്പെടുത്താൻ ഡോക്ടർമാർ ഒരുങ്ങുന്നതിനിടെയാണ് ജെയിംസിന്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങിയത്. ആ സമയമത്രയും മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ആർച്ച്ബിഷപ് ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.ദീർഘനേരം തലച്ചോറിലേക്ക് ഓക്സിജൻ ലഭിക്കാതിരുന്നതിനാൽ ഗുരുതരമായ മസ്തിഷ്ക തകരാറുകൾ ഉണ്ടാകുമെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ.
എന്നാൽ മാസങ്ങൾക്കുശേഷം നടത്തിയ എം.ആർ.ഐ പരിശോധനയിൽ തലച്ചോറിൽ തകരാറുകളോ വീക്കമോ കണ്ടെത്താനായില്ല. വൈദ്യശാസ്ത്രപരമായി വിശദീകരിക്കാൻ പ്രയാസമുള്ള ഈ സംഭവത്തെ തുടർന്നാണ് ഷീനിന്റെ മാധ്യസ്ഥ്യത്തിലൂടെ സംഭവിച്ച അത്ഭുതമായി ഇത് അംഗീകരിക്കപ്പെട്ടത്.ഇന്ന് 16 വയസ്സുകാരനായ ജെയിംസ് സാധാരണ ജീവിതം നയിക്കുന്നു. ഫുട്ബോൾ കളിക്കുകയും കുടുംബത്തെയും ഇടവക സമൂഹത്തെയും സഹായിക്കുകയും ചെയ്യുന്ന ജെയിംസ്, ആർച്ച്ബിഷപ് ഷീനിനോട് ഇപ്പോഴും പ്രാർത്ഥിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ സഹായം ജീവിതത്തിൽ അനുഭവപ്പെടുന്നുണ്ടെന്നും പറയുന്നു. ആർച്ച്ബിഷപ് ഫുൾട്ടൺ ജെ. ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് മുന്നോടിയായി, വിശ്വാസികളിൽ വലിയ ശ്രദ്ധ നേടുകയാണ് ജെയിംസിന്റെ ജീവിതത്തിലേക്ക് വഴിതുറന്ന ഈ സംഭവം.

