കൊച്ചി : നാടകകലയെ പ്രോത്സാഹിപ്പിക്കുന്നതിനും നാടക സമിതികളുടെ വളർച്ചയ്ക്കുമായി സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്. കെസിബിസി മീഡിയ കമ്മീഷൻ സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയിൽ നാടകത്തിന് പ്രധാന പങ്കുണ്ടെന്നും സമൂഹത്തിലെ തിന്മകൾക്കെതിരെ ശക്തമായ സന്ദേശങ്ങൾ പകരാൻ നാടകകലയ്ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. നാടകം ജീവസ്സുറ്റ കലാരൂപമാണ്. ടിക്കറ്റ് എടുത്ത് നാടകം കാണുന്ന പുതിയൊരു നാടകസംസ്കാരം കേരളത്തിൽ വളർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിഷപ്പ് മാർ തോമസ് ചക്യാത്ത് അധ്യക്ഷത വഹിച്ചു. സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരുന്നു. പി.ഒ.സി. ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായ ഫാ. തോമസ് തറയിൽ, ഹൈബി ഈഡൻ എം.പി., ഉമാ തോമസ് എം.എൽ.എ., കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റിൻ മിൽട്ടൺ, വാർഡ് കൗൺസിലർ എന്നിവർ പ്രസംഗിച്ചു.

