ലണ്ടൻ: മാരക രോഗബാധിതർക്ക് വൈദ്യസഹായത്തോടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകുന്ന നിയമനിർമാണ നിർദേശം ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടു. ഹൗസ് ഓഫ് കോമൺസിൽ നാല് മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കുശേഷം നടന്ന വോട്ടെടുപ്പിൽ 270 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 286 പേർ എതിർത്തു.ഇംഗ്ലണ്ടിലും വെയിൽസിലും ആറ് മാസത്തിൽ താഴെ ആയുസ്സ് മാത്രമേ ശേഷിക്കുന്നുവെന്ന് വൈദ്യശാസ്ത്രപരമായി വിലയിരുത്തപ്പെടുന്ന മാരക രോഗബാധിതരായ മുതിർന്നവർക്ക്, നിർദ്ദിഷ്ട നടപടിക്രമങ്ങളിലൂടെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകുന്നതായിരുന്നു ബില്ലിലെ വ്യവസ്ഥ.
രണ്ട് ഡോക്ടർമാരുടെയും വിദഗ്ധ സമിതിയുടെയും അംഗീകാരം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും നിർദേശത്തിലുണ്ടായിരുന്നു.രണ്ടുവർഷമായി പാർലമെന്റിൽ നടന്നുവരുന്ന ചർച്ചകൾക്കാണ് വോട്ടെടുപ്പോടെ താൽക്കാലിക വിരാമമായത്. പാർട്ടി നിലപാടുകൾക്ക് അതീതമായി എംപിമാർക്ക് മനഃസാക്ഷിയനുസരിച്ച് വോട്ട് ചെയ്യാൻ അവസരം നൽകിയിരുന്നു. പ്രധാനമന്ത്രി ആൻഡി ബർണാം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനു പകരം രാജ്യത്തെ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബില്ലിനെതിരെ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മനുഷ്യജീവൻ അവസാനിപ്പിക്കുന്നതിന് നിയമപരമായ അനുമതി നൽകുന്നത് തത്ത്വപരമായി തെറ്റായതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതുമാണെന്ന് വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി.രോഗം, വാർധക്യം, വൈകല്യം തുടങ്ങിയ സാഹചര്യങ്ങളിൽ കഴിയുന്നവരെ സംരക്ഷിക്കുകയും അവർക്ക് ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുകയുമാണ് സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. ആത്മഹത്യ തടയുന്നതിനുള്ള സംരക്ഷണം സമൂഹത്തിലെ എല്ലാവർക്കും ഒരുപോലെ ലഭ്യമാകണമെന്നും സഭ ആവശ്യപ്പെട്ടു.
