വാഷിങ്ടൺ: യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും ബിഗ് സ്ക്രീനിൽ. 2004-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ 4K പതിപ്പാണ് ഡോൾബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയുടെ മികവോടെ യുഎസിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.
സെപ്റ്റംബർ 10 മുതൽ 17 വരെയാണ് പ്രത്യേക പ്രദർശനം.യേശുവിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകൾ തീവ്രമായ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിച്ച ചിത്രം റിലീസ് ചെയ്ത കാലത്ത് വൻ ജനശ്രദ്ധ നേടിയിരുന്നു. ജിം കാവിസെൽ യേശുക്രിസ്തുവായി വേഷമിട്ട ചിത്രത്തിന് ആഗോളതലത്തിൽ വലിയ സാമ്പത്തിക വിജയവും ലഭിച്ചു. വിശ്വാസികളിലും അല്ലാത്തവരിലും ഒരുപോലെ ചർച്ചകൾക്കും ആത്മീയ ചിന്തകൾക്കും വഴിതെളിച്ച സിനിമയായിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’.സംവിധായകൻ മെൽ ഗിബ്സൺ ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ 2027 മേയ് 6-ന് റിലീസ് ചെയ്യാനിരിക്കെയാണ് ആദ്യ ഭാഗം നവീന സാങ്കേതിക മികവോടെ വീണ്ടും പ്രദർശിപ്പിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തിരശ്ശീലയ്ക്ക് പിന്നിലെ ദൃശ്യങ്ങളും പുനഃപ്രദർശനത്തിന്റെ ഭാഗമായി പ്രേക്ഷകർക്ക് കാണാനാകും.യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ത്യാഗത്തിന്റെയും കഥ പുതുമയാർന്ന ദൃശ്യ-ശ്രാവ്യ അനുഭവത്തിലൂടെ വീണ്ടും പ്രേക്ഷകരിലെത്തുമ്പോൾ പുതിയ തലമുറയിലും ചിത്രം വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ.

