റോം: സുവിശേഷവത്ക്കരണത്തിന്റെ പുതിയ ഘട്ടത്തിൽ പ്രാദേശിക സഭകളുമായി സഹകരിച്ചും അവയുടെ ദൗത്യങ്ങളെ പിന്തുണച്ചും മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ.
നവമെത്രാന്മാരുമായി റോമിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം സഭയുടെ സുവിശേഷ ദൗത്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ വിശദീകരിച്ചത്.സെപ്റ്റംബർ 3-ന് റോമിലെ വിശുദ്ധ പത്രോസിന്റെ നാമത്തിലുള്ള പൊന്തിഫിക്കൽ കോളജിൽ നടന്ന സമ്മേളനത്തിൽ, പ്രാദേശിക സഭകളുടെ സ്വയംഭരണാധികാരത്തെ ആദരിച്ചുകൊണ്ട് അവയ്ക്ക് ആവശ്യമായ പിന്തുണ നൽകുകയാണ് ഡിക്കസ്റ്ററിയുടെ പ്രധാന ദൗത്യമെന്ന് കർദിനാൾ വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച പ്രെദിക്കാത്തെ ഏവഞ്ചേലിയും എന്ന അപ്പസ്തോലിക ഭരണഘടന സുവിശേഷ പ്രഘോഷണത്തിന് സഭയുടെ ഭരണസംവിധാനത്തിൽ നൽകുന്ന പ്രഥമ പരിഗണനയും അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും, കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ചയുണ്ടായതായി കർദിനാൾ പറഞ്ഞു.
2024 മുതൽ 2026 വരെയുള്ള കാലയളവിൽ മിഷൻ പ്രദേശങ്ങളിൽ പത്ത് പുതിയ രൂപതകൾ സ്ഥാപിക്കപ്പെട്ടതും അദ്ദേഹം പരാമർശിച്ചു. അതേസമയം, നിരവധി പ്രദേശങ്ങളിൽ ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇപ്പോഴും അടിയന്തരമായി ആവശ്യമായ സാഹചര്യത്തിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.മിഷൻ പ്രദേശങ്ങളിലെ സഭയുടെ വളർച്ചയ്ക്ക് വൈദികരുടെയും മതബോധകരുടെയും മികച്ച പരിശീലനം നിർണായകമാണെന്നും കർദിനാൾ താഗ്ലെ വ്യക്തമാക്കി. സെമിനാരി പരിശീലനം, റോമിലെ പൊന്തിഫിക്കൽ കോളജുകളിലൂടെയുള്ള പഠനസഹായങ്ങൾ, ഉർബാനിയാൻ സർവകലാശാലയുടെ മിഷൻ കേന്ദ്രീകൃത പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രതിവർഷം 200-ലധികം പുതിയ വിദ്യാർഥികൾക്ക് റോമിൽ പഠിക്കുന്നതിനായി സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.പുതിയ മെത്രാന്മാർ പ്രാദേശിക സഭകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, പരസ്പര സഹകരണത്തിലൂടെ സുവിശേഷ ദൗത്യം ശക്തിപ്പെടുത്തണമെന്നും കർദിനാൾ താഗ്ലെ ആഹ്വാനം ചെയ്തു.
