കൊച്ചി: വരാപ്പുഴ അതിരൂപത 150-ാം ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് ഇന്ന് ഔപചാരിക തുടക്കമാകും. അതിരൂപതയായി ഉയർത്തപ്പെട്ടതിന്റെ 140-ാം വാർഷികം പൂർത്തിയാക്കുന്ന വേളയിലാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ദിവ്യബലിയും ജൂബിലി പതാക ഉയർത്തൽ ചടങ്ങും നടക്കും. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.
അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ഇന്ന് ജൂബിലി പതാക ഉയർത്തും.2036-ൽ 150 വർഷം പൂർത്തിയാക്കുന്ന വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രത്തിലെ നിർണായക സംഭവമായ ഉദയംപേരൂർ സൂനഹദോസ് 1599-ലാണ് നടന്നത്. ഗോവ ആർച്ച്ബിഷപ്പ് അലക്സിസ് മെനസിസിന്റെ നേതൃത്വത്തിൽ നടന്ന സൂനഹദോസിൽ മലബാർ സഭയിലെ 133 വൈദികരും 20 ഡീക്കന്മാരും 660 അല്മായ പ്രതിനിധികളും പങ്കെടുത്തു. കേരളത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും സൂനഹദോസിൽ സംബന്ധിച്ചിരുന്നു.പിന്നീട് 1653-ലെ മട്ടാഞ്ചേരി ഭിന്നിപ്പും തുടർന്നുണ്ടായ ശീശ്മയും മലബാർ സഭയിൽ വലിയ പ്രതിസന്ധിക്ക് കാരണമായി. സഭയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനായി അലക്സാണ്ടർ ഏഴാമൻ പാപ്പ 1657-ൽ അപ്പസ്തോലിക സംഘങ്ങളെ മലബാറിലേക്ക് അയച്ചു. ഫാ. ജോസഫ് സെബസ്ത്യാനി ഒസിഡിയുടെ നേതൃത്വത്തിലുള്ള സംഘം കരമാർഗവും ഫാ. ഹൈസിന്ത് ഒസിഡിയുടെ നേതൃത്വത്തിലുള്ള സംഘം പോർച്ചുഗൽ വഴി കടൽമാർഗവും മലബാറിലെത്തി.ഫാ. ജോസഫ് സെബസ്ത്യാനിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ദേവാലയങ്ങൾ സന്ദർശിക്കുകയും സഭയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്തു. കത്തോലിക്കാ വിശ്വാസ കൂട്ടായ്മയിലേക്ക് നിരവധി വിശ്വാസികളെ തിരിച്ചുകൊണ്ടുവരുന്നതിലും സംഘം നിർണായക പങ്കുവഹിച്ചു. 1658-ൽ റോമിൽ തിരിച്ചെത്തിയ ഫാ. ജോസഫ് സെബസ്ത്യാനിയെ മെത്രാനായി അഭിഷേകം ചെയ്ത് മലബാറിലെ കത്തോലിക്കാ സഭയുടെ ഭരണസംവിധാനം പുനഃസംഘടിപ്പിച്ചു.
പിന്നീട് മലബാർ വികാരിയത്തിന്റെ ആസ്ഥാനം വരാപ്പുഴയിലേക്ക് മാറ്റി. 1709-ൽ ഇത് വരാപ്പുഴ വികാരിയാത്ത് എന്ന പേരിൽ അറിയപ്പെട്ടു. തുടർന്ന് 1886-ൽ വരാപ്പുഴ വികാരിയാത്ത് അതിരൂപതയായി ഉയർത്തപ്പെട്ടു. ഈ ചരിത്രപാരമ്പര്യത്തിന്റെ 140-ാം വാർഷികത്തിലാണ് 150-ാം ജൂബിലിയിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ജൂബിലി വർഷത്തിൽ വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.

