പ്രൊഫ. ഷാജി ജോസഫ്
I Was a stranger (Jordan/103’/2024)
Director: Brandt Andersen
യുദ്ധവും അശാന്തിയും മൂലം തകർക്കപ്പെട്ട നാടുകളിൽനിന്ന് ജീവൻ മാത്രം കൈയിലെടുത്ത് പലായനം ചെയ്യുന്ന മനുഷ്യരുടെ നിലവിളികൾ ആധുനിക ലോകത്തിന് വെറുമൊരു വാർത്ത മാത്രമായി മാറാറുണ്ട്. എന്നാൽ ആ വാർത്തകൾക്ക് പിന്നിലെ മനുഷ്യരുടെ ഹൃദയമിടിപ്പും കണ്ണീരും അതിജീവന പോരാട്ടങ്ങളും ലോകത്തിന് മുന്നിൽ പച്ചയായി തുറന്നുകാട്ടുന്ന ചലച്ചിത്രമാണ് ബ്രാൻഡ് ആൻഡേഴ്സൺ (Brandt Andersen) രചനയും സംവിധാനവും നിർവ്വഹിച്ച ‘ഐ വാസ് എ സ്ട്രേഞ്ചർ’. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വൻ സ്വീകാര്യത നേടിയ ഈ ചിത്രം, അഭയാർത്ഥി പ്രതിസന്ധിയുടെയും അതിർത്തികൾക്കപ്പുറമുള്ള മാനുഷിക മൂല്യങ്ങളുടെയും ആഴമേറിയ അടരുകളിലേക്ക് ക്യാമറ തിരിക്കുന്നു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള, പരസ്പരം അറിയാത്ത അഞ്ച് വ്യക്തികളുടെ ജീവിതം ഒരൊറ്റ രാത്രിയിൽ കടലിൽ വെച്ച് എങ്ങനെ കൂടിച്ചേരുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. അഞ്ച് അധ്യായങ്ങളായാണ് (Chapters) ഈ സിനിമയുടെ കഥ പറഞ്ഞുപോകുന്നത്. ഒരൊറ്റ സംഭവത്തെ അഞ്ച് വ്യത്യസ്ത വ്യക്തികളുടെ കാഴ്ചപ്പാടിലൂടെ അഞ്ച് അധ്യായങ്ങളായി (‘The Doctor’, ‘The Soldier’, ‘The Smuggler’, ‘The Poet’, ‘The Captain’) അവതരിപ്പിക്കുന്ന ആഖ്യാന ശൈലിയാണ് സംവിധായകൻ ഇതിൽ സ്വീകരിച്ചിരിക്കുന്നത്.കഥ തുടങ്ങുന്നത് സിറിയയിലെ അലെപ്പോ (Aleppo) നഗരത്തിലാണ്. ഡോക്ടർ അമീറ ഹോംസി (യാസ്മിൻ അൽ മസ്രി) അവിടെയുള്ള ഒരു ഹോസ്പിറ്റലിൽ പീഡിയാട്രിക് റേഡിയോളജിസ്റ്റായി ജോലി ചെയ്യുകയാണ്. ആഭ്യന്തരയുദ്ധത്താൽ തകർന്ന നഗരത്തിലെ ആശുപത്രിയിൽ രാപ്പകലില്ലാതെ പരിക്കേറ്റവരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ, വിമതരെയും സർക്കാർ പട്ടാളക്കാരെയും ഒരേപോലെ ചികിത്സിക്കുന്ന മാനവികതയുള്ള അമീറയ്ക്ക്, ഒരു അപ്രതീക്ഷിത വ്യോമാക്രമണത്തിൽ സ്വന്തം കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെടുന്നു. ജീവനോടെ അവശേഷിച്ച തന്റെ പിഞ്ചുമകൾ റാഷയുമൊത്ത് നാടുവിടാൻ അവർ നിർബന്ധിതയാകുകയാണ്.അമീറയുടെ യാത്ര ചെന്നെത്തുന്നത് ക്രൂരമായ ഉത്തരവുകൾ നടപ്പിലാക്കാൻ നിർബന്ധിതനായ പട്ടാളക്കാരൻ മുസ്തഫ (യാഹ്യ മഹയ്നി) എന്ന സിറിയൻ സൈനികന്റെ മുന്നിലാണ്. ഭരണകൂടത്തോട് കടുത്ത വിശ്വസ്തത പുലർത്തുന്ന ആളാണ് അവൻ. എന്നാൽ തന്റെ മേലുദ്യോഗസ്ഥൻ, രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഒരു ചെറിയ കുട്ടിയെയടക്കം നിരപരാധികളായ ആളുകളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുമ്പോൾ മുസ്തഫയുടെ മനസ്സാക്ഷി ഉണരുന്നു. ക്രൂരമായ ഉത്തരവുകൾ അനുസരിക്കാൻ വിസമ്മതിക്കുന്നതോടെ അവൻ സ്വന്തം സൈന്യത്തിന്റെ ശത്രുവായി മാറുന്നു. ജീവൻ പണയപ്പെടുത്തിയും അയാൾ അമീറയെയും കുഞ്ഞിനെയും രക്ഷപ്പെടാൻ സഹായിക്കുന്നു.തുർക്കി തീരത്തുനിന്ന് അഭയാർത്ഥികളെ നിയമവിരുദ്ധമായി, അതീവ അപകടകരമായി ചെറുബോട്ടുകളിൽ കയറ്റി അയക്കുന്ന മർവാൻ (ഒമർ സൈ) എന്ന മനുഷ്യക്കടത്തുകാരനാണ് അടുത്ത കഥാപാത്രം. അയാൾക്ക് രണ്ട് മുഖങ്ങളുണ്ട്, വീട്ടിൽ അയാൾ രോഗിയായ തന്റെ മകനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു നല്ല അച്ഛനാണ്. എന്നാൽ പുറത്ത്, ഗ്രീസിലേക്ക് കടക്കാൻ ശ്രമിക്കുന്ന പാവപ്പെട്ട അഭയാർത്ഥികളുടെ ഗതികേട് മുതലെടുത്ത് വലിയ തുക വാങ്ങുന്ന ക്രൂരനായ ഒരു കടത്തുകാരനാണ്. കച്ചവടത്തിൽ കരുണയില്ലാത്ത അയാൾക്ക് അതിജീവനത്തിനായി പണം നൽകി ബോട്ടിൽ കയറുന്നവരിൽ അമീറയും കുഞ്ഞുമുണ്ട്.സ്വന്തം കുടുംബത്തെ സുരക്ഷിത താവളത്തിലെത്തിക്കാൻ പോരാടുന്ന ഫത്ഹി (സിയാദ് ബക്രി) എന്ന കവിയും ഈ യാത്രയിൽ അവർക്കൊപ്പമുണ്ട്. തുർക്കിയിലെ ഒരു അഭയാർത്ഥി ക്യാമ്പിലെ ദുസ്സഹമായ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ ഫത്ഹിയും കുടുംബവും വലിയ തുക നൽകി മാർവാനെ സമീപിക്കുന്നു. ബോട്ടിലെ ഭയാനകമായ തിക്കും തിരക്കും, പരിമിതമായ ലൈഫ് ജാക്കറ്റുകളും ആളുകൾക്കിടയിൽ ജീവന്മരണ പോരാട്ടം സൃഷ്ടിക്കുമ്പോൾ, ഫത്ഹിയും കുടുംബവും നേരിടുന്ന സംഘർഷങ്ങൾ പ്രേക്ഷകരുടെ നെഞ്ചുലയ്ക്കുന്നു.മെഡിറ്ററേനിയൻ കടലിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഗ്രീക്ക് കോസ്റ്റ് ഗാർഡ് ക്യാപ്റ്റനായ സ്റ്റാവ്റോസ് ആണ് അവസാന കഥാപാത്രം. കടൽ മാർഗ്ഗം വരുന്ന ആയിരക്കണക്കിന് അഭയാർത്ഥികളുടെ ജീവൻ രക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. എങ്കിലും തനിക്ക് രക്ഷിക്കാൻ കഴിയാതെ പോയ മനുഷ്യരുടെ ഓർമ്മകൾ അയാളെ വേട്ടയാടുന്നുണ്ട്. ആ കറുത്ത, കൊടുങ്കാറ്റുള്ള രാത്രിയിൽ മുൻ അധ്യായങ്ങളിലെ കഥാപാത്രങ്ങളെല്ലാം സഞ്ചരിക്കുന്ന ബോട്ട് അപകടത്തിൽപ്പെടുമ്പോൾ അവരെ രക്ഷിക്കാനായി സ്റ്റാവ്റോസും സംഘവും കടലിലേക്ക് തിരിക്കുന്നു. രാത്രിയിലെ പ്രക്ഷുബ്ധമായ കടലിൽ ജീവനും മരണത്തിനുമിടയിൽ മുങ്ങിത്താഴുന്ന അഭയാർത്ഥി ബോട്ടിനെ കണ്ടെത്താനും അവരെ രക്ഷിക്കാനും അയാളും സംഘവും നടത്തുന്ന ശ്രമങ്ങൾ ഉദ്വേഗത്തിന്റെ കൊടുമുടിയിലെത്തുന്നു. സിനിമയുടെ അവസാന ഭാഗത്ത് കനത്ത കൊടുങ്കാറ്റിലും തിരമാലകളിലും പെട്ട് അഭയാർത്ഥികളുടെ ബോട്ട് തകരുന്നു. കുട്ടികളടക്കം പലരും കടലിൽ വീഴുന്നു. മുൻപ് പരിചയമില്ലാതിരുന്ന ഈ അഞ്ച് മനുഷ്യരും ജീവനുവേണ്ടി ഒരേ സമയം കടലിൽ പോരാടുകയാണ്. ഭയവും നഷ്ടങ്ങളും മനുഷ്യത്വവും അവരെ അവിടെ ഒന്നിച്ചു ചേർക്കുന്നു. വർഷങ്ങൾക്ക് ശേഷം ചിക്കാഗോയിലെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന അമീറയിലൂടെയാണ് സിനിമ പൂർത്തിയാകുന്നത്. തങ്ങൾ ഇന്ന് കാണുന്ന അഭയാർത്ഥികൾ വെറും അന്യരല്ല, മറിച്ച് നമ്മളെപ്പോലെ തന്നെ ജീവിക്കാൻ കൊതിക്കുന്ന മനുഷ്യരാണെന്ന വലിയൊരു സന്ദേശമാണ് സിനിമ നൽകുന്നത്. അമീറയായി വേഷമിട്ട യാസ്മിൻ അൽ മസ്രിയുടെ പ്രകടനം അതിഗംഭീരമാണ്. ഒരു അമ്മയുടെ നിസ്സഹായാവസ്ഥയും ഡോക്ടറുടെ സ്ഥൈര്യവും ഒരേസമയം അവരുടെ ഭാവങ്ങളിൽ മിന്നിമറയുന്നു. ബഹുമുഖ സ്വഭാവമുള്ള കടത്തുകാരനായി ഒമർ സൈയും, ആന്തരിക സംഘർഷങ്ങൾ പേറുന്ന സൈനികനായി യാഹ്യ മഹയ്നിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമ ഭൂരിഭാഗവും ഹാൻഡ്-ഹെൽഡ് (Handheld) ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് കഥാപാത്രങ്ങളുടെ അരക്ഷിതാവസ്ഥയും യുദ്ധഭൂമിയിലെ അനിശ്ചിതത്വവും നേരിട്ടനുഭവിക്കാൻ സഹായിക്കുന്നു. അലെപ്പോയിലെ ബോംബാക്രമണ ദൃശ്യങ്ങളും മെഡിറ്ററേനിയൻ കടലിലെ ഭീതിജനകമായ രാത്രി രംഗങ്ങളും ഉത്കണ്ഠ നിറയ്ക്കുന്ന ശബ്ദ വിന്യാസത്തോടെയാണ് സ്ക്രീനിലെത്തുന്നത്.ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള, ആംനസ്റ്റി ഇന്റർനാഷണൽ ഫിലിം അവാർഡ് മേള അടക്കം ഈ ചിത്രം നാൽപ്പതിലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.ഈ സിനിമ മനുഷ്യത്വത്തിന്റെ വലിയൊരു ഓർമ്മപ്പെടുത്തലാണ്. ഒരു മനുഷ്യനും സ്വന്തം ഇഷ്ടപ്രകാരം അഭയാർത്ഥിയാകുന്നില്ലെന്നും, അതിർത്തികളും രാഷ്ട്രീയവും ഭിന്നിപ്പിക്കുന്ന മനുഷ്യരെ ഒന്നിപ്പിക്കുന്നത് സ്നേഹവും കാരുണ്യവുമാണെന്ന് അടിവരയിടുന്നു, അതിരുകൾ മായ്ക്കുന്ന മാനവികതയുടെ നേർക്കാഴ്ചയായ ഈ സിനിമ. മാധ്യമ വാർത്തകളിലെ സ്ഥിതിവിവരക്കണക്കുകൾക്കപ്പുറം, ഓരോ അഭയാർത്ഥിക്കും പിന്നിൽ പറയാൻ ബാക്കിവെച്ച കണ്ണീരിന്റെയും സ്നേഹത്തിന്റെയും വലിയൊരു കഥയുണ്ടെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.

