റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍
സമ്പത്ത് എല്ലാം പൊതുവായിരുന്നു. ന്യായമായ രീതിയിലുള്ള സ്വത്തവകാശം വിലക്കിയിരുന്നില്ല. എല്ലാ ദിവസവും ജോലി, വിശ്രമം, വിനോദം, എല്ലാം മതാത്മകമായി ക്രമീകരിച്ചിരുന്നു. ഈ ”ഈശോസഭാ രാജ്യങ്ങള്‍” ക്രൈസ്തവ മൂല്യങ്ങളിലും സംസ്കാരത്തിലും വളരാന്‍ ജനതയെ പഠിപ്പിച്ചു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്കന്‍ സന്ന്യാസിയായ ജൂനിപെറോ സേറാ ഇതേ മാതൃകയില്‍ പ്രവര്‍ത്തനം തുടരുകയും വിജയിക്കുകയും ചെയ്തു.
അമേരിക്കയിലുണ്ടായിരുന്ന സുവിശേഷപ്രഘോഷണം പതിനാറാം നൂറ്റാണ്ടില്‍ ഏകദേശം നിലച്ച നിലയിലായിരുന്നു. എന്നാല്‍ പതിനാറാം നൂറ്റാണ്ടിലെ പുതിയ കണ്ടുപിടിത്തങ്ങള്‍ സുവിശേഷ പ്രചാരണത്തിന് പുതിയൊരു നില നല്കി. ക്രിസ്റ്റഫര്‍ കൊളംബസ് 1492-ല്‍ അമേരിക്ക കണ്ടെത്തിയതും 1500-ല്‍ പോര്‍ട്ടുഗീസുകാരനായ കബ്രാള്‍ ബ്രസീലില്‍ എത്തുകയും വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തുകയും ഫെര്‍ഡിനാന്റ് മെഗല്ലന്‍ ലോകം മുഴുവന്‍ ചുറ്റി വരാന്‍ ആരംഭിക്കുകയും ചെയ്തതു (1519 – 1522) മെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ സുവിശേഷവത്കരണത്തിന് ഉപകരിച്ചു.1622 ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പാ (1621 – 1623) സുവിശേഷപ്രഘോഷണത്തിനുവേണ്ടി പ്രൊപ്പഗാന്ത ഫീദേ എന്ന പേരില്‍ റോമില്‍ ഒരു കോണ്ഗ്രിഗേഷന് ആരംഭിച്ചു. ആഗോളവ്യാപകമായി സുവിശേഷ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇതിലൂടെ സഭയ്ക്ക് സാധിച്ചു. 1627-ല്‍ ഉര്‍ബന്‍ എട്ടാമന് പാപ്പ (1623 – 1644) മിഷന്പ്രദേശങ്ങളിലേക്ക് ആവശ്യത്തിന് മിഷണറിമാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോളജ് റോമില്‍ സ്ഥാപിച്ചു. ഈ രണ്ടു നടപടികളും സുവിശേഷപ്രചാരണത്തിന് പുത്തന്‍ ഉണര്‍വും ഊര്‍ജവും നല്കി.റോമന്‍ കൂരിയ 1493-1494-കളില്‍ അംഗീകരിച്ചിരുന്നതു സംബന്ധിച്ച് പാശ്ചാത്യ നാടുകളുടെ സുവിശേഷവത്കരണത്തിന് ഉത്തരവാദിത്വം സ്പെയിനും പോര്‍ച്ചുഗലും ഏറ്റെടുത്തു. 1493-ലെ കൊളംബസിന്റെ രണ്ടാമത്തെ യാത്രയില്‍ പന്ത്രണ്ട് മിഷണറിമാരും അദ്ദേഹത്തെ അനുഗമിച്ചു. 1511-ല്‍ വെസ്റ്റ്ഇന്‍ഡീസില്‍ (ക്യൂബ, ഹിസ്പാനിയോള) രൂപതകള്‍ സ്ഥാപിക്കപ്പെട്ടു. അധികം താമസിയാതെ വിശ്വാസം ന്യൂ സ്പെയിനിലേക്കും (മെക്സിക്കോ) പ്രചരിപ്പിക്കപ്പെട്ടു.1523-മുതല്‍ ഫ്രാന്‍സിസ്കന്‍ സന്ന്യാസികള്‍ മെക്സിക്കോയില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് തെക്കെ അമേരിക്കയില്‍ ചിലിയും പ്രത്യക്ഷമായി വെനസ്വേല, കൊളംബിയ, പെറു, ഇക്വഡോര്‍, ചിലി തുടങ്ങിയ പ്രദേശങ്ങളിലേക്കും വിശ്വാസം വ്യാപിച്ചു. തുടര്‍ന്ന് പരാഗ്വേ, ഉറുഗ്വേ, അര്‍ജന്റീന, പോര്‍ട്ടുഗീസ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും സുവിശേഷം എത്തി. ആദ്യകാലങ്ങളില്‍ ചില നിര്‍ബന്ധിത മാനസാന്തരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ജനങ്ങള്‍ വിശ്വാസത്തിലേക്ക് താത്പര്യത്തോടെ വരികയും ലക്ഷക്കണക്കിന് പേര് ക്രൈസ്തവരായിത്തീരുകയും ചെയ്തു.
1610ല്‍ തെക്കേ അമേരിക്കയില്‍ അഞ്ച് അതിരൂപതകളും 27 രൂപതകളും 400 അജപാലകകേന്ദ്രങ്ങളുമുണ്ടായിരുന്നുവെന്നത് ഈ നാടുകളുടെ വിശ്വാസവളര്‍ച്ചയ്ക്കു തെളിവാണ്.വടക്കേ അമേരിക്കയില്‍ വിവിധ സന്ന്യാസസമൂഹങ്ങള്‍ മെക്സിക്കോയ്ക്ക് താമസിച്ചുകൊണ്ട് ഫ്ളോറിഡാ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും സുവിശേഷം അറിയിച്ചു. 1615-ല്‍ ഫ്രാന്സിസ്കന്സും 1625-ല്‍ ഈശോസഭാ വൈദികരും ഹ്യൂറോണ്‍ ഗോത്രങ്ങളുടെയിടയിലും കാനഡയിലെ ഇന്ത്യന്‍ ഗോത്രങ്ങളുടെ ഇടയിലും തീക്ഷ്ണതയോടെ പ്രേഷിതപ്രവര്‍ത്തനത്തില്‍ മുഴുകി. 1646-1649 കാലഘട്ടങ്ങളില്‍ ഈശോസഭാംഗങ്ങളായ എട്ട് മിഷണറിമാരാണ് വടക്കേ അമേരിക്കയിലെ ഇറോക്വോയിസ് വംശജരാല്‍ രക്തസാക്ഷികളായത്. 1658-ല്‍ കാനഡയില്‍ ഒരു വികാരിയാത്തും 1674-ല്‍ ക്യൂബെക്ക് രൂപതയും സ്ഥാപിക്കപ്പെട്ടു.പരഗ്വായിലും അയല്‍രാജ്യങ്ങളിലുമായി നടന്ന പ്രേഷിതപ്രവര്‍ത്തനം ഏറെ പ്രത്യേകതയുള്ളതാണ്. 1609-നു ശേഷം ക്രൈസ്തവരായ ഇന്ത്യന്‍സിനെ (ആദിവാസികളായ ഗോത്രവര്‍ഗം) മാത്രമായി സ്പെയിന് ഭരണകൂടത്തിന്റെ അനുമതിയോടെ പ്രത്യേകം സെറ്റില്മെന്റുകളിലാക്കി. ഇത് ഇന്ത്യക്കാരെ ചൂഷണം ചെയ്യപ്പെടുന്നതില്‍നിന്ന് രക്ഷിക്കാനായിരുന്നു. ഒന്നരലക്ഷത്തോളം ആളുകള്‍ ഉള്‍ക്കൊള്ളുന്ന 30 സെറ്റില്മെന്റുകളിലാണു താമസിച്ചിരുന്നത്. ഇവിടെ സഭാപരവും സിവില്‍പരവുമായ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം കൊടുത്തിരുന്നത് ഈശോസഭാ മിഷണറിമാരാണ്.അവിടെ കൃഷി, വ്യാപാരം, കലകള്‍ തുടങ്ങിയവ അഭ്യസിച്ചിരുന്നു. അനേകം പേര് മാനസാന്തരപ്പെട്ട് വിശ്വാസം സ്വീകരിച്ചു. സമ്പത്ത് എല്ലാം പൊതുവായിരുന്നു. ന്യായമായ രീതിയിലുള്ള സ്വത്തവകാശം വിലക്കിയിരുന്നില്ല. എല്ലാ ദിവസവും ജോലി, വിശ്രമം, വിനോദം, എല്ലാം മതാത്മകമായി ക്രമീകരിച്ചിരുന്നു. ഈ ”ഈശോസഭാ രാജ്യങ്ങള്‍” ക്രൈസ്തവ മൂല്യങ്ങളിലും സംസ്കാരത്തിലും വളരാന്‍ ജനതയെ പഠിപ്പിച്ചു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്കന്‍ സന്ന്യാസിയായ ജൂനിപെറോ സേറാ ഇതേ മാതൃകയില്‍ പ്രവര്‍ത്തനം തുടരുകയും വിജയിക്കുകയും ചെയ്തു.
(‘റോമന്‍ കത്തോലിക്ക പൈതൃകം’ എന്ന പുസ്തകത്തില്‍ നിന്ന്)

